ആലപ്പുഴ: കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തി. ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ അയാൾ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്ന് ഇൻഷുറൻസ്പണമായി മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം. അതു നടന്നില്ല. പൊലീസ് അന്വേഷണം ഈ നീക്കം പൊളിച്ചു. എന്നാൽ സുകുമാരക്കുറുപ്പിനെ ഇനിയും കണ്ടെത്താനായില്ല. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് തിയേറ്ററിലും ഹിറ്റായി. ഇതിനൊപ്പം 2021ൽ ആലപ്പുഴയക്ക് മറ്റൊരു സുകുമാരക്കുറപ്പിനെ കിട്ടുകയാണ്. ഇവിടെ പ്രതി ആണല്ല. പെണ്ണാണ്ട. സെസി സേവ്യർ.

അഭിഭാഷക ചമഞ്ഞ് പ്രവർത്തിച്ചിരുന്ന സെസി സേവ്യറിനെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ കോടതിയിൽ ഇവർ വ്യാജ അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു. നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. എന്നാൽ, നാളുകളായി ഒളിവിലായ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചു. കീഴടങ്ങാനും ആവശ്യപ്പെട്ടു. എന്നിട്ടും അവർ പിടി കൊടുത്തില്ല. ഇതിനെത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ആർക്കും സെസി സേവ്യറിനെ കുറിച്ച് അറിയില്ല. ഇവരെ പിടികൂടാനാകൂമോ എന്ന് പൊലീസിനും സംശയമാണ്. ഈ കേസിന്റെ ഒരു ഘട്ടത്തിൽ ആലപ്പുഴ കോടതിയിൽ നേരിട്ട് സെസി സേവ്യർ എത്തിയിരുന്നു. മുൻകൂർ ജാമ്യം നേടാനായിരുന്നു അത്. പക്ഷേ ജാമ്യമില്ലാ വകുപ്പുകൾ ഉണ്ടെന്ന് അറിഞ്ഞ് അവർ പൊലീസിന് മുന്നിലൂടെ നടന്ന് കാറിൽ അപ്രത്യക്ഷയായി. അതിന് ശേഷം ആർക്കും ഒരു വിവരവുമില്ല.

ഹൈക്കോടതിയിൽ തനിക്കെതിരെ വഞ്ചനാകുറ്റം നിലനിൽക്കിലെന്ന് സെസി സേവ്യർ വാദിച്ചു. മനഃപൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ല. സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ താൻ സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. അസോസിയേഷൻ അംഗമല്ലാതിരുന്നിട്ടും തന്റെ പത്രിക സ്വീകരിച്ചുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവർ ജയിച്ചിരുന്നു. അതിനു പുറമേ അഭിഭാഷക വേഷത്തിൽ ലീഗൽ സർവീസ് അഥോറിറ്റിയിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഇവർ അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണു വിവരം. യോഗ്യത ഇല്ലാത്ത ഒരാൾ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയിൽ വരുമെന്നാണു വിലയിരുത്തൽ. ഇത്ര ഗുരുതര കുറ്റം ചെയ്തിട്ടും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നത് വലിയ വിവാദമായിരുന്നു.

താനൊരിക്കലും അഡ്വക്കേറ്റായി മാറിയിരുന്നില്ലെന്ന വാദമാണ് ജാമ്യ ഹർജിയിൽ സെസി ഉയർത്തുന്നത്. എന്നാൽ തെറ്റാണെന്ന് ആലപ്പുഴയിലെ അഭിഭാഷകരും പറയുന്നു. ഫോട്ടോയും പൊലീസ് എഫ് ഐ ആറുമെല്ലാം തെളിവായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. താൻ മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസി സേവ്യർ വിശദീകരിക്കുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിയമ ബിരുദ കോഴ്സ് പൂർത്തിയാക്കാൻ ആയില്ല. ആലപ്പുഴ ബാർ അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പിൽ തന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതായി, മുൻകൂർ ജാമ്യാപേക്ഷയിൽ സെസി കോടതിയെ അറിയിച്ചു. എന്നാൽ ഇത് ശരിയല്ലെന്നാണ് മറുനാടന് ലഭിച്ച ഫോട്ടോകളിലും രേഖകളിലും വ്യക്തമാണ്. അഡ്വക്കേറ്റ് എന്ന പദവി സെസി ഉപയോഗിച്ചിരുന്നു.

നേരത്തെ സെസിക്കെതിരെ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ രാമങ്കരിയിലെ ഇവരുടെ അയൽവാസികളും നാട്ടുകാരും പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. ഇവർ നാട്ടുകാർക്ക് സ്ഥിരം തലവേദനയായിരുന്നു. അഭിഭാഷകയായി ജോലിക്ക് പ്രവേശിച്ചതുമുതൽ അയൽവാസികൾക്കും നാട്ടുകാർക്കുമെതിരെ സ്ഥിരമായി കോടതിയിൽ കേസ് ഫയൽ ചെയ്ത് അവരെ ബുദ്ധിമുട്ടിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന വിനോദം. ഇവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് വ്യാജ അഭിഭാഷകയായി പ്രവർത്തിച്ചതിന് പൊലീസ് കേസെടുത്തിരിക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. അതുകൊണ്ട് തന്നെ നാട്ടുകാരും സെസി സേവ്യറെ അന്വേഷിച്ച് നടപ്പാണ്.

എൽഎൽബി പാസാകാതെ അഭിഭാഷകയായി വിലസിയ സെസി സേവ്യർ ഇന്ന് ആലപ്പുഴയിലെ കോടതിയിൽ എത്തിയത് തീർത്തും നാടകീയമായിട്ടായിരുന്നു. ജൂലൈ മാസ്തതിലായിരുന്നു ആ സംഭവം. രാവിലെ പതിനൊന്നര മണിയോടെയാണ് സെസി സേവ്യർ കാറിൽ കോടതിയിൽ കീഴടങ്ങാൻ എത്തിയത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ കോടതിയിലാണ് ഇവർ എത്തിയത്. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയ വിവരം സെസിയും അറിഞ്ഞിരുന്നില്ല. കോടതിയിൽ എത്തിയ ഇവർ വക്കീലിനൊപ്പം ഹാജരായി. കേസ്പരിഗണിച്ച ജഡ്ജി ഈകോടതിയിൽ അല്ല അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് അറിയിക്കുകയായിരുന്നു. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത് എന്നാണ് ജഡ്ജി പറഞ്ഞത്. ഇതോടെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ വിവരം സെസി മനസിലാക്കിയത്.

കോടതി ഇക്കാര്യം വ്യക്തമാക്കിയതോടെ തനിക്ക് ജാമ്യം കിട്ടാൻ വഴിയില്ലെന്ന് സെസി മനസ്സിലാക്കി. ഇതോടെ കൂളായി തന്നെ കോടതിയിൽ നിന്നും ഇറങ്ങി. ഈ സമയം കോടതിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചോദിച്ചു. എന്നാൽ പരിഭ്രമിച്ചു പോയ പൊലീസുകാരന് എന്തു ചെയ്യണമെന്ന് പോലും ചിന്തിക്കും മുമ്പ് സെസി കാറിൽ കയറിയിരുന്നു. അഭിഭാഷകർക്കൊപ്പം കാറോടിച്ചു പോകുകയായിരുന്നു ഇവർ. ആലപ്പുഴയിലെ അഭിഭാഷകനോടൊപ്പമാണ് സെസി എത്തിയത്. പിന്നീടാരും സെസിയെ കണ്ടിട്ടില്ല. ഫോൺ കേന്ദീകരിച്ചുള്ള പരിശോധനകളും ഫലം കണ്ടില്ല.

സെസി സേവ്യറിന് പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യാൻ അവസരം വാങ്ങിക്കൊടുത്തത് ഒരു മുൻ എംഎൽഎ ആണെന്ന് വിവരമുണ്ട്. ഇവർ പരീക്ഷ പാസ്സാകാതെയാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് ചിലർക്ക് അറിയാമായിരുന്നു. പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകന്റെ ഓഫീസിലെ പ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നയാളായി മാറാൻ സെസിക്ക് താമസമുണ്ടായില്ല. സെസിയുടെ സാമ്പത്തിക വളർച്ചയിലും നാട്ടുകാർക്ക് സംശയമുണ്ട്. സാധാരണ കുടുംബത്തിലെ അംഗമാണ്. വളരെവേഗമാണ് ഉയർന്ന് സാമ്പത്തിക നിലയിലേക്ക് എത്തിയത്. ആലപ്പുഴ മുന്തിയ ബ്യൂട്ടീ പാർലറിലെ സ്ഥിരം സന്ദർശകയുമായിരുന്നു. ഏറെ ദുരൂഹത നിറഞ്ഞ ജീവിതമാണ് സെസിയുടേതെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടരവർഷം ജില്ലാക്കോടതിയെ ഉൾപ്പെടെ കബളിപ്പിച്ച ഇവർക്കു മുൻകൂർജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നു നിയമവിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. കേസിലെ വാദിഭാഗം ബാർ അസോസിയേഷനാണ്. കേസിന്റെ തെളിവുകൾ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാർ അസോസിയേഷൻ ഭാരവാഹികൾ ജില്ലാജഡ്ജിയെ ഉൾപ്പെടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. യുവതിയുടെ ചങ്ങനാശ്ശേരി സ്വദേശിയായ മുൻസുഹൃത്താണ് ഇവരുടെ തട്ടിപ്പു പുറത്താക്കിയതെന്നാണു സംശയിക്കുന്നത്. പരീക്ഷ പാസാകാതെയാണ് സെസി സേവ്യർ കോടതിയിൽ കോട്ടിട്ടുനടക്കുന്നതെന്ന് ഇയാൾ കത്തയക്കുകയായിരുന്നെന്നു പറയുന്നു. ഇവർതമ്മിൽ തെറ്റിയതാണു കാരണം. പേരുവെക്കാതെ നൽകിയ കത്ത്, ബാർ അസോസിയേഷൻ ഭാരവാഹികൾ നോർത്ത് പൊലീസിന് കൈമാറിയിരുന്നു.

വിശ്വാസ വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചാണ് പരാതി നൽകിയത്. രണ്ടരവർഷമായി സെസി സേവ്യർ കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്. ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന ഇവർ ബന്ധപ്പെട്ട രേഖകൾ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ സെസി സേവ്യറെ ബാർ അസോസിയേഷനിൽനിന്ന് പുറത്താക്കിയിരുന്നു.