ആലപ്പുഴ: വ്യാജരേഖ നൽകി അഭിഭാഷകവൃത്തി നടത്തിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ യുവതി, തനിക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റവും ചുമത്തിയെന്നറിഞ്ഞ് കോടതി പരിസരത്തുനിന്നു മുങ്ങിയത് പൊലീസ് സ്ഥലത്തുള്ളപ്പോൾ. കൈയിൽ കിട്ടിയിട്ടും സെസിയെ പിടിക്കാൻ പൊലീസ് ശ്രമിച്ചില്ല. ഡൽഹിയിലെ രാഷ്ട്രീയ നേതാവാണ് സെസിയെ കോടതിയിലേക്ക് വിട്ടത്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.

ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകന്റെ കീഴിൽ രണ്ട് വർഷം മുമ്പാണ് സെസ്സി ഇന്റൻഷിപ്പിനായി എത്തുന്നത്. എംഎൽഎയുടെ ശുപാർശയും ഉണ്ടായിരുന്നു. പഠനം പൂർത്തീകരിച്ചെന്ന് അറിയിച്ച സെസി ഇദ്ദേഹത്തിന്റെ കീഴിൽ തന്നെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തിരുന്നു .ഇതിനിടയിൽ ഇവർ ബാർ അസോസിയേഷനിലേക്ക് മത്സരിക്കുകയും അസോസിയേഷന്റെ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് ഇവരുടെ തട്ടിപ്പ് പിടികിട്ടിയത്. ഇതോടെ ബാർ അസോസിയേഷൻ പരാതി നൽകി. എന്നാൽ ഇവർ ഒളിവിൽ താമസിക്കുന്നതും ഒരു അഭിഭാഷകന്റെ സംരക്ഷണയിലാണെന്നാണ് സൂചന.

സെസി സേവ്യർകഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തിനു പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു. അഭിഭാഷകരുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യത്തിനായി ശ്രമവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് സെസിസേവ്യർ അതീവ രഹസ്യമായി കോടതിയിലെത്തിയത്. എന്നാൽ കോടതിയിലെത്തിയതോടെയാണ് തനിക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയ വിവരം സെസി അറിയുന്നത്. കോടതിയുടെ പിൻഭാഗത്ത് കിടങ്ങാംപറമ്പ് റോഡിലൂടെ മജിസ്‌ട്രേറ്റ് കോടതിയുടെ സമീപമെത്തിയത്. തിരിച്ചറിയുവാൻ കഴിയാത്ത വിധമായിരുന്നു വസ്ത്രധാരണമെന്നും, എന്നാൽ അടുത്ത ചില സുഹൃത്തുക്കളുമായി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സെസിയാണന്ന് മനസ്സിലായതെന്നും അഭിഭാഷകർ പറഞ്ഞു.

417,419 എന്നീ വകുപ്പുകൾ മാത്രമായിരുന്നു സെസിക്കെതിരെ നേരത്തെ പൊലീസ് ചുമത്തിയിരുന്നത്. കോടതി കേസ് വിളിച്ചപ്പോൾ വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നിവ സെസി നടത്തിയതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തുടർന്ന് സെസിജ ാമ്യപേക്ഷ പിൻവലിച്ച് അഭിഭാഷകരുടെ നിർദ്ദേശത്തെ തുടർന്ന് മുങ്ങുകയായിരുന്നു. സെസിയെ കണ്ടെത്താൻ പൊലീസ് അന്വോഷണം ശക്തമാക്കി. കോടതിയിൽ വച്ച് പൊലീസിന് സെസിയെ പിടിക്കാമായിരുന്നു. എന്നാൽ അതിന് പൊലീസ് ശ്രമിച്ചില്ല.

വ്യാജ അഭിഭാഷകയായ സെസി സേവ്യറിനായി ആലപ്പുഴ കോടതിയിലെ അഭിഭാഷകർ ഹാജരായതിൽ ബാർ അസോസിയേഷനിൽ ഭിന്നതയെന്നും റിപ്പോർട്ടുണ്ട്. രണ്ടര വർഷമായി ബാർ അസോസിയേഷനെ കബളിപ്പിക്കുകയും അസോസിയേഷൻ തന്നെ വാദിയാകുകയും ചെയ്യുന്ന കേസിൽ സെസിക്കായി ഹാജരായത് ആലപ്പുഴ കോടതിയിലെ തന്നെ അഭിഭാഷകാരാണ്. കേസിൽ പരാതിക്കാരൻ ബാർ അസോസിയേഷനാണ്. ഫ്രാൻസിസ് മംഗലത്തും, പിടി ബിന്ദു രാജും ഹാജരായ നടപടിയിൽ കടുത്ത എതിർപ്പുയർന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ ജാമ്യം ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ വീണ്ടും സെസി മുങ്ങി. ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം. കോടതിയുടെ പിന്നിലെ റോഡിൽ സ്റ്റാർട്ട് ചെയ്തുകിടന്ന കാറിൽ സെസി പോയതായി ദൃക്‌സാക്ഷികളായ അഭിഭാഷകർ പറഞ്ഞു.

പ്രതിക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി നോർത്ത് പൊലീസ് കേസെടുത്തിരുന്നു. പ്രതിക്കുവേണ്ടി നേരത്തേ നൽകിയ ജാമ്യാപേക്ഷ വേഗം പരിഗണിക്കാൻ അപേക്ഷ നൽകിയെങ്കിലും പിന്നീട് പരിഗണിക്കാൻ മാറ്റി. ഇതിനിടെ വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് കോടതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. ജാമ്യം കിട്ടാത്തതും 7 വർഷം വരെ തടവു ലഭിക്കാവുന്നതുമായ ഈ വകുപ്പ് ഉൾപ്പെടുത്തിയതോടെ കേസ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ അധികാര പരിധിയിലായി.

ഇക്കാര്യം അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൽ ഖാദർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അപേക്ഷ അവിടെ നൽകാൻ അഭിഭാഷകർക്കു നിർദ്ദേശം നൽകി. ?തുടർന്നു പുറത്തിറങ്ങിയ സെസി രക്ഷപ്പെടുകയായിരുന്നു. എൽഎൽബി ജയിക്കാതെ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ബാർ അസോസിയേഷനിൽ അംഗത്വം നേടിയ സെസി, ഏപ്രിലിൽ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർവാഹക സമിതി അംഗമായി. പിന്നീട് ലൈബ്രേറിയനുമായി. അംഗത്വം നേടാൻ നൽകിയ രേഖകൾ, ലൈബ്രേറിയനായിരിക്കെ ഇവർ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തതായും പരാതിയുണ്ട്. ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.