ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയിരുന്ന സെസി സേവിയറിന്റെ തട്ടിപ്പുകൾ പുറത്ത് വന്നത് മുൻ കാമുകന്റെ ഇടപെടലോടെയെന്ന് കോടതിയിൽ അടക്കം പറച്ചിൽ. ആലപ്പുഴയിൽ പുതിയ കാമുകനെ കിട്ടിയതോടെയാണ് പഴയ കാമുകൻ തെറ്റിയത്. തന്നെ വഞ്ചിച്ചുവെന്ന തിരിച്ചറിവിൽ സെസിയുടെ രഹസ്യങ്ങൾ പുറത്തു വിടുകയായിരുന്നു പഴയ കാമുകൻ. അതിനിടെ സെസിക്ക് ഇപ്പോൾ പിന്തുണ നൽകുന്നത് പ്രമുഖ സഭയുമായി ബന്ധമുള്ള അഭിഭാഷകനാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

തിരുവല്ലയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു. ആലപ്പുഴയിൽ പ്രാക്ടീസ് ആരംഭിച്ചതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലായി. പഴയ കാമുകനെ ഒഴിവാക്കി. ഇതിൽ പ്രകോപിതനായാണ് പഴയ കാമുകൻ കാര്യങ്ങളെല്ലാം പുറത്തറിയിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. സെസി സേവ്യറിനെ അറസ്റ്റു ചെയ്യാനാണ് പൊലീസ് തീരുമാനം.

ഇതിനൊപ്പം കാമുകന്റെ മൊഴിയും എടുക്കും. സെസിക്ക് മൂന്ന് പേപ്പറുകൾ കിട്ടിയിട്ടില്ലെന്നും അത് എഴുതിയെടുക്കാൻ സഹായിക്കണമെന്നും അടുപ്പത്തിലായിരുന്ന സമയത്ത് ഇവർ ആദ്യ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു അജ്ഞാത കത്താണ് ബാർ അസോസിയേഷന് കിട്ടിയത്. ഇതോടെയാണ് കള്ളികളെല്ലാം പുറത്തായത്. കോടതിയിൽ വളരെ മിടുക്കിയായി പെർഫോം ചെയ്യുകയും അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരിക്കുകയും ചെയ്ത സെസി സേവ്യർ ഇതോടെ വില്ലത്തിയായി.

ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ സെസിയുടെ യോഗ്യത സംബന്ധിച്ച് ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇവർക്ക് എൽ.എൽ.ബി ബിരുദമില്ലെന്ന് ഉൾപ്പെടെ ആരോപണം ഉയർന്നിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയിൽ സഹപാഠികളായിരുന്ന അഭിഭാഷകരോട് വിവരം തിരക്കിയപ്പോഴാണ് ഇവർക്ക് മൂന്ന് പേപ്പർ ഇനിയും കിട്ടാനുണ്ടെന്ന് അറിയുന്നത്. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ താൻ ബംഗലൂരുവിൽ നിന്ന് തതുല്യ പരീക്ഷ പാസായെന്നാണ് സെസി വിശദീകരിച്ചു. ഇത് എല്ലാവരും വിശ്വസിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബാർ കൗൺസിൽ ഓഫ് കേരളയിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്റോൾ ചെയ്ത നമ്പറും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഇത് പിന്നീട് ഹാജരാക്കാമെന്നാണ് ഇവർ പറഞ്ഞത്. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 272ൽ 212 വോട്ടുകളും നേടിയാണ് ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സെസി വിജയിച്ചത്.

തിരഞ്ഞെടുപ്പിൽ വിജയിച്ച സെസിക്ക് ബാർ അസോസിയേഷനിൽ ലൈബ്രേറിയൻ എന്ന പദവിയാണ് നൽകിയത്. ബാർ അസോസിയേഷന്റെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നതിന് തുല്യമായ പദവിയാണ് ഇത്. ഇന്നലെ കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക ജാമ്യം കിട്ടില്ലെന്നു മനസ്സിലാക്കിയതോടെ കോടതിയിൽനിന്ന് മുങ്ങി. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണു പ്രതിയായ സെസി സേവ്യർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്.

തന്റെ അപേക്ഷ വേഗത്തിൽ കേൾക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, വഞ്ചനക്കുറ്റം മാത്രമല്ല കേസിൽ ആൾമാറാട്ടവും ചേർത്തതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് പോയെന്നും ഈ കോടതിക്കു പരിഗണിക്കാനാവില്ലെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ആൾമാറാട്ടം ചുമത്തിയതിനാൽ ജാമ്യം കിട്ടില്ലെന്നു തിരിച്ചറിഞ്ഞപ്രതി ഉടൻ രക്ഷപ്പെട്ടു. കോടതിയുടെ പിന്നിലെ ഗേറ്റുവഴി കാറിൽ കടന്നുകളയുകയായിരുന്നു.

ഐ.പി.സി. 417(വഞ്ചന), 419, 420(ആൾമാറാട്ടം) എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. വഞ്ചനക്കുറ്റം മാത്രമേയുള്ളൂവെന്നു വിചാരിച്ചാണു സെസി എത്തിയതെന്നു പറയുന്നു. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തത്. സംഗീതയിൽനിന്ന് പൊലീസ് വിവരം ശേഖരിച്ചാണ് ആൾമാറാട്ടം ചുമത്തിയത്. ഇതറിയാതെയാണു സെസി കോടതിയിലെത്തിയതെന്നു കരുതുന്നു.

ഇന്നലെ പൊലീസിന് കോടതിയിൽ വച്ച് സെസിയെ അറസ്റ്റു ചെയ്യാമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ പ്രതിയെ പിടികൂടാൻ മുന്നൊരുക്കമൊന്നും പൊലീസ് നടത്തിയിരുന്നില്ല. ഇതും സെസിക്ക് വീണ്ടും മുങ്ങാൻ അവസരമായി മാറി.