- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യമില്ലാ വകുപ്പുകളിൽ പ്രതീക്ഷ അർപ്പിച്ച് സെസിയെ കോടതിയിൽ എത്തിച്ചത് ഡൽഹി നേതാവ്; എല്ലാത്തിനും ചരടുവലിക്കുന്നത് അദ്ധ്യാപകനെ പോക്സോയിൽ കുടുക്കിയ വില്ലൻ നേതാവും; സെസി സേവ്യറെ പൊലീസ് വിട്ടുകളഞ്ഞതിലും അമർഷം; വ്യാജ അഭിഭാഷക ഒളിവിൽ തുടരുമ്പോൾ
ആലപ്പുഴ: വ്യാജരേഖ നൽകി അഭിഭാഷകവൃത്തി നടത്തിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ യുവതി കോടതി പരിസരത്തുനിന്നു മുങ്ങിയത് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പിന്തുണയോടെ. സെസിക്ക് ഡൽഹിയിലുള്ള ബന്ധം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നേതാവ് രണ്ടു ദിവസം മുമ്പ് ആലപ്പുഴയിൽ എത്തിയിരുന്നു. ജാമ്യം കിട്ടുമെന്നും അതിന് വേണ്ടിയുള്ള തിരക്കഥയൊരുക്കിയതും ഈ നേതാവായിരുന്നു.
കുട്ടനാട് രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യർ (27) ആണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ ജാമ്യം ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ മുങ്ങിയത്. കോടതിയുടെ പിന്നിലെ റോഡിൽ സ്റ്റാർട്ട് ചെയ്തുകിടന്ന കാറിൽ സെസി പോയതായി ദൃക്‌സാക്ഷികളായ അഭിഭാഷകർ പറഞ്ഞു. പൊലീസ് അറസ്റ്റു ചെയ്തതുമില്ല. ആലപ്പുഴയിലെ പ്രമുഖ പ്രാദേശിക നേതാവിന്റെ പിന്തുണയും അഭിഭാഷകയ്ക്കുണ്ടായിരുന്നു.
ആലപ്പുഴ നഗരസഭാ കൗൺസിലാറിയിരുന്ന ഈ നേതാവിലൂടെയാണ് സെസിക്ക് ഡൽഹി ബന്ധം കിട്ടുന്നത്. ഈ പ്രാദേശിക നേതാവിന്റെ സംരക്ഷണയിലാണ് ഇവർ ഇപ്പോഴുമുള്ളതെന്നാണ് പുറത്തു വരുന്ന സൂചന. നേരത്തെ ആലപ്പുഴയിലെ പ്രമുഖ അദ്ധ്യാപകനെ പോക്‌സോ കേസിൽ കുടുങ്ങാൻ ഈ നേതാവ് ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. സ്വന്തം രാഷ്ട്രീയ പാർട്ടിയിൽ പോലും ഇത് വിവാദങ്ങളുണ്ടാക്കി. ഈ നേതാവിന്റെ നീക്കമെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
പ്രതിക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി നോർത്ത് പൊലീസ് കേസെടുത്തിരുന്നു. പ്രതിക്കുവേണ്ടി നേരത്തേ നൽകിയ ജാമ്യാപേക്ഷ വേഗം പരിഗണിക്കാൻ അപേക്ഷ നൽകിയെങ്കിലും പിന്നീട് പരിഗണിക്കാൻ മാറ്റി. ഇതിനിടെ വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് കോടതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. നേരത്തെ സമർപ്പിച്ച എഫ് ഐ ആറിലെ വകുപ്പുകൾ ജാമ്യം കിട്ടുന്നതായിരുന്നു.
ജാമ്യം കിട്ടാത്തതും 7 വർഷം വരെ തടവു ലഭിക്കാവുന്നതുമായ പുതിയ വകുപ്പ് ഉൾപ്പെടുത്തിയതോടെ കേസ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ അധികാര പരിധിയിലായി. എൽഎൽബി ജയിക്കാതെ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ബാർ അസോസിയേഷനിൽ അംഗത്വം നേടിയ സെസി, ഏപ്രിലിൽ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർവാഹക സമിതി അംഗമായി. പിന്നീട് ലൈബ്രേറിയനുമായി.
അംഗത്വം നേടാൻ നൽകിയ രേഖകൾ, ലൈബ്രേറിയനായിരിക്കെ ഇവർ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തതായും പരാതിയുണ്ട്. ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കോടതിയിൽ എത്തിയപ്പോൾ പൊലീസിന് സെസിയെ അറസ്റ്റു ചെയ്യാമായിരുന്നു. എന്നാൽ ഇതും സംഭവിച്ചില്ല. ഇതിന് പിന്നിലും രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ രണ്ടരവർഷമായി ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു സെസി സേവ്യർ. ഇതിനിടെയാണ് ഇവർക്ക് യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അജ്ഞാതന്റെ കത്ത് ബാർ അസോസിയേഷന് ലഭിച്ചത്. തുടർന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ സെസി സേവ്യർ ബാർ കൗൺസിൽ ഒഫ് കേരളയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടു. ഇവർ നൽകിയ റോൾ നമ്പർ മറ്റൊരാളുടേതാണെന്നും കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ