- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗത്വം നേടാൻ വ്യാജ അഭിഭാഷക സമർപ്പിച്ച രേഖകൾ പൊലീസിന് കൈമാറി ബാർ അസോസിയേഷൻ; വീട്ടിൽ നിന്നും രേഖകൾ കിട്ടിയെന്നും പൊലീസ്; കോടതിയിൽ കീഴടങ്ങാനെത്തി മുങ്ങിയ സെസി സേവ്യർ ഒളിവിൽ തന്നെ
ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തി മുങ്ങിയ വ്യാജ അഭിഭാഷകയെ കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അംഗത്വം നേടാൻ വ്യാജ അഭിഭാഷക സമർപ്പിച്ച രേഖകൾ ബാർ അസോസിയേഷൻ പൊലീസിന് കൈമാറി. ഇതോടെ കേസിന് പുതിയ മാനം വരികയാണ്.
നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യർ നൽകിയതാണ് രേഖകൾ. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതടക്കം മിനിറ്റ്‌സ് ഉൾപ്പെടെ ഹാജരാക്കി. കഴിഞ്ഞ ദിവസം സെസിയുടെ വീട്ടിൽ നോർത്ത് സിഐ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ചതിന്റെ സർട്ടിഫിക്കറ്റുകളും മറ്റും പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഭാഗമായി പരാതി നൽകിയ ബാർ അസോസിയേഷൻ പ്രതിനിധികളോട് നൽകിയ രേഖകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. ഇതാണ് സമർപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ സെസി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയതറിഞ്ഞ് നാടകീയമായാണ് മുങ്ങിയത്. രക്ഷപ്പെടാൻ സുഹൃത്തുക്കളുടെ സഹായവും ലഭിച്ചു. പിന്നീട് സെസിയെ കണ്ടെത്താൻ പൊലീസിനും കഴിഞ്ഞില്ല. രാമങ്കരിയുടെ വീട്ടിലെ റെയ്ഡിലും ഒളിവു സങ്കേതത്തിൽ വിവരമൊന്നും കിട്ടിയില്ല.
മുതിർന്ന അഭിഭാഷകന്റെ ഓഫിസിൽ അവസാനവർഷ നിയമവിദ്യാർത്ഥിയെന്ന് പറഞ്ഞാണ് എത്തിയത്. പിന്നീട് അഭിഭാഷകയായി എന്റോൾ ചെയ്‌തെന്ന് പറഞ്ഞ് ബാർ അസോസിയേഷനിൽ അംഗമായി ജില്ല കോടതിയിൽ ഉൾപ്പെടെയുള്ള നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമീഷനായി പോവുകയും ചെയ്തിരുന്നു.
ബാർ അസോസിയേഷൻ എക്‌സിക്യൂട്ടിവിലേക്ക് മത്സരിച്ച് വിജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തു. ബാർ അസോസിയേഷനിലെ ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിൽ, മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.
ദുർബല വകുപ്പുകൾ ചേർത്ത് ജാമ്യം ലഭിക്കുന്ന വിധത്തിലാണ് പൊലീസ് ആദ്യം കേസ് കൈകാര്യം ചെയ്തതെന്ന് അഭിഭാഷകരിൽ ഒരു വിഭാഗം ആരോപിക്കുന്നു. ബാർ അസോസിയേഷൻ സെക്രട്ടറിതന്നെ വാദിയായി നൽകിയ കേസിൽ പ്രതി നേരിട്ട് കീഴടങ്ങി ജാമ്യമെടുക്കട്ടെ എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത് എന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ