കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. തനിക്കെതിരേ ചുമത്തിയ വഞ്ചനാക്കുറ്റമടക്കം നിലനിൽക്കില്ലെന്ന വാദവുമായാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇവരുടെ ഹർജി ഉടൻ പരിഗണിച്ചേക്കും.

നേരത്തെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ജാമ്യം കിട്ടില്ലെന്നറിഞ്ഞതോടെ മുങ്ങുകയായിരുന്നു. തന്റെ ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെസി അന്ന് കോടതിയിലെത്തിയത്. ആൾമാറാട്ടം അടക്കം ചുമത്തിയതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറുകയായിരുന്നു. ഇതോടെ ജാമ്യം കിട്ടില്ലെന്ന് മനസിലാക്കിയ പ്രതി കോടതിയുടെ പിൻവശത്തെ ഗേറ്റിലൂടെ മുങ്ങുകയായിരുന്നു.

കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും, ഒളിവിൽ കഴിയുന്ന സെസി സേവ്യറിനെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ചേർത്തലയിലടക്കം സെസിയെ കണ്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും പൊലീസിന് ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.