കോഴിക്കോട്: സി പി എം നേതൃത്വവുമായി കുറേക്കാലമായി ഇടഞ്ഞു നിൽക്കുകയായിരുന്ന തുറയൂരിലെ പ്രമുഖ സി പി എം നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ സിപിഐയിൽ ചേർന്നു. പയ്യോളി അങ്ങാടിയിൽ നടന്ന പരിപാടിയിൽ സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സി പി എമ്മിൽ നിന്ന് രാജി വെച്ചെത്തിയവരെ സിപിഐ യിലേക്ക് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് വിപ്ലവ ബോധത്തോടെ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികളെല്ലാം കമ്മ്യൂണിസ്റ്റ് ആശയം നെഞ്ചേറ്റുന്നവരാണ്.

ഓരോരുത്തർക്കും മനസിന് പിടിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കാം. കലത്തിൽ നിന്ന് പോയാൽ കഞ്ഞിക്കലത്തിൽ എന്നൊരു ചൊല്ലുണ്ടെന്നും പന്ന്യൻ പറഞ്ഞു. വന്നത് ഏത് പാർട്ടിയിൽ നിന്നോ ആവട്ടെ വന്നവരിപ്പോൾ കമ്മ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എമ്മിന്റെ മുൻ നേതാക്കളും പ്രവർത്തകരും അനുഭാവികളം മറ്റു പാർട്ടികളിൽ നിന്ന് വന്നവരുമുൾപ്പെടെ ഇരുന്നൂറോളം പേർ സിപിഐയിൽ ചേർന്നതായി നേതാക്കൾ വ്യക്തമാക്കി. സിപിഐ തുറയൂർ ബ്രാഞ്ച് സംഘടിപ്പിച്ച സ്വീകരണ പൊതുസമ്മേളനത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം നാരായണൻ, ആർ ശശി തുടങ്ങിയവർ സംസാരിച്ചു.

സിപി എം മുൻ ഏരിയാ കമ്മിറ്റി അംഗം പി ബാലഗോപാലൻ, മുൻ ലോക്കൽ സെക്രട്ടറി പി ടി ശശി, ഡിവൈ എഫ് ഐ മുൻ പയ്യോളി ബ്ലോക്ക് സെക്രട്ടറി കെ രാജേന്ദ്രൻ, പ്രസിഡന്റായിരുന്ന പി ടി സനൂപ്, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ ജയന്തി, നേതാക്കളായ കെ ജയരാജൻ, പി അശോകൻ, മലാപറമ്പ് ശ്രീധരൻ, എം സുരേന്ദ്രൻ, കെ ടി ബാബു, പി ടി കുഞ്ഞിക്കണാരൻ, പി ടി ബാബു, കെ എം കുഞ്ഞിക്കണ്ണൻ, വിപിൻ കൈതക്കൽ, എൻ വിനോദൻ, കൊട്ടിയാടി മൊയ്തീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാർട്ടി മാറ്റം. ഇവർക്കൊപ്പം മറ്റു പാർട്ടിയിൽ നിന്ന് സിപി ഐയിലേക്ക് വന്നവരേയും പന്ന്യൻ രവീന്ദ്രൻ സ്വീകരിച്ചു.

പ്രവർത്തകർ കൂട്ടത്തോടെ സി പിഐയിൽ ചേർന്നത് സിപി എമ്മിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്ര വലിയ പരിപാടി നടത്തിയതിൽ സി പി എമ്മിന് കടുത്ത അമർഷമുണ്ട്.

2017 മുതൽ തുറയൂരിൽ സി പി എമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ് ഒടുവിൽ പാർട്ടി മാറ്റത്തിനിടയാക്കിയത്. സമ്മേളനങ്ങളിലെ തെരഞ്ഞെടുപ്പിലും മറ്റും സംഘർഷങ്ങൾ ഉണ്ടാക്കിയത് പാർട്ടിയും പ്രവർത്തകരും തമ്മിൽ അകൽച്ച വർദ്ധിപ്പിച്ചു. ഒടുവിൽ തുറയൂർ ലോക്കൽ കമ്മിറ്റി നേതൃത്വം പിരിച്ചുവിടുകയായിരുന്നു. ഇതോടെ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ സമര പരിപാടികളും മറ്റും സംഘടിപ്പിക്കാനായി ശ്രദ്ധ എന്ന പേരിൽ സാംസ്കാരിക സമിതി ഉണ്ടാക്കിയായി പ്രവർത്തനം. പാർട്ടി നേതാക്കളുടെ അനുസ്മരണം ഉൾപ്പെടെ സംഘടിപ്പിച്ചാണ് ഇവർ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചത്. ഒത്തുതീർപ്പിനായി നേതാക്കളുമായി നടന്ന ചർച്ചയെല്ലാം പരാജയപ്പെട്ടു.

ഒടുവിൽ ഇവരെ കായികമായി ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായി. സി പി എം ആക്രണത്തിൽ ശ്രദ്ധ പ്രവർത്തകരായ കെ രാജേന്ദ്രൻ, വിനോദൻ പുന്നക്കോളി, കൊട്ട്യാടി മൊയ്തീൻ, രാജീവൻ കണ്ടത്ത്, പിടി സുരേന്ദ്രൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒടുവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവർ യു ഡി എഫുമായി സഹകരിച്ച് രണ്ട് വാർഡിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. മാത്രമല്ല യുഡിഎഫിന് തുറയൂരിൽ ഭരണവും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് സിപിഐയിലേക്ക് ചേരാൻ നേതാക്കളും പ്രവർത്തകരും തീരുമാനിച്ചത്.

പ്രവർത്തകരും നേതാക്കളും സിപിഐയിൽ ചേർന്നതോടെ സി പി എം പ്രവർത്തകർ എതിർ പ്രചാരണങ്ങളുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പിൽ യു ഡി എഫിനൊപ്പം പോയവരെയാണ് സിപിഐക്കാർ മാലയിട്ട് സ്വീകരിച്ചതെന്നാണ് സി പി എം പ്രവർത്തകരുടെ വാദം. എന്നാൽ പ്രവർത്തകരെ യുഡിഎഫിനൊപ്പം അയക്കാതെ ഇടതുപക്ഷത്തിനൊപ്പം ചേർത്തു നിർത്തുകയാണ് തങ്ങൾ ചെയ്തതെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്.