കൊച്ചി: സ്വന്തക്കാർ സർക്കാർ തസ്തികകളിൽ തിരുകി കയറ്റുന്ന ഇടതു സർക്കാറിന്റെ നടപടിക്ക് കോടതിയിൽ നിന്നും കനത്ത പ്രഹരം. സംസ്ഥാന ബാലാവകാശ കമ്മീഷൻ നിയമനങ്ങൾ ഹൈക്കോടതി ഇടപെട്ട റദ്ദാക്കിയതാണ് പിണറായി സർക്കാറിന് തിരിച്ചടിയായിത്. കമ്മീഷൻ അംഗങ്ങളുടെ ഒഴിവിലേയ്ക്ക് രണ്ടാമതു വിജ്ഞാപനമിറക്കിയുള്ള രണ്ടുപേരുടെ നിയമനമാണ് ഹൈക്കോടതി അസാധുവാക്കിയത്.

ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ടി.ബി സുരേഷ്(വയനാട്), ശ്യാമള ദേവി(കാസർഗോഡ്) എന്നിവരുടെ നിയമനമാണ് ഹൈക്കോടതി അസാധുവാക്കിയത്. ആറംഗങ്ങളുടെ ഒഴിവിലേയ്ക്കാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതിൽ നാലു പേരെ നിയമിക്കുകയും മറ്റുള്ളവർക്ക് മതിയായി യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി അയോഗ്യരാക്കുകയും ചെയ്തു. പിന്നീട് വീണ്ടും വിജഞാപനമിറക്കിയാണ് മറ്റു രണ്ടു പേരെ നിയമിച്ചത്. രണ്ടാമത് നിയമിച്ചതാണ് ഹൈക്കോടതി അസാധുവാക്കിയത്.

വയനാട് ബാലാവകാശ കമ്മീഷൻ അംഗം ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ ശൈലജയ്ക്കെതിരെ ഹൈക്കോടതി രംഗത്തെത്തുകയും ചെയ്തു. സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി സദുദ്ദേശപരമല്ലാത്ത രീതിയിൽ അധികാരം വിനിയോഗിച്ചെന്നും കോടതി നിരീക്ഷിച്ചു. അപേക്ഷാത്തീയതി നീട്ടാൻ മന്ത്രി ഇറക്കിയ ഉത്തരവ് ഉത്തമവിശ്വാസത്തോടെയല്ലെന്ന് കോടതി വിലയിരുത്തി. തീയതിനീട്ടി വീണ്ടും അപേക്ഷ സ്വീകരിക്കാനുള്ള കാരണം ഫയലുകളിൽനിന്ന് വ്യക്തമല്ല. ഭരണത്തിലുള്ള സിപിഎമ്മിന്റെ സജീവപ്രവർത്തകനായ ടി.ബി. സുരേഷിനെ നിയമിക്കാനാണ് തീയതി നീട്ടിയത് എന്നേ കരുതാനാവൂ എന്നും കോടതിയുടെ വ്യക്തമാക്കി.

സർക്കാരിന് താത്പര്യമുള്ളവരെ ഉൾപ്പെടുത്താനാണ് തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചതെന്നായിരുന്നു ഹർജിക്കാരിയായ കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്‌സ് വാദിച്ചത്. ഒഴിവ് മുൻകൂട്ടിക്കണ്ട് 2016 ജൂൺ 29-നുതന്നെ നിയമനനടപടി തുടങ്ങിയിരുന്നു. നവംബർ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാൽ 2017 ജനുവരി 10-ന് മന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം തീയതിനീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹർജിയിൽ പറയുന്നു.

2017 ജനുവരി 12 വരെയാണ് അപേക്ഷിക്കാൻ തീയതി നീട്ടിനൽകിയത്. വ്യക്തമായി കാരണം കാണിക്കാതെയുള്ള നടപടി സദുദ്ദേശ്യത്തോടെയാണെന്ന് കരുതാനാവില്ല. നിയമനത്തിന് എല്ലാ ജില്ലയിൽനിന്നുമുള്ള അംഗങ്ങൾ വേണമെന്ന് വ്യവസ്ഥയില്ലെന്നും കോടതി വിലയിരുത്തി. ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടി തസ്തികകൾ ദുരുപയോഗം ചെയ്യുന്നു എന്ന വിർശനം സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണ്. മന്ത്രി കെ കെ ഷൈലജയെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചതും സർക്കാറിനേറ്റ പ്രഹരമായി മാറി.