ന്യൂഡൽഹി: ജസ്റ്റിസ് ലോധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാത്ത ബിസിസിഐക്കു സുപ്രീം കോടതിയിൽ നിന്നു തിരിച്ചടി. ലോധ സമിതി ശുപാർശകൾക്കെതിരായ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഹർജി കോടതി തള്ളി.

ശുപാർശകൾ നടപ്പാക്കണമെന്ന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ബിസിസിഐ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണു ബെഞ്ച് ഹർജി തള്ളിയത്. ലോധ സമിതിയുടെ മാർഗനിർദേശങ്ങൾ കണിശമായി പാലിക്കണമെന്ന സുപ്രീംകോടതി വിധി ബിസിസിഐ നേരത്തെ നിരസിച്ചിരുന്നു. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, 70 കഴിഞ്ഞവർ ഭരണസമിതികളിൽ പാടില്ല, മൂന്നു പേരുടെ സെലക്ഷൻ പാനൽ, ഭരണാധികാരികൾക്ക് മൂന്നു വർഷ 'കൂളിങ് ഓഫ്' കാലം തുടങ്ങിയ പ്രധാന മാർഗനിർദേശങ്ങൾ ബിസിസിഐ അംഗീകരിച്ചിരുന്നില്ല.