ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കു തിരിച്ചടി. 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വെറും മൂന്നു സീറ്റാണ് ബിജെപിക്കു ലഭിച്ചത്.

അഞ്ച് സീറ്റുകൾ നേടി എഎപി മുനിസിപ്പൽ കോർപ്പറേഷനിൽ സാന്നിധ്യമറിയിച്ചു. നാല് സീറ്റുകളാണ് കോൺഗ്രസ് നേടിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഒരു സീറ്റ് നേടിയത്. നിലവിൽ ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്.

അടുത്തവർഷം നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ പരീക്ഷണമായാണ് തെരഞ്ഞെടുപ്പിനെ മുന്നണികൾ നോക്കിക്കാണുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കോൺഗ്രസിന് മികച്ച നേട്ടം ഉണ്ടാവുമെന്നായിരുന്നു വിലയിരുത്തൽ. ഈ തെരഞ്ഞെടുപ്പിന് തങ്ങൾ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ലെന്നാണ് ബിജെപി നേതാവ് വിജയ് ഗോയൽ പ്രതികരിച്ചത്.