മുംബൈ: ഭരിക്കുന്ന മഹാരാഷ്ട്രയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. കോൺഗ്രസാണ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന ഭരണത്തിനുള്ള പ്രഹരമാണ് തെരഞ്ഞെടുപ്പിലെ തോൽവിയെന്നു കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

മുനിസിപ്പൽ കൗൺസിൽ, നഗരപഞ്ചായത്തുകൾ, മറ്റു പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുകളടക്കം 345 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് മുന്നേറ്റം. ഇതിൽ 105 സീറ്റിലും കോൺഗ്രസ് വിജയിച്ചു. എൻസിപിയും ശിവസേനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വെറും 39 സീറ്റ് മാത്രമാണ് ഭരണകക്ഷിയായ ബിജെപിക്ക് ലഭിച്ചത്.

ഇന്നലെ വൈകിട്ടുവന്ന ഫലത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബിജെപി നേതാക്കൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ചയാണു തെരഞ്ഞെടുപ്പു നടന്നത്.

105 വാർഡുകൾ കോൺഗ്രസ് നേടിയപ്പോൾ എൻസിപിക്ക് 80ഉം ശിവസേനയ്ക്ക് 59ഉം വാർഡുകൾ ലഭിച്ചു. റായ്ഗഡ്, നന്ദുർബർ, അഹമദ്‌നഗർ, നന്ദേഡ്, ഒസ്മാനാബാദ്, ഹിങ്കോലി, വാഷിം, ചന്ദ്രപൂർ മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗരപഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. രത്‌നഗിരി, ജൽഗാവ്, ലത്തൂർ, യവത്മൽ, വാർദ്ധ, ഭന്ദാരാ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര ബിജെപി മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രി രാം ഷിൻഡെയുടെ ജന്മനാടായ അഹമദ് നഗറിലെ ജാംഖേദിൽ ബിജെപി തോറ്റു. ധനമന്ത്രി സുധീർ മുൻഗണ്ടിവാറിന്റെ ചന്ദ്രപൂരിലും ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റു.

ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിജെപി ഭരണത്തിനേറ്റ ആദ്യ പ്രഹരമാണിത്. കോൺഗ്രസിനോട് ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാനായെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ പറഞ്ഞു. ബിജെപി-ശിവസേന സഖ്യസർക്കാരിന്റെ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് എൻസിപി നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ 59 നഗര പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 254 വാർഡുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസ് 239ഉം എൻസിപി 201ഉം വാർഡുകളിലും ശിവസേന 126 വാർഡുകളിലും വിജയിച്ചു.