ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ട മോദി പ്രഭാവം മങ്ങിത്തുടങ്ങുകയാണോ? ആണെന്നു തന്നെയാണ് ഉത്തർ പ്രദേശിൽ നിന്നുള്ള പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

കനത്ത തിരിച്ചടിയാണ് ഇവിടെ ബിജെപിക്കു നേരിടേണ്ടി വന്നിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും മോദി ദത്തെടുത്ത ജയാപുരിലും കനത്ത തിരിച്ചടിയാണ് ബിജെപിക്കുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് ഉത്തർ പ്രദേശിൽ ബിജെപി നേടിയിരുന്നത്. രാജ്യത്ത് ഭരണം ഉറപ്പിക്കാൻ ബിജെപിയെ അകമഴിഞ്ഞു സഹായിച്ച സംസ്ഥാനവും യുപിയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിലെ കനത്ത തോൽവി ബിജെപിയിൽ ആശങ്കയുണർത്തുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കാണു വൻ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അടിത്തറ ഭദ്രമാക്കാനുള്ള ബിജെപി ലക്ഷ്യത്തിനാണ് തിരിച്ചടിയേറ്റത്.

രണ്ടുവർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് പാർട്ടികൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് മങ്ങലേൽപ്പിക്കുന്നതാണ് തിരഞ്ഞടുപ്പ് ഫലം. വാരാണസിൽ 58ൽ എട്ട് സീറ്റു മാത്രമാണ് ബിജെപിക്കു ജയിക്കാനായത്. ലക്‌നോവിൽ 28ൽ വെറും നാലു സീറ്റു മാത്രം സ്വന്തമാക്കാനേ ബിജെപിക്കു കഴിഞ്ഞുള്ളൂ. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമാണ് ലക്‌നോ. ദിയോറിയയിലെ 56 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം മാത്രമാണ് ബിജെപി നേടിയത്.

തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു വിശദമായ ചർച്ചയ്‌ക്കൊരുങ്ങുകയാണ് ബിജെപി സംസ്ഥാന കമ്മിറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന അനുകൂല സാഹചര്യം എങ്ങനെ ഇത്ര പെട്ടെന്ന് ഇല്ലാതായി എന്ന കാര്യത്തിൽ ആശങ്കയോടെയാണ് സമിതി ചേരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.പിയിൽ 80ൽ 71 സീറ്റും ബിജെപി നേടിയിരുന്നു.

പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികൾ മത്സരിച്ചിരുന്നുവെങ്കിലും സ്വന്തം ചിഹ്നത്തിൽ ഇവരെ ആരെയും അവതരിപ്പിച്ചിരുന്നില്ല. എങ്കിലും സ്ഥാനാർത്ഥികൾക്കു പൂർണ പിന്തുണയുമായി നേതാക്കൾ പ്രചാരണത്തിന് എത്തിയിരുന്നു. വൻ വിജയം നേടാനാകുമെന്ന പ്രതീക്ഷയോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥികളെ ബിജെപിയുൾപ്പെടെയുള്ള പാർട്ടികൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ, കടുത്ത നിരാശയാണ് നേരിടേണ്ടി വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം വലിയ പ്രതീക്ഷ ഉയർത്തിയിരുന്നെങ്കിലും ഇത് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാത്തത് കനത്ത തിരിച്ചടിയായതായി ബിജെപി നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. ആശങ്ക ഉയർന്നതിനെ തുടർന്നാണ് അടിയന്തിര യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.