മകന് വേണ്ടി യാചനയുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടി സേതുലക്ഷ്മി. തന്റെ മകന്റെ ഇരു വൃക്കകളും തകരാറിലാണ്, മകനെ സഹായിക്കണം എന്നപേക്ഷിച്ചു കൊണ്ട് സേതുലക്ഷ്മിയമ്മ ഫേസ്‌ബുക്ക് ലൈവിൽ എത്തി. ഒ പോസിറ്റീവ് ആണ് മകന്റെ രക്ത ഗ്രൂപ്പ്. ഉടൻ വൃക്കകൾ മാറ്റിവച്ചാലേ ജീവൻ രക്ഷിക്കാൻ സാധിക്കൂവെന്ന് സേതുലക്ഷ്മിയമ്മ പറയുന്നു.

പത്ത് വർഷത്തിലധികമായി കിഡ്‌നി രോഗം ബാധിച്ച മകന്റെ വൃക്കകൾ മാറ്റി വയ്ക്കുകയല്ലാതെ വേറെ വഴിയില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് ഇയാൾക്ക്. എത്ര ശ്രമിച്ചിട്ടും തനിക്ക് മകനെ സഹായിക്കാൻ സാധിക്കുന്നില്ലെന്നും സേതുലക്ഷ്മി അമ്മ കണ്ണ് നിറഞ്ഞ് പറയുന്നു. മൂത്ത മകന് 13 വയസ്സേ ആയിട്ടുള്ളൂ. അവന് 18 വയസ്സ് ആകുന്നതു വരെയെങ്കിലും തനിക്ക് ജീവിക്കണമെന്നുണ്ടെന്ന് മകൻ പറയാറുണ്ടെന്നും, എന്നാൽ താൻ നിസ്സഹായയാണെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.

മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. മിമിക്രി കലാകാരനായ കിഷോർ ഒരു അപകടത്തിനു ശേഷം ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ടിവി പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യൻ അന്തിക്കാട് രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകുന്നത്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങൾ സേതുലക്ഷ്മിയമ്മ കൈകാര്യം ചെയ്തിരുന്നു. നാടക വേദികളിൽ നിന്നുമാണ് ഇവർ ചലച്ചിത്ര ലോകത്തെത്തിയത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അമ്മയ്ക്ക് 2015ൽ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.