കുവൈറ്റ് സിറ്റി : സേവാദർശന്റെ ഈ വർഷത്തെ മെഗാഇവന്റ് സേവാകിരൺ 2017 അബ്ബാസിയ മറീനഹാളിൽ നടക്കും. ഫെബ്രുവരി 25ന് നടക്കുന്ന മെഗാഇവന്റിൽ മലയാളികൾക്കിടയിൽ നാടിന്റെ സ്മരണകളുണർത്താൻപോന്ന പരിപാടിയായ 'ആർഷകേരളം' എന്ന സംഗീത നാടക നൃത്തശില്പവും സൗണ്ട് ഓഫ് സേവ എന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ കച്ചേരിയും അരങ്ങേറും. രാവിലെ 10 മുതൽ 5 വരെ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി ശ്രീ. സദാനന്ദ ഗൗഡ മുഖ്യാതിഥിയായിരിക്കും.

പ്രശസ്ത വാദ്യ വിദ്വാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ തവിൽ വിദ്വാൻ കരുണാമൂർത്തി, വോക്കലിസ്റ്റ് പാലക്കാട് ശ്രീറാം, ഫ്ളൂട്ട് ആൻഡ് സാക്സഫോൺ പ്ലെയർ ജോസി ആലപ്പുഴ, കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരി, വയലിൻസ്റ്റ് അഭിജിത് നായർ, എന്നിവർ അണിനിരക്കുന്ന സംഗീത ഫ്യൂഷനിൽ കുവൈറ്റിന്റെ സ്വന്തം കലാകാരന്മാരായ പെരുന്ന ഹരികുമാർ (മൃദംഗം), നിസി (ഡ്രംസ്)യും പങ്കെടുക്കും.

ഇന്ത്യയിലെ വടക്കുകിഴക്കൻ വനവാസി മേഖലയിലെ ദരിദ്ര്യരായ സഹോദരങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി സേവാദർശൻ കുവൈറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രവും സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റും നിർമ്മിച്ചുനൽകുന്നു. മേഖലയിലെ ക്യാമ്പുകളിൽ കഴിയുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി സർക്കാർ നടത്തുന്ന ആഗോളശ്രമത്തിന്റെ ഭാഗമായാണ് സേവദർശന്റെ ഈ സംരംഭം. കുവൈറ്റിലെ മൂവായിരത്തിലധികം അംഗങ്ങൾ പന്ത്രണ്ട് വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന സാമൂഹിക സാംസ്‌കാരിക പ്രവാസി സംഘടനയാണ് സേവാദർശൻ കുവൈറ്റ്.

ഗൃഹാതുരത്വമുണർത്തുന്ന കലാ-സാംസ്‌കാരിക പരിപാടികൾ ആസ്വദിക്കാൻ ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു.