കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദർശൻ ഈ വർഷത്തെ ''കർമ്മയോഗി പുരസ്‌കാരം'' പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ശ്രീകുമാറിനാണ് പുരസ്‌ക്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. കവി എസ് രമേശൻ നായർക്കായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്‌ക്കാരം

കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാർ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തന രംഗത്ത് സജീവമാണ്. ജന്മഭുമിയുടെ തിരുവനന്തപുരം,ന്യൂഡൽഹി ബ്യൂറോ ചീഫ്, പ്രേത്യക ലേഖകൻ, ന്യൂസ് എഡിറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള ശ്രീകുമാർ, നിലവിൽ ജന്മഭൂമി ഓൺലൈൻ എഡിറ്ററാണ്.കേരളം ചർച്ച ചെയ്ത നിരവധി വാർത്തകൾ പുറത്തു കൊണ്ടുവന്ന ശ്രീകുമാറിനു യുനിസെഫ്, കേരള മീഡിയ അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും കിട്ടിയിട്ടുണ്ട്.

'അമേരിക്ക കാഴ്ചയ്ക്കപുറം' 'അമേരിക്കയിലും തരംഗമായി മോദി', 'മോദിയുടെ മനസ്സിലുള്ളത'്. 'പി ടി ഉഷ മുതൽ പി പരമേശ്വരൻ വരെ', 'പ്രസ് ഗാലറി കണ്ട സഭ', 'മോഹൻലാലും കൂട്ടുകാരും', 'അയോധ്യ മുതൽ രാമേശ്വരം വരെ' തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.ചാനൽ ചർച്ചകളിൽ വിഷയങ്ങൾ ദേശീയ കാഴ്ചപ്പാടോടെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന സംവാദകനുമാണ്.

ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് സേവാദർശൻ പ്രസിഡന്റ് പ്രവീൺ വാസുദേവ് അറിയിച്ചു.