മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിൽ ഏഴ് പ്രതികൾക്കെതിരെയും തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസിലെ പ്രതികളായ ലഫ്. കേണല് പ്രസാദ് പുരോഹിത്, സാധ്വി പ്രജ്ഞ സിങ് താക്കൂർ മേജർ രമേശ് ഉപധ്യായ്, സമീർ കുൽക്കർണി അജയ് രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവർക്കെതിരെയാണ് മുംബൈയിലെ എൻഒഐഎ കോടതി കുറ്റംചുമത്തിയത്. ജഡ്ജി വിനോദ് പടൽക്കറാണ് കുറ്റം ചുമത്തിയത്.

ഗൂഢാലോചനക്കുറ്റത്തിന് പുറമേ ഇവർക്കെതിരേ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് മുംബൈ കോടതി മുഴുവന് പ്രതികൾക്കെതിരെയും കുറ്റംചുമത്തിയത്. അടുത്ത വിചാരണ നവംബർ 21 ന് നടക്കും. ലഫ്റ്റനന്റ് കേണൽ പുരോഹിതിന്റെ അപേക്ഷയിൽ മറുപടി ഫയൽ ചെയ്യാൻ എൻഐഎയോട് കോടതി ആവശ്യപ്പെട്ടു. അതേസമയം വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന ലഫ്റ്റനന്റ് കേണൽ പുരോഹിതിന്റെ ആവശ്യം കോടതി തള്ളി. സുപ്രീം കോടതിയും, ബോംബെ ഹൈക്കോടതിയും കേസിലെ വാചാരണ വേഗത്തിലാക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

തീവ്രവാദ പ്രവൃത്തിയുടെ ഭാഗമായതിന് യുഎപിഎ പ്രകാരവും, ഐപിസി പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനുമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റം ചുമത്തിയത് വായിച്ചുകേൾപ്പിച്ചപ്പോൾ എല്ലാ പ്രതികളും കോടതിയിൽ ഹാജരായിരുന്നു. മാലേഗാവിനടുത്തുശ്ശ പള്ളിക്ക് സമീപമുണ്ടായ മോട്ടോർ സൈക്കിൾ സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും, നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.