ആലപ്പുഴ: ആലപ്പുഴയിൽ ബിഡിജെഎസിൽ കടുത്ത ഭിന്നത . അധികാരത്തോടുള്ള ആർത്തിയാണ് ബിഡിജെഎസിനെ നയിക്കുന്നതെന്നാരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. ആലപ്പുഴ ജില്ലയിലെ ഏഴുഭാരവാഹികളാണ് പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ചത്.

സാമൂഹ്യനീതി ഉറപ്പ് വരുത്താനും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാനും കഴിയുന്ന പ്രസ്ഥാനമാകും എന്നു കരുതിയാണ് ബിഡിജെഎസിൽ ചേർന്നതെന്നും എന്നാൽ അധികാരത്തോടുള്ള ആർത്തിയും സ്വന്തം കാര്യലാഭവുമാണ് നേതാക്കളെ ഭരിക്കുന്നതെന്നാണ് രാജിവെച്ച ഭാരവാഹികൾ പറഞ്ഞു. പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് ബിഡിജെഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി പി ബൈജു, കുട്ടനാട് മണ്ഡലം ട്രഷറർ വരുൺ ടി രാജ് , വൈസ് പ്രസിഡന്റ ഉത്തമൻ , രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിൻ ലാൽ, മണ്ഡലം വൈസ് പ്രസിഡന്റെ അനിൽ കുമാർ, അനീഷ് ടി ആർ, ചമ്പക്കുളം പഞ്ചായത്ത് കമ്മറ്റി അംഗം സനീഷ് എന്നിവരാണ് രാജിവെച്ചത്.

സ്ഥാനമാനങ്ങൾക്ക് വേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്ത് നടത്തുന്നവരുടെയും ആൾരൂപമായി ബിഡിജെഎസ് മാറിയെന്ന് രാജിവെച്ച പ്രതിനിധികൾ വ്യക്തമാക്കി. അണികളെ പറഞ്ഞ് പറ്റിക്കുകയാണ് പാർട്ട് ചെയ്യുന്നതെന്നും അധഃസ്ഥിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സിപിഎമ്മിനൊപ്പം പ്രവർത്തിക്കാൻ തങ്ങൾ തീരുമാനിച്ചതായും പ്രവർത്തകർ അറിയിച്ചു.