ദോഹ:പൊതു ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും നടപടിക്രമങ്ങൾ ലളിതമാക്കിയും നൽകുക എന്ന ഉദ്ദേശത്തോടെ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട ഏഴു സേവനങ്ങൾ ഓൺലൈനിലൂടെ സ്വീകരിക്കാനുള്ള സൗകര്യം നിലവിൽ വരുന്നു. ഫെബ്രുവരി മുതൽ ആണ് പുതിയ സംവിധാനം നിലവിൽ വരുക. സ്ട്രീറ്റുകൾ അടച്ചിടുക, പാർകിങ് സ്ഥലങ്ങൾ ഉപയോഗിഗിക്കുക, പ്രൈവറ്റ് പാർകിംഗിനുള്ള അപേക്ഷ, വാഹനങ്ങൾക്കുള്ള സ്റ്റിക്കറുകൾ, കൊമേഴ്‌സ്യൽ കൺസ്ട്രക്ഷൻ ലൈസൻസുകൾ, സ്പീഡ് ഹംപുകൾ സ്ഥാപിക്കുക തുടങ്ങിയ സേവനങ്ങൾക്കുള്ള അപേക്ഷകളാണ് ഓൺലൈനിലൂടെ സ്വീകരിക്കുക.

കടലാസ്‌രഹിത ഇടപാടുകൾ എന്ന ആശയത്തിൽ മന്ത്രാലയം നടത്തിവരുന്ന പ്രവർത്തനങ്ങളു ടെയും ഭാഗമായാണ് പുതിയ സേവനങ്ങൾ. ഉപഭോക്താക്കൾക്ക് അടുത്ത മാസം മുതൽ സേവനങ്ങൾ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ ഹുകൂമി പോർട്ടൽ വഴിയോ സമർപ്പിക്കാനാകും. ഈ സേവനങ്ങൾ ഇലക്‌ട്രോണിക്‌വത്കരണത്തിലൂടെ അതിവേഗം ലഭ്യമാക്കുന്നതിന് ഇൻഫർമേഷൻ സിസ്റ്റം ഡിപ്പാർട്ടമെന്റ് തയ്യാറെടുത്തിട്ടുണ്ട്. അടുത്ത ആറു മാസത്തിനിടെ കൂടുതൽ ഇലക്‌ട്രോണിക് സേവനങ്ങൾ ഓൺലൈനിൽ കൊണ്ടുവരുമെന്ന് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി എൻജിനീയറിങ് വിഭാഗം ട്രാഫിക് പ്ലാനിങ് വിഭാഗം മേധാവി ക്യാപ്റ്റൻ എൻജിനീയർ മുഹമ്മദ് മിസ്ഫർ അൽ ഹാജിരി പറഞ്ഞു.

പരിചരണമാവശ്യുള്ള ജനങ്ങൾക്കു വേണ്ട സേവനങ്ങളും ട്രക്ക് പെർമിറ്റുകളുമാണ് ഓൺലൈനാകുക. അടുത്ത മാസം ആദ്യം മുതൽ പേപ്പറിൽ അപേക്ഷ സമർപ്പിക്കുന്ന രീതി നിർത്തലാക്കി പൂർണമായും ഓൺലൈനിൽ അപേക്ഷിക്കുന്ന രീതിയാണ് വരിക. വ്യക്തികൾക്ക് ഓഫീസുകളിൽ പോകാതെ മൊബൈലോ കംപ്യൂട്ടറോ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കുന്നത് വളരെ എളുപ്പം സൃഷ്ടിക്കും. സമാർട്ട് ഐ ഡി കാർഡ് ആക്ടിവേറ്റ് ചെയ്താണ് ഓൺലൈൻ സേവനങ്ങൾ സമർപ്പിിക്കാൻ കഴിയുകയെന്ന് അദ്ദേഹം വിശദീകരിച്ചു.

അംഗീകൃത ഷോപ്പുകളിൽനിന്നും ഐ ഡി കാർഡ് റീഡർ വാങ്ങണം. അംഗീകൃത ഷോപ്പുകൾ എം ഒ ഐ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശേഷം മെത്രാഷ് സേവനങ്ങൾക്കു വേണ്ടി രജിസ്റ്റർ ചെയ്യണം. ഫൈർഫോക്‌സ്, ഗൂഗിൾ ക്രോം, എക്‌സ്‌പ്ലോറർ എട്ട് ബ്രൗസറുകളിൽ സുഗമമായി ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം. ജാവ പ്ലഗ്ഇൻ സോഫ്റ്റ്‌വെയർ വേർഷൻ 7.0യോ ശേഷമുള്ള വേർഷനുകളോ ഇൻസ്റ്റാൾ ചെയ്യണം.