വിദേശ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ പട്ടികയെച്ചൊല്ലിയാണ് ഇപ്പോൾ ഇവിടെ ഏറ്റവും വലിയ വിവാദം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്നാൽ, നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരുടെ വരുമാനം വെറും അഞ്ചുമാസം കൊണ്ട് പലമടങ്ങ് വർധിച്ചുവെന്ന വെളിപ്പെടുത്തൽ സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു. അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിഐർ) പുറത്തുവിട്ട കണക്കുകൾ പ്രകാരം മോദി സർക്കാരിലെ 45 മന്ത്രിമാരിൽ 41 പേരും കോടീശ്വരന്മാരാണ്.

റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ സ്വത്ത് അഞ്ചുമാസത്തിനുള്ളിൽ പത്തുകോടിയായയാണ് വർധിച്ചത്. മെയ് മാസം പ്രധാനമന്ത്രിയുടെ ഓഫീസിൽ നൽകിയ കണക്കുകൾ പ്രകാരം, 9.99 കോടി രൂപയായിരുന്നു സ്വത്ത്. ഒക്ടോബറിലെ കണക്ക് പ്രകാരം അത് 20.35 കോടി രൂപയാണ്. മന്ത്രിയായശേഷം താൻ ലോണെടുത്ത് വാങ്ങി വസ്തുവിന്റെ വിലകൂടി കണക്കാക്കിയതുകൊണ്ടാണ് ഈ വർധനയുണ്ടായതെന്നാണ് സദാനന്ദ ഗൗഡയുടെ വിശദീകരണം.

ഘനവ്യവസായ മന്ത്രി പി.രാധാകൃഷ്ണന്റെ സ്വത്ത് മൂന്നുകോടിയോളം വർധിച്ചു. 4.09 കോടിയിൽനിന്ന് 7.07 കോടിയായാണ് വർധന. ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ സ്വത്തിലുമുണ്ടായി ഒരുശതമാനം വർധന. 13.02 കോടിയായിരുന്ന സ്വത്ത് അഞ്ചുമാസം കൊണ്ട് 14.03 കോടിയായി മാറി. മന്ത്രിസഭാംഗങ്ങളിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ സ്വത്തുക്കളുണ്ടായത് സാമൂഹിക നീതി വകുപ്പ് മന്ത്രി തവാർ ചന്ദ് ഗെലോട്ടിനാണ്. കഴിഞ്ഞരണ്ടുവർഷത്തിനിടെ 323 ശതമാനമാണ് സ്വത്തിൽ വർധനയുണ്ടായത്. കൽക്കരി മന്ത്രി പിയൂഷ് ഗോപാലിന്റെ സ്വത്ത് 212 ശതമാനവും വർധിച്ചു. 2012-ൽ രാജ്യസഭാംഗമായ ഗെലോട്ടിന്റെ സ്വത്ത് 86.12 ലക്ഷം രൂപയായിരുന്നു. ഒക്ടോബറിലെ കണക്ക് പ്രകാരം അത് 3.64 കോടി രൂപയാണ്. പിയൂഷിന്റേത് 30.34 കോടിയിൽനിന്ന് 64.31 കോടിയായി വർധിച്ചു.

 

മന്ത്രിമാരുടെ സ്ഥാവരജംഗമ വസ്തുക്കളുടെ വില ശരിയാംവണ്ണം കണക്കാക്കാൻ സാധിക്കുന്നില്ലെന്ന് എഡിആർ പറയുന്നു. സ്വത്തുവിവരം ശരിയാംവിധം പരസ്യപ്പെടുത്താൻ തയ്യാറാകാത്തതും അതിന്റെ ഇന്നത്തെ വിപണിവില കണക്കാക്കാത്തതും വിവരങ്ങൾ കൃത്യമായി കണക്കാക്കുന്നതിന് തടസ്സമാകുന്നു. മന്ത്രിമാരായ ജിതേന്ദ്ര സിങ്, വി.കെ.സിങ്, അനന്ത് കുമാർ, ശ്രീപദ് നായിക്ക്, ഹർഷ് വർധൻ, വെങ്കയ്യ നായിഡു, സുഷമ സ്വരാജ് എന്നിവർ പി.എം.ഒ.യിൽ നൽകിയിട്ടുള്ളത് യഥാർഥ ആസ്തിയല്ലെന്നാണ് എ.ഡി.ആറിന്റെ കണ്ടെത്തൽ.