ന്യൂയോർക്ക്: സാധാരണയിൽ നിന്നു വ്യത്യസ്തമായി ഈ വർഷം പകർച്ചപ്പനി നേരത്തെ എത്തിയതായി റിപ്പോർട്ട്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി അതിശക്തമായ രീതിയിൽ ഫ്‌ലൂ പടരുന്നത് ആശങ്കയ്ക്കു വഴിയൊരുക്കുന്നതായി ആരോഗ്യപ്രവർത്തകർ.

36 സംസ്ഥാനങ്ങളിൽ അതിശക്തമായ രീതിയിലാണ് ഫഌ പടർന്നിരിക്കുന്നത്. പതിവിനു വിപരീതമായി ഫ്‌ലൂ വാക്‌സിൻ ആളുകളിൽ വേണ്ടത്ര പ്രതികരിക്കുന്നില്ലെന്നാണ് അറ്റ്‌ലാന്റയിലുള്ള ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സെന്റർ വ്യക്തമാക്കുന്നത്. H3N2 വിഭാഗത്തിൽപ്പെട്ട ഇൻഫ്‌ലൂവെൻസയാണ് ഇപ്പോൾ രാജ്യമെമ്പാടും പടർന്നിരിക്കുന്നത്. ഇത് ഇനിയും ശക്തമായ രീതിയിൽ തന്നെ പടരാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

ഈ വർഷം ഇതുവരെ പതിനെട്ടിൽ താഴെയുള്ള 15 കുട്ടികൾ ഫ്‌ലൂ മൂലം മരിച്ചെന്നാണ് സിഡിസി റിപ്പോർട്ട്. പനി ബാധിച്ച് ചികിത്സയ്‌ക്കെത്തുന്നവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞ സ്ഥിതിയാണ്. അതേസമയം ഫ്‌ലൂ പടരാതിരിക്കാൻ മിക്ക ആശുപത്രികളിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

തന്റെ എട്ടു വർഷത്തെ മെഡിക്കൽ ഡയറക്ടർ എന്ന നിലയിലുള്ള അനുഭവത്തിൽ ആദ്യമായാണ് ഇത്രയേറെ പകർച്ചപ്പനി ബാധിച്ചവരുടെ എണ്ണം വർധിച്ചിരിക്കുന്നതെന്ന് കൻസാസ് സിറ്റിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് കൻസാസ് ആശുപത്രി വക്താവ് ജിൽ ഷാദ്വിക് വ്യക്തമാക്കുന്നു. ഒരു ദിവസം തന്നെ 25 പേർ ഫ്‌ലൂ ബാധിച്ച് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടു. രണ്ടു പേർ മരിക്കുകയും ചെയ്തു.

സാധാരണ ഫ്‌ലൂ സീസണേക്കാൾ മൂന്നും നാലും ഇരട്ടി രോഗികളാണ് ഈ വർഷം ചികിത്സയ്‌ക്കെത്തിയിരിക്കുന്നതെന്ന് കൊളമ്പിയ പാൽമെട്ടോ ഹെൽത്ത് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോ. അന്ന കാത്‌റീൻ വെളിപ്പെടുത്തുന്നു. ഫ്‌ലൂവിനെതിരേ വാക്‌സിൻ എടുക്കുന്നത് മുൻകരുതൽ ആണെങ്കിലും ഈ വർഷം പടർന്നിരിക്കുന്ന H3N2 വൈറസിനെതിരേ നിലവിലുള്ള വാക്‌സിൻ ഫലപ്രദമല്ലെന്നാണ് സിഡിസി ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും ഫ്‌ലൂ മൂലമുള്ള മരണവും ആശുപത്രി വാസവുമൊക്കെ ഇത്തരം വാക്‌സിനേഷൻ മൂലം തടയാനാവുമെന്നാണ് സിഡിസി ഡയറക്ടർ ഡോ. ജുവാംഗ് പറയുന്നത്.

140 മില്യൺ വാക്‌സിനുകൾ മൊത്തത്തിൽ വിതരണം ചെയ്തിട്ടുള്ളതിൽ 40 ശതമാനം അമേരിക്കക്കാരും കുത്തിവയ്പ് സ്വീകരിച്ചിട്ടുണ്ട്. രണ്ടു വയസിൽ താഴെയുള്ള കുട്ടികളും 64 വയസിനു മുകളിലുള്ളവരും പഴകിയ ആസ്ത്മ രോഗമുള്ളവർക്കുമാണ് ഫ്‌ലൂ ഭീഷണി ഉയർത്തുന്നത്. ഓരോ വർഷവും  അഞ്ചു മുതൽ 20 ശതമാനം അമേരിക്കക്കാർക്കും ഫ്‌ലൂ ബാധിക്കാറുണ്ട്.

പകർച്ചപ്പനി കൂടുതൽ വ്യാപിക്കാതിരിക്കാൻ ചില മുൻകരുതൽ സിഡിസി നിർദ്ദേശിക്കുന്നു. ഫ്‌ലൂവിനെതിരേയുള്ള വാക്‌സിൻ എടുക്കുക, കഴിവതും ഏറെ തവണ കൈ കഴുകി വൃത്തിയായി സൂക്ഷിക്കുക, പനി ബാധിച്ചിട്ടുണ്ടെങ്കിൽ കഴിവതും വീട്ടിനുള്ളിൽ തന്നെ കഴിയുക. പനിയുമായി സ്‌കൂളിലോ ഓഫീസിലോ പോകുന്നവർ വൈറസ് പടരാൻ കാരണക്കാരാകുകയാണ് ചെയ്യുന്നത്. മരുന്ന് കൂടാതെ 24 മണിക്കൂർ നേരം പനിയില്ലാതെ ഇരുന്നാൽ നിങ്ങൾക്ക് സ്‌കൂളിലോ ഓഫീസിലോ പോകാം.