ധ്യയൂറോപ്പിനെ വിറപ്പിച്ചുകൊണ്ട് മോശം കാലാവസ്ഥ താണ്ഡവമാടുന്നു. ഫ്രാൻസ്, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ പേമാരിയിലും പ്രളയത്തിലും പെട്ട് നാലു പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. പല സ്ഥലങ്ങളിലും ആൾക്കാർ കുടുങ്ങിയത് മൂലം രക്ഷാപ്രവർത്തനം വളരെ സജീവമായിട്ടാണ് മുന്നേറുന്നത്. സ്‌കൂളുകളും പലതും അടച്ചു കഴിഞ്ഞു.

ഓസ്ട്രിയൻ അതിർത്തിയായ ബവേറിയയിൽ കനത്ത മഴയിൽ ചില പട്ടണങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. റോഡുകൾ തകർന്ന് ഗതാഗതം താറുമാറായി. പല മേഖളകളിലും വീടുകൾ വിട്ട് ആൾക്കാർ അഭയാർഥി മേഖലയിലേക്ക് താമസം മാറ്റി. മിന്നൽ പ്രളയം ശക്തമായതോടെ രക്ഷപ്പെടുന്നതിനായി വീടിന്റെ മേൽക്കൂരകളിൽ അഭയം തേടിയവരുമുണ്ട്. മിക്ക തെരുവുകളും വെള്ളത്തിനടിയിലാകുകയും ചെയ്തു.

ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരീസ് ഏതാണ്ട് മുഴുവനായും വെള്ളത്തിനടയിലായി. റിവർ സീൻ കരകവിഞ്ഞ് ഒഴുകിയതോടെ മിക്ക വീടുകളിലും വെള്ളം കയറി. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നാണ് ഇതുവിശേഷിപ്പിക്കപ്പെടുന്നത്. സെൻട്രൽ ഫ്രാൻസിലെ ചില പട്ടണങ്ങളിൽ വെള്ളപ്പൊക്കം ഏറെ ദുരിതം വിതയ്ക്കുന്നുണ്ട്. അയ്യായിരത്തിലധികം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടു. 20,000 പേർ വൈദ്യുതി ബന്ധമില്ലാതെ കഴിയുന്നു.

സീൻ നദി സാധാരണ നിലയിൽ നിന്ന് ആറു മീറ്റർ പൊക്കത്തിലാണ് കരകവിയുന്നത്. 1982-നു ശേഷം ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയും ഉയരുന്നത്. പാരീസിലെ ലോകപ്രശസ്ത ആർട്ട് മ്യൂസിയത്തിൽ നിന്നും മറ്റും കലാവസ്തുക്കൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തു കഴിഞ്ഞു. വെള്ളപ്പൊക്കം ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഗതാഗതവും താറുമാറായതോടെ നഗരം നിശ്ചലമായിരിക്കുകയാണ്.

നിനച്ചിരിക്കാതെ ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും പെട്ട് ജർമൻ ജനതയും വലയുന്നു. വെള്ളം കയറി ജനജീവിതം ദുസ്സഹമായതോടെ സ്‌കൂളുകൾക്കും ഓഫീസുകൾക്കും അവധി നൽകിയിരിക്കുകയാണ്. പ്രദേശവാസികളെ താത്ക്കാലിക രക്ഷാകേന്ദ്രങ്ങളിൽ അഭയം നൽകിയിരിക്കുകയാണ്. ബ്രെമൻ, ഹാനോവർ നഗരങ്ങളിൽ ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാൻ എമർജൻസി സർവീസ് അക്ഷീണം പരിശ്രമിക്കുന്നുണ്ട്.