ദോഹ : ലോകകപ്പ് ഫുട്‌ബോളിനായി ഖത്തറിലേക്ക് ടിക്കറ്റെടുക്കുന്ന ആരാധകർ ജാഗ്രതൈ. സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ അകത്താകും. ഫുട്‌ബോൾ ആരാധകരൊക്കെ തന്നെ, ശരി സമ്മതിച്ചു, പക്ഷേ രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നാണ് ഖത്തറിന്റെ കർക്കശനിർദ്ദേശം. യൂറോപ്യൻ ഫുട്‌ബോളിലും മറ്റും മത്സരത്തിന് ശേഷം രാത്രി വമ്പൻ മദ്യ പാർട്ടികളും, പരിചയക്കാർ തമ്മിലെ സെക്‌സുമൊക്കെ പതിവാണ്. എന്നാൽ, ഇത്തവണ, ഖത്തറിൽ, ലോക കപ്പിൽ ഇതാദ്യമായി, ലൈംഗിക ബന്ധത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വൺ നൈറ്റ് സ്റ്റാൻഡുകൾ നടപ്പില്ലെന്ന് ചുരുക്കം.

എന്നാൽ, ഭാര്യാ-ഭർത്താക്കന്മാരാണെങ്കിൽ സംഗതി ഒകെ. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധവും, സ്വവർഗ്ഗരതിയും ഒക്കെ ഖത്തറിൽ നിയമവിരുദ്ധമാണ്. അവിവാഹിതരായ കാണികൾക്കാണ് ലൈംഗിക ബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അവിവാഹിതരായ സ്ത്രീ പുരുഷന്മാർക്ക് ഷെയർ ചെയ്ത് റൂം വാടകയ്ക്ക് എടുക്കുവാനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിംഗിൽ നിന്നും വിലക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തർ. ലോകകപ്പ് ആരാധകരും ഇതിൽ നിന്ന് ഒരു തരത്തിലും ഒഴിവാക്കപ്പെട്ടിട്ടില്ല. ഖത്തറിലെ പൊതു നിയമത്തിൽ പരസ്യമായി മദ്യപിക്കുന്നത് വിലക്കിയിട്ടുമുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കപ്പെടാത്ത വസ്ത്രം ധരിക്കുന്നതും കുറ്റകരമാണ്. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിനും ഇവിടെ വിലക്കുണ്ട്. എന്നാൽ ലോക കപ്പിന്റെ സമയത്ത് ചില നിയമങ്ങളുടെ കട്ടി കുറയ്ക്കും എന്നും കരുതുന്നവരുണ്ട്. കടുകട്ടി നിയമങ്ങളുമായി ഖത്തർ ലോകകപ്പ് ആരാധകർക്ക് പണിയാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ടൂർണമെന്റിലേക്ക് എല്ലാവർക്കും സ്വാഗതമെന്ന് ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഫുട്‌ബോൾ ആരാധകന്റെയും സുരക്ഷ തങ്ങൾക്ക് സുപ്രധാനമെന്നും ഫിഫ പറഞ്ഞു. നവംബർ 21 നാണ് ലോക കപ്പ് ഫുട്‌ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. ഡിസംബർ 18 നാണ് ഫൈനൽ. 32 ടീമുകളാണ് മാറ്റുരയ്ക്കുക. 2026 ൽ 48 ടീമുകൾ ഉണ്ടാകും. യുഎസ്എയും മെക്്‌സികോയും, കാനഡയും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥ്യം അരുളുന്നത്.