മലപ്പുറം: നിലമ്പൂരിൽ ഉന്നത പദവിയിൽ നിന്ന് വിരമിച്ച ഡോക്ടറെ വയനാട് ലക്കിടിയിലെ റിസോർട്ടിൽ സ്ത്രീയോടൊപ്പം നിർത്തി ഫോട്ടോയെടുത്തു പണം തട്ടിയതിന് പിന്നിൽ ഉന്നതരെ വലവീശി ബ്ലാക്ക് മെയിൽ ചെയ്യുന്ന പെൺവാണിഭ സംഘം. സംഘത്തിലെ സ്ത്രീകളടക്കമുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു. ബ്ലാക്ക് മെയിൽ സംഘത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് ഡോക്ടറുടെ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ രണ്ടു പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. പെൺവാണിഭ സംഘമാണ് കേസിലെ പ്രതികൾ.
സമൂഹത്തിൽ ഉന്നത നിലയിൽ കഴിയുന്നവരെ കണ്ടെത്തി ട്രാപ്പിൽ പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി. സമീപിക്കുന്നവർക്ക് സ്ത്രീ വീക്ക്‌നസ് ഉള്ളവരാണോ എന്ന് സംഘം ഉറപ്പു വരുത്തിയാണ് തുടർന്നുള്ള നീക്കങ്ങൾ. നിലമ്പൂരിലെ അറുപത് പിന്നിട്ട ഡോക്ടറെ നാടകീയ നീക്കങ്ങളിലൂടെയാണ് സംഘം ട്രാപ്പിൽ അകപ്പെടുത്തിയത്. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെന്ന വ്യാജേന എത്തിയ സ്ത്രീ ഡോക്ടറെ ലക്കിടിയിലെ റിസോർട്ടിലേക്ക് എത്തിക്കുകയായിരുന്നു.

സംഘത്തിന്റെ ദിവസങ്ങൾ നീണ്ട ബ്ലാക്ക്‌മെയിൽ നീക്കങ്ങളുടെ കഥ ഇങ്ങനെ: കഴിഞ്ഞ മാസമാണ് ഡോക്ടറുടെ ക്ലിനിക്കിൽ ഗർഭിണിയായ സ്ത്രീ ചികിത്സക്കെന്നു പറഞ്ഞ് എത്തുന്നത്. ഡോക്ടറുടെ 'സ്ത്രീ താൽപര്യം' മനസിലാക്കി ഗർഭിണിയായ യുവതി ക്ലിനിക്കിൽ പല തവണ എത്തി. താൻ ഗർഭിണിയാണെന്നും മറ്റൊരു സ്ത്രീയെ ശരിയാക്കി തരാമെന്നും ഈ സ്ത്രീ ഡോക്ടറോടു പറഞ്ഞു. കസിൻ ഗായത്രി എന്ന സ്ത്രീയെ പരിചയപ്പെടുത്താമെന്നായിരുന്നു ഡോക്ടർക്ക് നൽകിയ ഉറപ്പ്.

ഗായത്രിയുമായി ചാറ്റ് ചെയ്യുന്നതിന് ഡോക്ടർക്ക് നമ്പരും നൽകി. ദിവസങ്ങളോളം ഇരുവരും വാട്‌സ് ആപ്പ് ചാറ്റിംഗും നടത്തി. എന്നാൽ ഗായത്രി എന്ന പേരിൽ വാട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്തിരുന്നത് ഗർഭിണിയായ സ്ത്രീയുടെ ഭർത്താവായിരുന്നു ഇതെന്ന് ഡോക്ടർ അറിഞ്ഞിരുന്നില്ല. ചാറ്റിംഗിനിടെ നേരിൽ കാണണമെന്ന് ഡോക്ടർ താൽപര്യം പ്രകടിപ്പിച്ചു. ഇതേ തുടർന്ന് ഗർഭിണിയായ യുവതിയുടെ ഭർത്താവ് സംഘത്തിലെ മറ്റൊരു സുഹൃത്തിനെ കാര്യങ്ങൾ അറിയിച്ചു. സുഹൃത്ത് മുഖേന ഡോക്ടർക്ക് വേണ്ടി മറ്റൊരു സ്ത്രീയെ കൊണ്ടുവരികയായിരുന്നു.

നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരമായിരുന്നു വയനാട് ലക്കിടിയിലെ റിസോർട്ടിൽ ഈ മാസം 10ന് എത്തിയത്. ഗർഭിണിയും ഭർത്താവും മറ്റ് സംഘാംഗങ്ങളും ചേർന്നാണ് റിസോർട്ടിലേക്ക് സ്ത്രീയെ എത്തിച്ചത്. കൊണ്ടുവന്ന സ്ത്രീയെ ഡോക്ടറോടൊപ്പം റിസോർട്ട് മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് മറ്റുള്ളവർ പുറത്തുനിന്നു. ഡോക്ടറുടെ മകളും ശുശ്രൂഷിക്കുന്ന പരിചാരകയുമാണ് കൂടെ ഉള്ളതെന്ന് റിസോട്ട് അധികൃതരെ ഇവർ ധരിപ്പിച്ചു.

അല്പം കഴിഞ്ഞ് റിസോർട്ട് ഉടമ പോയതിനു ശേഷം മറ്റുള്ളവർ മുറിക്കകത്ത് പ്രവേശിച്ചു. ശേഷം ഡോക്ടറോടൊപ്പം മുറിയിലുണ്ടായിരുന്ന സ്ത്രീയെ നഗ്‌നയാക്കി നിർത്തി ഫോട്ടോ പകർത്തുകയായിരുന്നു. ഇതിനിടെ ഡോക്ടറുടെ പേഴ്‌സ് പിടിച്ചുവാങ്ങി അതിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ എടുക്കുകയും പത്ത് ലക്ഷം തന്നില്ലെങ്കിൽ മൊബൈലിൽ എടുത്ത ഫോട്ടോകൾ പത്രക്കാർക്കും പൊലീസിനും നൽകുമെന്നും ഇന്റർ നെറ്റിലും സോഷ്യൽ മീഡിയകളിലും വിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഡോക്ടറുടെ കാറും സംഘാംഗങ്ങൾ തട്ടിയെടുക്കുകയുണ്ടായി. എന്നാൽ കാർ തട്ടി എടുക്കുന്നതിൽ പന്തികേടു തിരിച്ചറിഞ്ഞ് സംഘം കാർ ഡോക്ടർക്ക് തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. തുടർന്ന് നിരന്തരം ഫോണിലൂടെ പണം ആവശ്യപ്പെട്ടു. അത്രയും തുക പണമായി നൽകാൻ ഇല്ലെന്നും ചെക്ക് നൽകാമെന്നും സംഘത്തെ ഡോക്ടർ അറിയിച്ചു. ഇതനുസരിച്ച് രാത്രിയിൽ സംഘം ഡോക്ടറുടെ വീട്ടിലെത്തി. ചെക്ക് എഴുതി നൽകാൻ ഡോക്ടർ ശ്രമിച്ചെങ്കിലും സംഘത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടറുടെ ഭാര്യ ഇതിനെ വിലക്കി. എന്നാൽ ഈ ദിവസം സംഘം മടങ്ങിയെങ്കിലും വീണ്ടും ഡോക്ടറെ സംഘം പിന്തുടരുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് നിലമ്പൂർ പൊലീസിൽ പരാതിയുമായി ഡോക്ടർ രംഗത്ത് വരുന്നത്. പ്രതികളെ ഡോക്ടറെക്കൊണ്ട് പണം തരാമെന്ന് വിളിപ്പിച്ചാണ് മുഖ്യ സൂത്രധാരനായ മുണ്ടേരി തമ്പുരാട്ടി കല്ല് സ്വദേശി മണപ്പുറത്ത് രതീഷിനെ( 27) പൊലീസ് പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയായ കുനിപ്പാല് സ്വദേശി ഷിജു തോമസിനെ (29)അരീക്കോട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നിലമ്പൂർ സിഐ കെ.എം ബി.ജു മറുനാടൻ മലയാളിയോട് പറഞ്ഞു.