പാരീസ്: വിവാദമായ സെക്‌സ് ടേപ്പ് കേസിൽ ഫ്രഞ്ച് ഫുട്‌ബോൾ താരവും, റയൽ മാൻഡ്രിഡ് സ്‌ട്രൈക്കറുമായ കരീം ബെൻസിമ കുറ്റക്കാരനാണെന്ന് കോടതി. കരീം ബെൻസിമയ്ക്ക് ഒരു വർഷത്തെ സസ്‌പെൻഡഡ് തടവും, ആറരക്കോടി രൂപയോളം പിഴയുമാണ് കോടതി നൽകിയിരിക്കുന്ന ശിക്ഷ. കരീം ബെൻസിമയ്‌ക്കൊപ്പം പ്രതികളായ നാലുപേർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ആറ് വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്രഞ്ച് ഫുട്‌ബോൾ താരം മാത്യു വാൽബുവെനയ്‌ക്കെതിരെ ഇറങ്ങിയ സെക്‌സ് ടേപ്പ്, ഈ താരത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ ബെൻസിമ അടക്കം ഉണ്ടാക്കിയതായിരുന്നു എന്നാണ് കേസ്. 2015 ജൂണിലായിരുന്നു സംഭവം. വാൽബുവെനയെ ബ്ലാക്ക്‌മെയിൽ ചെയ്ത സംഘത്തിന് പണം നൽകാൻ കരീം ബെൻസിമ നിർബന്ധിച്ചതോടെയാണ് ബെൻസിമയ്ക്ക് ഇവരുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നത്.

കേസിൽ വിധി കേൾക്കാൻ ബെൻസിമയോ, കേസിലെ കക്ഷിയായ മാത്യു വാൽബുവെനയോ എത്തിയിരുന്നില്ല. നിലവിൽ ഗ്രീക്ക് ക്ലബായ ഒളിംപികോസിന്റെ താരമാണ് വാൽബുവെന. അതേ സമയം സസ്‌പെന്റഡ് തടവ് ശിക്ഷയായതിനാൽ ബെൻസിമയ്ക്ക് ജയിലിൽ കിടക്കേണ്ടി വരില്ലെന്നാണ് നിയമ വൃത്തങ്ങൾ പറയുന്നത്. കേസിൽ പങ്കില്ലെന്നാണ് ബെൻസിമ കോടതിയിലും ആവർത്തിച്ചിരുന്നത്. താൻ വാൽബുവെനെ സഹായിക്കാനാണ് ശ്രമിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. അതേ സമയം കോടതി ഉത്തരവ് കിട്ടിയാൽ അപ്പീൽ നൽകുമെന്നാണ് ബെൻസിമയുടെ വക്കീൽ അറിയിച്ചത് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം 2015 ൽ വിവാദം ഉയർന്നതിന് പിന്നാലെ ഇരുവരെയും ഫ്രഞ്ച് ടീമിൽ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ അഞ്ച് വർഷത്തോളം ഫ്രഞ്ച് ടീമിന് പുറത്തായിരുന്നു ബെൻസിമ. 2018 ലെ ഫുട്‌ബോൾ ലോകകപ്പ് അടക്കം പ്രമുഖമായ ടൂർണമെന്റുകൾ താരത്തിന് നഷ്ടമായി. ഒടുവിൽ 2021 യൂറോകപ്പിലാണ് താരം ദേശീയ ടീമിൽ തിരിച്ചെത്തിയത്.