തിരുവനന്തപുരം: ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങിയ മലയാള സിനിമ 'സെക്‌സി ദുർഗ'യുടെ പേര് ഇനി 'എസ് ദുർഗ'. സെൻസർ ബോർഡിന്റെ ഇടപെടൽ കൊണ്ടാണു പേരു മാറ്റേണ്ടി വന്നതെന്നു സംവിധായകൻ സനൽ ശശിധരൻ അറിയിച്ചു.എന്നാൽ, വിദേശരാജ്യങ്ങളിലും ഓൺലൈനിലും സെക്‌സി ദുർഗ എന്ന പേരിൽ തന്നെ ചിത്രം പ്രദർശിപ്പിക്കും.

സിനിമയുടെ പേരിനെതിരെ ചിലർ സെൻസർ ബോർഡിനു പരാതി നൽകിയിരുന്നു. സിനിമ സെൻസർ ചെയ്തശേഷം പേരു മാറ്റാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് ബോർഡ് അറിയിച്ചത്. തുടർന്ന് 'എസ് ദുർഗ' എന്ന പേരു നിർദ്ദേശിച്ചു. യു-എ സർട്ടിഫിക്കറ്റാണു ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള റോട്ടർഡാം പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് സെക്‌സി ദുർഗ.വിദേശരാജ്യങ്ങളിലും ഓൺലൈനിലും സെക്‌സി ദുർഗ എന്ന പേരിൽ തന്നെ ചിത്രം പ്രദർശിപ്പിക്കും.

ചിത്രത്തിന് പത്തോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സനൽ കുമാർ ശശിധരന്റെ മൂന്നാമത്തെ ചിത്രമാണ് സെക്‌സി ദുർഗ. കണ്ണൻ നായരും രാജശ്രീ ദേശ്പാണ്ഡെയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉന്മാദിയുടെ മരണം എന്ന നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് സനൽ കുമാർ.

പൂർണമായും ജനകീയ ഫണ്ടിൽ നിർമ്മിച്ച ഒരാൾപ്പൊക്കമാണ് സനൽ കുമാർ ശശിധരന്റെ ആദ്യ ചിത്രം. മീന കന്ദസാമിയും പ്രകാശ് ബാരെയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച ഒഴിവ് ദിവസത്തെ കളി ആണ് സനലിന്റെ രണ്ടാമത്തെ ചിത്രം.