ദോഹ: വീഡിയോ ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഖത്തറിലെത്തിച്ച യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുളിമുറി ദൃശ്യങ്ങൾ അറിയാതെ പകർത്തിയശേഷം ബ്ലാക്‌മെയിൽ ചെയ്ത് നൂറിലധികം പേർക്കു യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. 120 ഓളം പേർക്കാണ് തന്നെ കാഴ്ചവച്ചതെന്ന് യുവതിതന്നെ നേരിട്ടു പറഞ്ഞു.

കൊല്ലം സ്വദേശിയായ യുവതിയാണ് തനിക്കു നേരിടേണ്ടിവന്ന ക്രൂരപീഡനങ്ങൾ വെളിപ്പെടുത്തിയത്. പീപ്പിൾ ചാനൽ ലോക വനിതാദിനത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിയിലാണ് യുവതി ഇക്കാര്യങ്ങൾ പറഞ്ഞത്. പലവട്ടം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും യുവതി കൂട്ടിച്ചേർത്തു.

തന്നെ പീഡിപ്പിച്ചതിനു പിന്നിൽ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്ന് യുവതി പറയുന്നു. ഗുലാമി, അനിൽ എന്നീ ഗുണ്ടകളുടെ പേരും യുവതി വെളിപ്പെടുത്തി. അഞ്ചോളം പെൺകുട്ടികളെ ഇവർ ഖത്തറിലെത്തിച്ചതായാണു യുവതി പറയുന്നത്. പ്രതികൾ തന്നെ ഇപ്പോഴും ബ്ലാക് മെയിൽ ചെയ്യുന്നുണ്ടെന്നും യുവതി പറയുന്നു. തന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞാണ് ബ്ലാക് മെയിൽ ചെയ്യുന്നത്.

പീഡനവിവരം അറിഞ്ഞപ്പോൾ ഭർത്താവുപോലും തന്നെ തള്ളിപ്പറഞ്ഞുവെന്നും ഈ ഹതഭാഗ്യ വിലപിക്കുന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾതന്നെ ഭർത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. തന്നെ നിരന്തരമായി പീഡനത്തിന് ഇരായാക്കിയ കാര്യം പറഞ്ഞ് പൊലീസിൽ അടക്കം പരാതി നല്കിയിട്ടുണ്ട്. നീതിക്കായുള്ള പോരാട്ടം തുടരും. കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും യുവതി പറഞ്ഞു.