ചണ്ടിഗഡ്:അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ വലിയ പ്രതീക്ഷയാണ് ആംആദ്മി പാർട്ടി വച്ച് പുലർത്തുന്നത്. എന്നാൽ ഇതിന് തിരിച്ചടിയായി പാർട്ടി സംസ്ഥാന ഘടകത്തിൽ ഭിന്നിപ്പ് രൂക്ഷമാവുകയാണ്.

ഒരു ആംആദ്മി നേതാവ് വീട്ടമ്മയോട് അപമാനകരമായ രീതിയിൽ സംസാരിച്ചിട്ടും അയാൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കേസ് ഒതുക്കി തീർക്കാനാണ് പാർട്ടി നേതൃത്വം ശ്രമിച്ചത് എന്ന ആരോപണവുമായി രംഗതെത്തിയിരിക്കുകയാണ് ആംആദമി പാർട്ടിയുടെ യുവജന വിഭാഗം നേതാവായ രവീന്ദർ സിങ്ങ് ധില്ലൺ. ഇന്നലെ ഈ ഓഡിയോ ക്ലിപ്പുകൾ മാദ്ധ്യമപ്രവർത്തകർക്ക് ഇയാൾ നൽകുകയും ചെയ്തു. പണം ഇറക്കി കേസ് ഒത്തുതീർപ്പാക്കിയെന്നാണ് ഇപ്പോൾ ഇവരുടെ ആരോപണം. സംഭവം വിവാദമായതോടെ നേതാവിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പ്രശ്‌നം ഒതുക്കി തീർക്കുകയായിരുന്നു.

പാർട്ടിയുടെ മുതിർന്ന നേതാക്കൾക്ക് ഇതിനെ കുറിച്ച് നന്നായി അറിയാമായിരുന്നുവെന്നും എന്നിട്ടും നടപടിയെടുത്തില്ലെന്നുമാണ് ധില്ലൺ ആരോപിക്കുന്നത്. അതേസമയം തങ്ങൾക്ക് ഇതേ കുറിച്ച് അറിയില്ലെന്നും സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കുമെന്നുമാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പാർട്ടിക്ക് ശുഭ സൂചനയല്ലെന്നാണ് പൊതുവികാരം. ഡൽഹി കഴിഞ്ഞാൽ പാർട്ടിക്ക് ഏറ്റവുമധികം ശക്തിയുള്ള പ്രദേശമാണ് പഞ്ചാബ്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4 എംപിമാരെയാണ് പാർട്ടിക്ക് ഇവിടെ നിന്നും വിജയിപ്പിക്കാനായത്.ഇപ്പോൾ ഉയർന്നിരിക്കു്‌നന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പാർട്ടി വക്താവ് ഹിമ്മത് സിങ്ങ് ഷെർഗിൽ പ്രതികരിച്ചത്.