തിരുവനന്തപുരം: ' സാർ ഞാൻ എഴാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് എനിക്ക് പറയാനുള്ളത് എന്റെ മലയാളം അദ്ധ്യാപകനെ കുറിച്ചാണ്. സാറിന്റെ ഭാര്യയുടെ ഫോട്ടോ കാണിച്ചു തരാമെന്ന് പറഞ്ഞ് കയ്യൊന്നുമില്ലാത്ത ഇറക്കം കുറഞ്ഞ ഡ്രസ് എനിക്ക് കാണിച്ചു തന്നു.സാറു ശരീരത്തിൽ പിടിച്ചു. ഒരു ദിവസം സാറ് എന്നെ വിളിപ്പിച്ചപ്പോൾ എന്റെ നെഞ്ചിൽ പിടിച്ചമർത്തി എനിക്ക് വേദനിച്ചു. അന്ന് സ്‌ക്കൂൾ വിട്ടപ്പോൾ എന്റെ കൈയിൽ പിടിച്ചു.എന്നെ വിട്ടില്ല എന്റെ പിറകെ പിടിച്ചു. എനിക്കാ സാറിനെ പേടിയാണ് ''- തന്റെ അദ്ധ്യാപകനെ കുറിച്ച് ഒരു കുട്ടി സ്‌ക്കൂളിലെത്തിയ കൗൺസിലർമാർക്ക് എഴുതി നൽകിയ കുറുപ്പാണിത്.

വർക്കല നിയോജക മണ്ഡലത്തിലെ സ്‌ക്കൂളുകളിലെ കുട്ടികളുടെ മാനസിക സമ്മർദ്ദവും ചൂഷണവും കുറക്കാനായി മുൻസിപ്പാലിറ്റി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൗൺസിലർമാർ സ്‌ക്കൂളിലെത്തിയത്. ആരിൽ നിന്നെങ്കിലും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് എഴുതി നൽകാൻ എല്ലാവരോടുമായി പറഞ്ഞപ്പോഴാണ് തന്റെ ബുക്കിലെ ഒരു പേപ്പർ കീറി എന്തോ കുത്തി കുറിച്ച ശേഷംപേടിനിറഞ്ഞ കണ്ണുകളുമായി ആ കുട്ടി കൗൺസിലർമാർക്ക് അടുത്ത് എത്തിയത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ കൗൺസിലർമാർ കുട്ടിയോടു വിശദമായി തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടി പറഞ്ഞ മുഴുവൻ കാര്യങ്ങളും വീഡിയോയിൽ പകർത്തി കുട്ടി കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് എഴുതി നല്കിയതിനെക്കാൾ ചൂക്ഷണം അദ്ധ്യാപകന്റെ ഭാഗത്തു നിന്നും തുടരുന്നുവെന്ന് ബോധ്യപ്പെട്ടത്.

അദ്ധ്യാപകന്റെ ലൈംഗിക ചൂഷണം സംബന്ധിച്ച വിവരങ്ങൾ കൗൺസിലർമാരെ നിയന്ത്രിക്കാൻ ചുമതലപ്പെട്ട വർക്കലയിലെ തന്നെ ഒരു സ്‌ക്കൂളിലെ പ്രധാന അദ്ധ്യാപകനെ ധരിപ്പിച്ചു. ഒപ്പം ഒരു അന്വേഷണ റിപ്പോർട്ടും കുട്ടിയുടെ വെളിപ്പെടുത്തൽ വീഡിയോയും ഇവർ കൈമാറി. എന്നാൽ ആരോപണ വിധേയൻ ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാവും സിപിഎം പ്രവർത്തകനുമാണെന്ന് മനസിലായ പ്രധാന അദ്ധ്യാപകൻ റിപ്പോർട്ടും വീഡിയോയും കൗൺസിലർമാരെ തന്നെ തിരികെ എൽപ്പിച്ചു. തൽക്കാലം നടപടിക്ക് പോകണ്ടെന്ന് ഉപദേശവും നല്കി. ഇതിനിടെ തങ്ങളെ നിയമിച്ച മുൻസിപ്പാലിറ്റി അധികൃതരെയും കൗൺസിലർമാർ കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ മുന്നോട്ടു പോകേണ്ടതില്ലന്ന നിർദ്ദേശമാണ് ലഭിച്ചത് ഇതോടെ കൗൺസിലർമാർ പിൻവാങ്ങി.

ഇതിനിടെ സംഭവം പുറത്തായതോടെ ചൂഷണം സംബന്ധിച്ച വിവരം ചൈൾഡ് ലൈനിനെയും ചൈൾഡ് വെൽഫയർ കമ്മിറ്റിയേയും പൊതു പ്രവർത്തകനായ എം ജെ ആനന്ദ് അറിയിച്ചു. കഴിഞ്ഞ മാസം ആദ്യം ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ ചൂക്ഷണത്തിന് ഇരയായ പെൺകുട്ടിയെ ചൈൾഡ് ലൈൻ പ്രവർത്തകർ നേരിൽ കണ്ടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് മൊഴിയും രേഖപ്പെടുത്തി. കുട്ടിയുടെ മൊഴിയും റിപ്പോർട്ടും അടക്കം വർക്കല പൊലീസിന് കൈമാറിയതോടെയാണ്കേസ് അട്ടിമറിക്കാൻ തുടങ്ങിയതെന്ന് ആനന്ദ് പറയുന്നു. ചൂഷണത്തിന് ഇരയായ കുട്ടിയുടെ വീട്ടിൽ എത്തിയ പൊലീസ് ഭയപ്പെടുത്തി വീട്ടുകാരെ പിന്മാറ്റിച്ചുവെന്നാണ് ആരോപണം. വർക്കല എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് പല പ്രാവിശ്യം ഇരയുടെ വീട്ടിൽ പോയി പോക്സോ കേസിൽ ഇരയിൽ നിന്നു മൊഴി എടുക്കാൻ പാലിക്കപ്പെടേണ്ട ചട്ടങ്ങളോ നിയമങ്ങേളോ പാലിച്ചില്ലെന്ന് മാത്രമല്ല വീട്ടുകാരെ പിന്തിരിപ്പിക്കാൻ പോലും ശ്രമിച്ചുവെന്നാണ് ആരോപണം.

കുട്ടിയുടെ ഭാവി, സ്‌ക്കൂളിന്റൈ സൽപ്പേര് എന്നൊക്കെ പറഞ്ഞു സിപിഎമ്മിന്റെ ചില നേതാക്കളും ഇരയുടെ വീട്ടിൽ എത്തിയിരുന്നു. ഇതോടെ ഇരയ്‌ക്കോ കുടുംബത്തിനോ പരാതി ഇല്ലന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. പ്രതിക്കൂട്ടിൽ നിൽക്കേണ്ട അദ്ധ്യാപകൻ ഇപ്പോഴും സ്‌ക്കൂളിൽ നെഞ്ചും വിരിച്ചു നടക്കുന്നുണ്ട്. ഇയാൾക്കെതിരെ നേരത്തെയും ചില പരാതികൾ ഉണ്ടായെങ്കിലും എല്ലാം ഒതുക്കി തീർക്കുകയായിരുന്നു. യൂണിയൻ നേതാവെന്ന പരിഗണനയും സിപിഎമമിന്റെ ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധവും ചൈൾഡ് വെൽഫെയർ കമ്മിറ്റിയിൽ ആരോപണ വിധേയനായ അദ്ധ്യാപകന് ഗുണമായി.

ചൈൽഡ് ലൈൻ പരാതി പരിശോധിച്ച് നടപടിക്ക് നിർദ്ദേശിച്ച് പൊലീസിന് കൈമാറിയെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി പരാതി നല്കിയ ആളെ തിരിക വിരട്ടാനാണ് ശ്രമിച്ചതെന്ന് പൊതു പ്രവർത്തകനായ ആനന്ദ് പറയുന്നു. മുഴുവൻ കാര്യങ്ങളും വിവരച്ച ആനന്ദ് ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് റൂറൽ എസ പി.ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമം കർക്കശമാക്കാൻ കേന്ദ്ര മന്ത്രിസഭ' തീരുമാനിച്ചതിനിടെയാണ് ഇവിടെ വർക്കലയിൽ പോക്സോ കേസ് തന്നെ മൂടി വെയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. രാജ്യത്തു കുട്ടികൾക്കെതിരെ അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ നിയമത്തിലെ 7 വ്യവസ്ഥകളാണു ഭേദഗതി ചെയ്യുക.2012 നിയമത്തിലെ 4,5,6,9,14,15, 42 വകുപ്പുകളാണ് ഭേദഗതിചെയ്യുന്നത്. നിഷ്ഠുരമായ ലൈംഗികാതിക്രമ കേസുകളിൽ പരമാവധി വധശിക്ഷ ഉറപ്പാക്കുന്നനിയമഭേദഗതിയാണ് കൊണ്ടുവരികയെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

നിലവിൽ ഇത്തരം കേസുകളിൽ കുറഞ്ഞ ശിക്ഷ ഏഴ് വർഷവും പരമാവധി ശിക്ഷ ജീവപര്യന്തവുമാണ്.പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാനാണ് 9ാം വകുപ്പ് ഭേദഗതി. ശരീരവളർച്ച വേഗമെത്താൻ ഹോർമോണുകളോ മറ്റ് രാസപദാർഥങ്ങളോ ഉപയോഗിച്ച് കുട്ടികളെ ' പീഡിപ്പിക്കുന്നത് തടയാനുള്ള വ്യവസ്ഥകൾ ഭേദഗതിയിലുണ്ടാകും. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാണ് 14, 15 വകുപ്പുകളുടെ ഭേദഗതി. ഇത്തരം വീഡിയോകൾ സൂക്ഷിക്കുന്നവർക്കും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താത്തവർക്കും കനത്ത പിഴ ചുമത്താനും വ്യവസ്ഥയുണ്ടാകും. പരാതി നൽകാനോ കോടതിയിൽ തെളിവ് സമർപ്പിക്കാനോ അല്ലാതെ ഇത്തരം വീഡിയോകൾ കൈമാറ്റം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് തടവുശിക്ഷ ഉറപ്പാക്കും.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പൂർണമായും ഇല്ലാതാക്കാനാണ് പോക്സോ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന് സർക്കാർ അവകാശപ്പെട്ടു. ജമ്മുവിലെ കഠ്വയിൽ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ സംഭവത്തിനുശേഷം ഇത്തരം ലൈംഗികാതിക്രമ കേസുകളിൽ വധശിക്ഷതന്നെ നൽകണമെന്ന ആവശ്യം ശക്തമാണ്. സുപ്രീംകോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെ പോക്സോ നിയമം ഭേദഗതിചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികൾക്ക് ചുരുങ്ങിയത് 20 വർഷം കഠിനതടവും പരമാവധി വധശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഏപ്രിലിൽ പാസാക്കിയിരുന്നു.