തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാൻ ശ്രമിച്ചത്. ബ്രിട്ടൻ, ഫ്രാൻസ് എന്നി രാജ്യങ്ങളിലെ രണ്ട് വിദേശ വനിതകൾ വർക്കല പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വർക്കല തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയിൽ പറയുന്നു. നടക്കാനിറങ്ങിയ തങ്ങൾക്ക് നേരെ ചിലർ നഗ്‌നതാ പ്രദർശനം നടത്തിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ഇവർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം നടന്ന സ്ഥലത്ത് വെളിച്ചം കുറവാണ്. ഈസമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചത് മൂലം ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഇവരെ കുറിച്ച് ഏകദേശം രൂപം ലഭിച്ചതായാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ എട്ട് മാസമായി വർക്കലയിലെ ഒരു ഹോം സ്റ്റേയിലാണ് മൂന്ന് പേരും താമസിക്കുന്നത്. ഇവർക്കൊപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.