മലപ്പുറം: വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിയായ കാലിക്കറ്റ് സർവ്വകലാശാലയിലെ അദ്ധ്യാപകനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത അദ്ധ്യാപകന്റെ അറസ്റ്റ് രാത്രിയോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്.കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുടെ പരാതിയിൽ അദ്ധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസർ ഹാരിസ് കോടമ്പുഴയാണ് അറസ്റ്റിലായത്.

കേസിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് 354 വകുപ്പ് പ്രകാരമാണ് തേഞ്ഞിപ്പലം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.അദ്ധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ന് എം.എസ്.എഫ് പൊലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർകൂടിയായ ഹാരിസ് കോടമ്പുഴയയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഹാരിസിനെതിരെ ഒരു വിദ്യാർത്ഥിനി വൈസ് ചാൻസലർക്കും വകുപ്പ് തലവനും നൽകിയ പരാതിയിലാണ് സസ്‌പെൻഷനെങ്കിലും ഇദ്ദേഹത്തിനെതിരെ കൂടുതൽപേർ പരാതികൾ ഉയർന്നുവന്നിരുന്നു.

പരാതി ഇന്റേണൽ കംപ്ലയിന്റ് സെല്ലിലേക്ക് സമർപ്പിക്കുകയും സെല്ലിന്റെ ശുപാർശ അനുസരിച്ച് ഹാരിസിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തതെന്ന് കാലിക്കറ്റ് സർവകലാശാല രജിസ്റ്റ്രാർ അറിയിച്ചത്. പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റുമാണ് പരാതി.ഇത് സംബന്ധമായി തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയതിരുന്നത്. എന്നാൽ മുമ്പ് കോച്ചിങ് സെന്റർ നടത്തിയിരുന്ന ഇദ്ദേഹം വിവാഹമോചിതനാണെന്നും സമാനമായി നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഗുരുതരാ ആരോപണവുമായി എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ. തൊഹാനി രംഗത്തുവന്നിരുന്നു.

അക്കാദമിക സഹായം വാഗ്ദാനം ചെയ്ത് ഇയാൾ വിദ്യാർത്ഥിനികളിൽ നിന്നും ലൈംഗിക സഹായം ആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് തെഹാനിയുടെ ആരോപണം. ആദ്യം വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഈ ബന്ധം പിന്നീട് ദൃഢമായിക്കഴിഞ്ഞാൽ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവെന്നുമാണ് പരാതി.

നിരവധി വിദ്യാർത്ഥിനികളെ ഇത്തരത്തിൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി വിവരമുണ്ടെന്നും വിവാഹ വാഗ്ദാനം ചെയ്തും ഇയാൾ പീഡിപ്പിച്ചതായും തെഹാനി ആരോപിക്കുന്നു. ആത്മാർത്ഥമായ സ്‌നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിക്കുന്നുണ്ടെന്നും, ഇയാളുമായി വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്‌സ് ആയവർ വരെ കൂട്ടത്തിലുണ്ടെന്നും ഇക്കാര്യങ്ങൾ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും തൊഹാനി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഒരു സസ്‌പെൻഷൻ നാടകം കൊണ്ട് തീരുന്നതാകരുത് ഈ റേപ്പിസ്റ്റിനെതിരെയുള്ള നടപടിയെന്നും ഇനിയും കൂടുതൽ വിദ്യാർത്ഥിനികളെ ഇയാൾക്ക് മുമ്പിലേക്ക് ഇട്ടുകൊടുക്കാതെ ഇയാളെ സർവ്വീസിൽ നിന്ന് ഉടൻ പിരിച്ച് വിടണമെന്നും ഇവർ ആവശ്യപ്പെട്ടു.
യുവജന, വനിതാ കമ്മീഷനുകളും ഈ വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും യൂണിവേഴ്‌സിറ്റിയുടെയും സർക്കാരിന്റെയും ഭാഗത്ത് ശക്തമായ നടപടികളുണ്ടായില്ലെങ്കിൽ എം.എസ്.എഫിനൊപ്പും ഹരിതയും രംഗത്തിറങ്ങുമെന്നും അഡ്വ. തൊഹാനി തന്റെ ഫേസ്‌ബുക്ക്കുറിപ്പിൽ വ്യക്തമാക്കി.