- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴു വയസ്സുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ; ചെന്നൈയിലേക്ക് കടന്ന പ്രതി തിരിച്ച് കോഴിക്കോട്ടെത്തിയപ്പോൾ പിടിയിലായത് റെയിൽവേ സ്റ്റേഷനിൽ വെച്ച്
കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴു വയസ്സുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇന്ന് പുലർച്ചെയാണ് പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽപൊയിൽ എളാങ്ങൽ മുഹമ്മദിനെ(46) കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് പിടികൂടിയത്. പ്രതിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ഭിന്നശേഷിക്കാരിയായ 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കുട്ടി കുതറിയോടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കി.
പെൺകുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടിക്കൊണ്ടുവന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തു നിന്നും ജൂപ്പിറ്റർ സ്‌കൂട്ടറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.പിന്നീട് വഴിയിൽ വാഹനം ഉപേക്ഷിച്ച് ഇയാൾ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു.
ചെന്നൈയിൽ നിന്ന് തിരിച്ച് കോഴിക്കോട്ടെത്തിയ സമയത്ത് പുലർച്ചെ രണ്ടരക്കാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തത് പൊലീസിനെ കുഴക്കിയിരുന്നു. എന്നാൽ മറ്റു ഫോണുകളിൽ നിന്ന് ഇയാൾ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും വിളിച്ചിരുന്നു. ഈ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ രണ്ടു കേസുകളാണ് എടുത്തിരിക്കുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.