മലപ്പുറം: വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയ്കനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റു ചെയ്തു. കോഹിനൂർ കോളനിയിൽ താമസിക്കുന്ന കുന്നംകുളത്ത് വീട്ടിൽ വേലായുധൻ എന്ന ബാബുവിനെ (54)ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിൽ തേഞ്ഞിപ്പലം സ്വദേശിയായ വയോധിക കഴിഞ്ഞ ദിവസം നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച ഇവർ ബന്ധുവീട്ടിൽ താമസിച്ചു വരികയായിരുന്നു. ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് മാനസിക പ്രയാസങ്ങൾ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം ഇവർ പറയുന്നത്.

വിവാഹിതനായ പ്രതി സംഭവത്തിന് ശേഷം കോട്ടക്കലിലെ മദ്യാസക്തിക്ക് ചികിത്സ ലഭിക്കുന്ന കേന്ദ്രത്തിലായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയാണ് തേഞ്ഞിപ്പലം സിഐ. എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.