1983 മുമ്പേ പിനൈൽ പ്രോസ്തസസ് മാത്രമായിരുന്നു പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവിനുള്ള പ്രതിവിധി. അതിനുശേഷം വയാഗ്ര പോലുള്ള മരുന്നുകൾ, ലിംഗത്തിൽ കുത്തിവയ്ക്കാനുള്ള മരുന്നുകൾ, മൂത്രദ്വാരത്തിൽ വയ്ക്കാനുള്ള മരുന്നുകൾ, വാക്വം ഉപകരണങ്ങൾ മുതലായവ പ്രചാരത്തിലായി. ഈ ഉപാധികൾ പ്രയോഗിച്ചശേഷം മാത്രമേ പിനൈൽ പ്രോസ്തസസ് ശസ്ത്രക്രിയ നടത്തൂ.

 പിനൈൽ പ്രോസ്തസസ് രണ്ടുതരത്തിലാണ്, സെമി റിജിഡ്, ഇൻഫ്‌ളേറ്റബിൾ. സെമി റിജിഡ് ഇംപ്‌ളാന്റുകൾ സിലിക്കോൺ റബർ ഉപയോഗിച്ച് ഉണ്ടാക്കിയവയാണ്. ഇൻഫ്‌ളേറ്റബിൾ പ്രോസ്തസസ് - രണ്ടു ഭാഗങ്ങളുള്ളതും മൂന്നു ഭാഗങ്ങളുള്ളതുമായി തിരിച്ചിരിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള ഇൻഫ്‌ളേറ്റബിൾ ഇംപ്‌ളാന്റ് എ.എം.എസ് എന്ന അമേരിക്കൻ കമ്പനി ഉണ്ടാക്കുന്നതാണ്.

ലിംഗത്തിൽ വച്ചുപിടിപ്പിക്കുന്ന രണ്ടു സിലിണ്ടറുകളും വൃഷണത്തിൽവയ്ക്കുന്ന ഒരു പമ്പ്-റിസർവോയറും ആണ് ഉള്ളത്. മൂന്നു ഭാഗങ്ങളുള്ള പിനൈൽ ഇംപ്‌ളാന്റിൽ ലിംഗത്തിലെ രണ്ടു സിലിണ്ടറുകളും വൃഷണത്തിലെ പമ്പ്, അടിവയറ്റിലെ റിസർവോയർ മുതലായവയാണ് ഉള്ളത്. ഇത് മെന്റർ, എ.എം.എസ് മുതലായ അമേരിക്കൻ കമ്പനികളാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ എ.എം.എസ് ഉത്പാദിപ്പിക്കുന്ന അൾട്രക്‌സ് എന്ന പ്രോസ്തസസ് നീളം കൂട്ടാനുള്ള സംവിധാനവുമുണ്ട്.

കഴിഞ്ഞ വർഷങ്ങളിലായി വളരെയധികം പുരോഗതി ഈ രംഗത്തുണ്ടായിട്ടുണ്ട്. ആന്റിബയോട്ടിക്കുകൾ പുരട്ടിയ പ്രോസ്തസസുകൾ, രോഗി അറിയാതെ തനിയെ ഉദ്ധാരണം ഉണ്ടാക്കാത്ത പ്രോസ്തസസുകൾ, സിലിണ്ടറിന് കൂടുതൽ ബലം നൽകുന്ന വസ്തുക്കൾ ഉപയോഗിച്ച പുതിയ പ്രോസ്തസസുകൾ മുതലായവയാണിവ.

എല്ലാതരം പ്രോസ്തസസുകളും നല്ല ഫലം നൽകും. സെമിറിജിഡ് പ്രോസ്തസസുകൾ ഇന്ത്യയിലും ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയെ വിലനിലവാരം: ഇന്ത്യൻ നിർമ്മിത സെമിറിജിഡ് ഇംപ്‌ളാന്റുകൾ 14000 രൂപ. അമേരിക്കൻ നിർമ്മിത സെമിറിജിഡ് ഇംപ്‌ളാന്റുകൾക്ക് 80000 രൂപ.

അമേരിക്കൻ നിർമ്മിത ഇൻഫ്‌ളേറ്റബിൾ ഇംപ്‌ളാന്റുകൾക്ക് രണ്ടര ലക്ഷം മുതൽ രണ്ടേമുക്കാൽ ലക്ഷം വരെ വിലവരും. കൈകൾക്ക് സ്വാധീനമില്ലാത്ത രോഗികൾക്ക് സെമിറിജിഡ് പ്രോസ്തസസുകളാണ് അനുയോജ്യം. മൂത്രാശയ കാൻസർ ഉള്ള രോഗികൾക്ക് പലതവണ എൻഡോസ്‌കോപിക് ശസ്ത്രക്രിയ വേണ്ടിവരുന്നതിനാൽ ഇത്തരം രോഗികൾക്ക് ഇൻഫ്‌ളേറ്റബിൾ ഇംപ്‌ളാന്റുകളാണ് അഭികാമ്യം.ഈ ചികിത്സാരീതികൾ പാശ്ചാത്യരാജ്യങ്ങളോടൊപ്പം കേരളത്തിലും ലഭ്യമാണ്.