ഡബ്ലിൻ: രാജ്യത്ത് ഓരോ ദിവസവും ഓരോരുത്തർ എന്ന കണക്കിന് ബലാത്സംഗത്തിന് ഇരയാകുന്നതായി പുതിയ ക്രൈം റിപ്പോർട്ട്. മൊത്തത്തിൽ രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ ഏറിവരികയാണെന്നും വീടുകളിൽ അതിക്രമിച്ചു കയറുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വീടുകളിൽ നടത്തുന്ന കവർച്ച തടയാൻ മന്ത്രി തലത്തിൽ നടപടികൾ കൈക്കൊണ്ടിരുന്നുവെങ്കിലും ഇക്കാര്യം ഫലപ്രദമായി തടയാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. 2015-ൽ കവർച്ചാ നിരക്ക് 26,246 എന്ന തോതിലാണ് നിൽക്കുന്നത്. മുൻ വർഷത്തിൽ ഇത് 27,635 ആയിരുന്നു. അഞ്ചു ശതമാനം എന്ന തോതിൽ നേരിയ കുറവ് കവർച്ചയുടെ കാര്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തിന്റെ അവസാനപാദത്തിൽ കവർച്ചാ നിരക്ക് വർധിക്കുകയായിരുന്നു.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡേറ്റയുടെ റിപ്പോർട്ട് പ്രകാരമാണിത്. രാജ്യമെമ്പാടും 536 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷത്തെക്കാൾ 12 ശതമാനം കൂടുതലാണിത്. ബുദ്ധിമാന്ദ്യം സംഭവിച്ചവരേയും മറ്റു തരത്തിലുള്ള ലൈംഗികാതിക്രമങ്ങളേയും ഇക്കൂട്ടത്തിൽ പെടുത്തുന്നു. ശരാശരി പ്രതിദിനം ആറു പേരിലധികം പേർ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നു.

അതേസമയം കൊലപാതക നിരക്കിൽ വൻ കുറവാണ് വന്നിട്ടുള്ളത്. 40 ശതമാനത്തോളമാണ് ഇതു കുറഞ്ഞിരിക്കുന്നത്. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും മൂലമുള്ള അപകടങ്ങളും മയക്കുമരുന്ന് ഉപയോഗിച്ച ശേഷമുള്ള കുറ്റകൃത്യങ്ങളും കുറഞ്ഞിട്ടുണ്ട്. എന്നാൽ വേശ്യാവൃത്തിയുടെ കാര്യത്തിൽ വൻ വർധനയാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. 50 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. കാർ മോഷണം കുറഞ്ഞുവെങ്കിലും കടകളിൽ കയറിയുള്ള മോഷണം വർധിച്ചിട്ടുണ്ട്. പൊതുനിയമം ലംഘിക്കുന്ന കാര്യത്തിൽ നേരിയ വർധനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.