ഹൈദരാബാദ്: മീടു ക്യാമ്പയിന്റെ ഭാഗമായി തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെ വെളിപ്പെടുത്തലുകളുമായി സിനിമാ മേഖലയിൽ നിന്നും അല്ലാതെയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കങ്കണ റണൗട്ട് അടക്കമുള്ള ബോൡവുഡ് താരങ്ങൾ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരുന്നു. മലയാള സിനിമയിൽ നിന്നു പോലും പലരും ചില കാര്യങ്ങൾ ബോൾഡായി പറഞ്ഞു കൊണ്ട് രംഗത്തെത്തി. ഇപ്പോഴിതാ തെലുങ്ക് സിനിമയെ പിടിച്ചു കുലുക്കി വിവാദം കാസ്റ്റിങ് കൗച്ച് വിവാദം മുറുകുന്നു.

തെലുങ്കു സിനിമാ മേഖലയിലും ചൂഷണങ്ങൾക്ക് കുറവില്ലെന്ന് വ്യക്തമാക്കിയാണ് നടി ശ്രീ റെഡ്ഡിയും കഴിഞ്ഞദിവസം രംഗത്തെത്തിയത്. സൂപ്പർതാരങ്ങളായ നാനിയെയും അല്ലുഅർജ്ജുനെയും ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ എന്നാണ് ഇതേക്കുറിച്ച് പറഞ്ഞു കേട്ടത്. എന്നാൽ, ഇപ്പോഴിതാ, ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകൻ ശ്രീറാമിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ശ്രീ.

ശ്രീറാം തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് നടിയുടെ ആരോപണം. തന്നോട് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ എടുത്ത് അയക്കാൻ ശ്രീറാം ആവശ്യപ്പെട്ടുവെന്ന് നടി പറയുന്നത്. വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടുകൊണ്ടാണ് ശ്രീയുടെ ആരോപണങ്ങൾ. ശ്രീറാമിന്റെ ശല്യം സഹിക്കാൻ കഴിയാത്തതിനാലാണ് താൻ ചാറ്റുകൾ പുറത്ത് വിടുന്നതെന്നും ശ്രീ പറയുന്നു.

അതേസമയം നേരത്തെ തെലുങ്ക് സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് പറഞ്ഞ് നടി രാകുൽ പ്രീത് രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമയിൽ കാസ്റ്റിംങ് കൗച്ച് ഇല്ലെന്നും ഒരു തരത്തിലുമുള്ള ലൈംഗിക ചൂഷണത്തിനും ഇരയായിട്ടില്ലെന്നും പറഞ്ഞ നടി രാകുൽ പ്രീതിനെ വിമർശിച്ച് നടിമാരായ മാധവി ലതയും ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. അധികം വൈകാതെ തന്നെ നടി ശ്രീ റെഡ്ഡി താന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തെലുങ്ക് സിനിമാ സംവിധായകൻ ശേഖർ കമ്മൂലയെ പേരിടെത്തു പറയാതെയായിരുന്നു ശ്രീയുടെ വിമർശനം.

സംവിധായകൻ തന്നെ ചില കഥാപാത്രങ്ങൾ വച്ചു നീട്ടി തന്നെ പ്രലോഭിപ്പിക്കാൻ നോക്കിയെന്നും താൻ വഴങ്ങിയില്ലെന്നും ശ്രീ തുറന്നടിച്ചിരുന്നു. എന്നാൽ ശ്രീ പച്ചക്കള്ളം പറയുകയാണെന്നും ഇത്തരത്തിലുള്ള കള്ളങ്ങൾ ആഘോഷിക്കുമ്പോൾ വേദനിക്കുന്ന ഒരു കുടുംബം എനിക്കൊപ്പമുണ്ടെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. ഒന്നുകിൽ മാപ്പ് പറയുക, ആരോപണങ്ങൾ പിൻവലിക്കുക അല്ലെങ്കിൽ നിയമനടപടി നേരിടാൻ തയ്യാറാകുക- ശേഖർ കൂട്ടിച്ചേർത്തു.