കൊച്ചി: സെക്‌സി ദുർഗയുടെ എന്ന സിനിമയുടെ പേരിൽ താൻ നിരന്തരമായി ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ഹിന്ദു സ്വാഭിമാൻ സംഘ് എന്ന സംഘടനയുടെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന രാഹുൽ ശ്രീവാസ്തവയും ഇയാൾ അംഗമായ ധർമോ രക്ഷതി രക്തിത എന്നൊരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മറ്റു ചിലരുമാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു.

റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണിത്. റോട്ടർഡാമിൽ വച്ച് ഫേസ്‌ബുക്കിലൂടെയാണ് സനൽകുമാർ ശശിധരൻ താൻ ഭീഷണി നേരിടുന്ന കാര്യം അറിയിച്ചത്. ഭീഷണി വന്ന വാട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകളും സംവിധായകൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദുർഗാദേവിയുടെ പേരിന് മുൻപ് സെക്‌സി എന്ന പദം ഉപയോഗിച്ചത് കാരണം തന്റെ മതവികാരം വ്രണപ്പെട്ടുവെന്നാണ് ആരോപണം. തന്റെ സിനിമയയ്ക്ക് ദുർഗാദേവിയുമായി ഒരു ബന്ധവുമില്ലെന്ന് വിശദീകരിച്ചപ്പോൾ പിന്നെ എന്തുകൊണ്ട് സെക്‌സി ശ്രീജ എന്ന് പേരിട്ടില്ല എന്നായി അയാൾ. എന്നാൽ അതും ഒരു ദേവിയുടെ പേരാണെന്ന് ഞാൻ പറഞ്ഞപ്പോൾ അതെന്റെ ഭാര്യയുടെ പേരാണെന്നായി അയാളുടെ മറുപടി.

നിങ്ങൾ പറഞ്ഞ യുക്തി വച്ചു നോക്കുകയാണെങ്കിൽ നിരവധി പാവപ്പെട്ട കുട്ടികൾക്കും ദുർഗ എന്ന പേരുണ്ടാകുമെന്നും ഞാൻ ഓർമിപ്പിച്ചു-സനൽകുമാർ ശശിധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.