തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവി ഒഴിയുന്നെങ്കിൽ ഒഴിയട്ടെയെന്ന് എസ്എഫ്‌ഐ. ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു ആവശ്യപ്പെട്ടു. ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകും. ഗവർണർ ചാൻസലറാകണമെന്ന് നിയമമില്ല. ഇക്കാര്യത്തിൽ നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും സാനു പറഞ്ഞു.

അതേസമയം സർവകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്നതിനിടെ എ.ജി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ചാൻസലർ പദവി ഒഴിയുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സർക്കാർ നിലപാടും തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ഗവർണർ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നുമാണ് അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് പ്രതികരിച്ചത്.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറുടെ കാലാവധി നീട്ടി നൽകി ഫയലിൽ ഒപ്പുവെച്ചത് സർക്കാരുമായുള്ള സംഘർഷം ഒഴിവാക്കാനാണെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ എ.ജിയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന ഗവർണറുടെ പ്രതികരണത്തോട് ഗവർണർക്ക് നിയമോപദേശം നൽകിയിട്ടില്ലെന്നും സർക്കാരിനാണ് നിയമോപദേശം നൽകിയതെന്നായിരുന്നു എ.ജിയുടെ പ്രതികരണം.