ചെങ്ങന്നൂർ: കുട്ടി സഖാവിന്റെയും യുവ സഖാവിന്റെയും സംസ്‌ക്കാര ശൂന്യതയിൽ തലകുനിച്ച് സിപിഎം. സഖാക്കന്മാരുടെ വായിൽ നിന്നും വീണ അസഭ്യ വാക്ക് കേട്ട് തൊലിയുരിഞ്ഞിരിക്കുകയാണ് പാർട്ടി അനുഭാവികളും നേതാക്കളും. ചെങ്ങന്നൂരിൽ പൊലീസിന് നേരെയായിരുന്നു ഇവരുടെ പരാക്രമം. സംഭവം ഇങ്ങനെ: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം തടയാനെത്തിയ പൊലീസിന് നേരെയാണ് എസ്.എഫ്.ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ തെറി വിളിയും കൈയേറ്റവും നടന്നത്. പൊലീസിനെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതിന് പിന്നാലെ കൈയേറ്റവും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇരു സംഘടനകളും തലയിൽ മുണ്ടിട്ട് നടക്കുകയാണ്.

ഇന്നലെ ചെങ്ങന്നൂർ ഐ.ടി.ഐയിൽ കൊടിമരം നശിപ്പിച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടയിലാണ് പൊലീസിന് നേരെ അസഭ്യവർഷവുമായി എസ്.എഫ്.ഐ പ്രവർത്തകൻ രംഗത്തെത്തിയത്. എ.വി.ബി.പി പ്രവർത്തകരുമായി നടന്ന സംഘർഷത്തിന് ശേഷം നടന്ന പ്രകടനത്തിനിടയിലാണ് പ്രവർത്തകൻ തെറി വിളിച്ചത്. യൂണിഫോം ഊരിയിട്ട്് വന്നാൽ കാണിച്ചു തരാമെന്നും മറ്റും പറഞ്ഞ് വെല്ലു വിളിക്കുകയും ചെയ്തു. പൊലീസ് പ്രകോപനമൊന്നും കാട്ടാതെ ഇയാളോട് അവിടെ നിന്ന് പോകാൻ നിർദ്ദേശിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുട്ടി സഖാക്കളുടെ ഇടയിലേക്ക് ഡിവൈഎഫ്ഐ നേതാവ് കടന്നു വരുകയും അസഭ്യം പറഞ്ഞ് പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.

ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇന്നലെ കേസെടുത്തിരുന്നു. എന്നാൽ പൊലീസിന് നേരെയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇന്ന് 117ാം വകുപ്പ് കൂടി ചേർത്ത് ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. 26 പേർക്കെതിരെയാണ് കേസ്. വ്യാപക അക്രമമാണ് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയത്. പൊലീസിന് മേലെയുള്ള പാർട്ടി പ്രവർത്തകരുടെ അക്രമം വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത് .പാർട്ടിയുടെ സമ്മർദ്ദം കൂടാതെ സ്വതന്ത്രമായി ജോലിക്കാൻ കഴിയാത്ത സാഹചര്യത്തിന് എതിരെ പൊലീസ് സേനയിൽ തന്നെ വലിയ അമർഷം നിലനിൽക്കുന്ന ഈ സാചര്യത്തിൽ തന്നെയാണ് ഉദ്യോഗതരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ പരസ്യമായി അരങ്ങേറുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

ഏറെ ദിവസമായി ഇവിടെ എസ്.എഫ്.ഐ- എ.വി.ബി.പി സംഘർഷം നിനിൽക്കുന്നുണ്ട്. ഐ.ടി.ഐയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐയുടെ കൊടിമരം കാണാതായി. ഇതിനെ ചൊല്ലിയായിരുന്നു സംഘർഷം. സംഘർത്തിൽ ഇരുവിഭാഗങ്ങളിലുള്ള പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഇവർ ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ എല്ലാവരും ഇവിടെ നിന്നും തടി തപ്പി.