കുണ്ടറ: പൊലീസിനെതിരെ നടത്തിയ സൈബർ പ്രതികരണത്തിനെതിരെ പൊലീസുകാരുടെ വക അസ്സൽ പൊങ്കാല. വെനസ്വേലൻ കവിതയുടെ വിവർത്തനം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച എസ്എഫ്‌ഐ നേതാവിനാണ് പൊലീസുകാരുടെ വക സൈബർ പൊങ്കാലയും ഫോണിലൂടെയുള്ള അസഭ്യവർഷവും ഭീഷണിയും കിട്ടിയത്.എസ്എഫ്‌ഐ കുണ്ടറ ഏരിയ കമ്മറ്റിയംഗവും ബേബി ജോൺ മെമോറിയൽ കോളജിലെ എസ്എഫ്‌ഐ മുൻ യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ഹനീനെതിരെയാണ് പൊലീസുകാർ അസഭ്യ വർഷവും ഫോണിൽ വിളിച്ച് ഭീഷണിയും നടത്തിയത്.

മിഗുവെൽ ജയിംസിന്റെ 'പൊലീസിനെതിരെ' എന്ന കവിതയാണ് ഹനീൻ വോളിൽ പ്രസിദ്ധീകരിച്ചത്. പോസ്റ്റ് ഇട്ട ശേഷം മോശം കമന്റുകൾ ഇടുന്നത് കൂടാതെ, ഫോണിൽ വിളിച്ച് കള്ളക്കേസിൽ കുടുക്കും എന്നും പൊലീസുകാർ ഭീഷണി മുഴക്കി എന്നാണ് ഹനീം പറയുന്നത്. കേരള പൊലീസിൽ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന പ്രൊഫൈലുകളിൽ നിന്നു തന്നെയാണ് ഹനീനെതിരെ സൈബറാക്രമണം നടത്തുന്നത്.

പ്രശസ്ത സേവനത്തിന് കേരളാ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയെന്ന് പ്രൊഫൈലിൽ വ്യക്തമാക്കുന്ന പൊലീസുദ്യോഗസ്ഥരും ആക്രമണത്തിന് മുന്നിലുണ്ട്. ഫേയ്‌സ്ബുക്കിലും ഫോണിലും കൂടാതെ വാട്‌സാപ്പിലും ഭീഷണി മുഴക്കുന്നുണ്ടെന്ന് ഹനീം പറയുന്നു. കവിതയുടെ പൂർണ്ണ രൂപവും പോസ്റ്റ് ലിങ്കും ചുവടെ.

'പൊലീസിനെതിരെ' Miguel James, Venezuelan Poetry.

എന്റെ കലാജീവിതം മുഴുവൻ
പൊലീസിനെതിരെയാണ്..

ഞാനൊരു പ്രണയ കവിതയെഴുതുമ്പോൾ
അത് പൊലീസിനെതിരെയാണ്...
ഞാൻ ഉടലുകളുടെ നഗ്‌നതയെപ്പറ്റി
പാടുമ്പോൾ
അത് പൊലീസിനെതിരെയാണ്...

ഞാനീ ഭൂമിയെ
ഒരു രൂപകമാക്കി മാറ്റുമ്പോൾ,
സത്യത്തിൽ പൊലീസിനെതിരായ
ഒരു രൂപകം ചമയ്ക്കുകയാണ്...

എന്റെ കവിതകളിൽ
ഞാൻ കുപിതനായി സംസാരിക്കുമ്പോൾ
യഥാർത്ഥത്തിൽ എന്റെ രോഷം
പൊലീസിനോടാണ്..

ഞാൻ എന്നെങ്കിലും ഒരു കവിതയെഴുതുന്നതിൽ
വിജയിച്ചിട്ടുണ്ടെങ്കിൽ,
അത് പൊലീസിനെതിരെയാണ്..

പൊലീസിനെതിരായിട്ടല്ലാതെ
ഞാനൊരു ഈരടിയോ ഒരു വരിയോ
ഒരു വാക്കുപോലുമോ കുറിച്ചിട്ടില്ല..

ഇന്നുവരെ ഞാനെഴുതിക്കൂട്ടിയ ഗദ്യമെല്ലാം
പൊലീസിനെതിരായിട്ടുള്ളതാണ്..

എന്റെ കലാജീവിതം,
ഈ കവിതയടക്കമുള്ള
എന്റെ സമ്പൂർണ്ണ കലാജീവിതം
എന്നും എപ്പോഴും പൊലീസിനെതിരെ മാത്രമാണ്...