- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോളജ് ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തിയത് സീനിയേഴ്സിന് കാണണമെന്ന് പറഞ്ഞ്; വിവസ്ത്രനാക്കി കൊടിയ മർദ്ദനത്തിന് ഇരയായത് പതിനഞ്ച് മണിക്കൂറോളം; മഹാരാജാസ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി റോബിൻസൺ നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസും; പിന്നിൽ സിപിഎം നേതാക്കളുടെ ഇടപെടലെന്നും ആരോപണം
കൊച്ചി: മഹാരാജാസ് കോളജിൽ റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാതെ പൊലീസ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ക്രൂരമായ ആക്രമണം സിപിഎം ഇടപെട്ട് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനിടെ പീഡനത്തിനിരയായ വിദ്യാർത്ഥിക്കെതിരെ കള്ളക്കേസ് കൊടുക്കുമെന്നും കൊന്ന് കളയുമെന്നുമുള്ള ഭീഷണിയാണ് പ്രതികൾ ഉയർത്തുന്നത്. മഹാരാജാസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ റോബിൻസൺ ആണ് ക്രൂരമായ റാഗിംഗിന് ഇരയായത്. മലപ്പുറം സ്വദേശിയായ റോബിൻസൺ തന്റെ നാട്ടുകാരനായ അഭിഭാഷകനൊപ്പമായിരുന്നു താമസം. എന്നാൽ, എംസിആർവി ബോയ്സ് ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു സീനിയേഴ്സ്.
12-ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. ഒന്നാം വർഷ ഫിലോസഫി വിദ്യാർത്ഥിയായ ആദർശ്, ഒന്നാം വർഷ ഹിന്ദി വിദ്യാർത്ഥിയായ ടെറി എന്നിവരാണ് റോബിൻസണെ ഹോസ്റ്റലിലേക്ക് വിളിക്കുന്നത്. സീനിയേഴ്സ് കാണണം എന്ന് ആവശ്യപ്പെടുന്നു എന്നും എത്തിയില്ലെങ്കിൽ അവർ ഉപദ്രവിക്കും എന്നുമായിരുന്നു ഇവർ അറിയിച്ചത്. ഇത് കേട്ട് ഭയന്ന റോബിൻസൺ അന്ന് രാത്രി എട്ടരയോടെയാണ് ഹോസ്റ്റലിൽ എത്തുന്നത്. റോബിൻസണെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ നന്ദു, അതുൽ, ജിതിൻ ജോൺസൺ, രണ്ടാം വർഷ സുവോളജി വിദ്യാർത്ഥി രാജു, പൊളിറ്റിക്സ് വിദ്യാർത്ഥികളായ അഖിൽ പുഷ്പൻ, ആഷിഖ്, അഭിരാം എന്നിവരും, ടെറി, മുഹമ്മദ് യാഹ എന്നിവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ട് മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെയാണ് റോബിൻസൺ ക്രൂരമായ റാഗിംഗിന് ഇരയായത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു റാഗിങ്. പ്രതികളായ സീനിയേഴ്സ് റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇരുമ്പ് വടി കൊണ്ട് കാൽ മുട്ടിലടക്കം മർദിച്ചിട്ടുണ്ട്. ഭക്ഷണം നൽകുകയോ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കുകയോ ചെയ്തില്ലെന്നും റോബിൻസൺ പറയുന്നു.
താൻ ക്രൂരമായ റാഗിംഗിനാണ് ഇരയായതെന്നും ഇത് പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന ഭീഷണിയുണ്ടെന്നും തനിക്ക് കോളജിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് വിദ്യാർത്ഥി ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രിൻസിപ്പാളിന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, റോബിൻസൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഇതിന് പിന്നിൽ സിപിഎം നേതാക്കളുടെ ഇടപെടലാണെന്ന ആരോപണമാണ് ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ