തിരുവനന്തപുരം: കാലിക്കറ്റിനും എംജിക്കും പിന്നാലെ കേരള സർവകാലാശാലാ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് ഉജ്ജ്വല ജയം. തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 62 കോളേജുകളിലും എസ് എഫ് ഐ വിജയിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരിൽ ഭൂരിപക്ഷവും എസ്എഫ്‌ഐ നേടി. തിരവനന്തപുരം ജില്ലയിലെ 31 കോളേജുകളിൽ 30 ഉം എസ്എഫ് ഐ നേടി . കൊല്ലം ജില്ലയിലെ 18 കോളേജുകളിൽ 17 കോളേജുകളും എസ്എഫ്ഐ നേടിയപ്പോൾ, ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ മുഴുവൻ ക്യാമ്പസുകളും എസ്എഫ് ഐ തൂത്ത് വാരി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് കെഎസ്‌യുവിൽനിന്നും തോന്നയ്ക്കൽ എജെ കോളേജ് എഐഎസ്എഫിൽനിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ യൂണിവേഴ്സിറ്റി കോളേജ്, ആർട്സ് കോളേജ്, സംസ്‌കൃത കോളേജ് ,കാര്യവട്ടം ഗവ :കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, മ്യൂസിക് കോളേജ്, എന്നിവിടങ്ങളിൽ എസ് എഫ് ഐ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പെരിങ്ങമല ഇഖ്ബാൽ കോളേജിൽ കെഎസ്‌യു ജയിച്ചു.

എസ് എഫ് ഐ ഉയർത്തുന്ന പുരോഗമന നിലപാടുകൾക്കുള്ള അംഗീകാരമാണ് വിജയമെന്ന് സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് ് പറഞ്ഞു.നവോത്ഥാന മൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി എസ് എഫ് ഐയുടെ നേതൃത്വത്തിൽ നവേത്ഥാന ക്ലാസ് മുറികൾ സംഘടിപ്പിക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന ഭാരവാഹികളായ വി എ വനീഷ്, കെ എം സച്ചിൻ ദേവ് എന്നിവർ അറിയിച്ചു.എസ് എഫ് ഐയുടെ വിജയാഹ്ളാദ പ്രകടനത്തിന് നേരെ മാർ ഇവാനിയോസ് കോളേജിലെ കെ എസ് യു പ്രവർത്തകർ കല്ലേറിഞ്ഞതിനെ തുടർന്ന് കോളേജിന് നാളെ അവധി പ്രഖ്യാപിച്ചു

പന്തളം എൻഎസ്എസ് കോളേജിൽ ആറ് വർഷത്തിന് ശേഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ മിന്നുന്ന ജയമാണ് നേടിയത്. ക്ലാസ് റെപ്രസെന്റേറ്റീവുകളിൽ 65 ൽ 45 സീറ്റും എസ്എഎഫ്‌ഐയ്ക്ക് ലഭിച്ചു. ചരിത്ര വിജയാമണ് ഇത്തവണ സംഘടന നേടിയതെന്ന് എസ്എഫ്‌ഐ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. ബിജെപിയും ആർഎസ്എസും ശബരിമല വിഷയത്തിൽ സമരം നടത്തുമ്പോഴാണ് 90 ശതമാനവും പെൺകുട്ടികൾ പഠിക്കുന്ന പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്‌ഐയുടെ വിജയിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് അബു ഭാസ്‌ക്കറും, ചെയർപേഴ്‌സനായി ഗൗരി ജി കൃഷ്ണനും, ജനറൽസെക്രട്ടറിയായി യദുകൃഷ്ണനും, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരായി അരുൺകൃഷ്ണനും, രേഷ്മയും, ആട്‌സ് ക്ലബ്ബ് സെക്രട്ടറിയായി ആദർശും, മാഗസിൻ എഡിറ്ററായി വി എസ് ആദർശും, സ്‌പോട്‌സ് സെക്രട്ടറിയായി വിഷ്ണു വിശ്വനാഥുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്‌ഐ പന്തളം എൻഎസ്എസ് കോളേജ് യൂണിറ്റ് കമ്മറ്റിയുടെയും പന്തളം ഏരിയ കമ്മറ്റിയുടെയും നേതൃത്വത്തിൽ പ്രകടനം നടന്നു. അനുമോദന യോഗത്തിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിഷ്ണുഗോപാൽ, പ്രസിഡന്റ് റോബിൻ പീറ്റർ, ഏരിയ സെക്രട്ടറി ഷെഫീക്ക്, പ്രസിഡന്റ് രേഷ്മ, യൂണിറ്റ് സെക്രട്ടറി ഹരി, പ്രസിഡന്റ് ആദർശ് എന്നിവർ സംസാരിച്ചു.