മലപ്പുറം: മുസ്ലിം മാനേജ്‌മെന്റിന് കീഴിലുള്ള പത്രങ്ങളായ ചന്ദ്രികയിലും സുപ്രഭാതത്തിലും സിറാജിലുമൊക്കെ ഇടയ്ക്ക് കല്യാണപ്പരസ്യം പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ന് വിവാഹിതരാകുന്നു എന്ന് കാണിച്ചുള്ള പരസ്യത്തിൽ പലപ്പോഴും വധുവിന്റെ ചിത്രം ഉണ്ടാകുകയില്ല. പകര്യം പൂമ്പാറ്റയുടെ ചിത്രങ്ങൾ വച്ച് പ്രസിദ്ധീകരിച്ച നിരവധി സംഭവങ്ങളുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ സജീവമായി ഇടപെട്ട് തുടങ്ങിയതോടെ ഇത്തരത്തിൽ ചിത്രശലഭങ്ങളെ വധുക്കളാക്കുന്നവർക്ക് ട്രോളുകളുടെ ബഹളമായിരുന്നു. ഇത്തരത്തിൽ വനിതകളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ മടിക്കുന്നത് മലപ്പുറത്തെ സ്ഥിരം പരിപാടിയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കം വനിതാ സ്ഥാനാർത്ഥിക്ക് പകരം ഭർത്താവിന്റെ ചിത്രം വച്ച് ഫ്‌ലക്‌സ് അടിച്ചത് വിവാദമായിരുന്നു.

ഈ വിഷയത്തിൽ പുരോഗമന ആശയം വച്ചുപുലർത്തുന്ന എസ്എഫ്‌ഐക്കാരും സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുകയാണ്. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐയും പെൺകുട്ടികളെ ഒഴിവാക്കിയ ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിച്ച് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനെ നേരിടുന്നു. മലപ്പുറം മേൽമുറി മഅ്ദിൻ ക്യാംപസിലാണ് എം.എസ്.എഫ്, കെ.എസ്.യു സഖ്യത്തിന്റെ ചുവട് പിടിച്ച് പെൺകുട്ടികളെ പിൻനിരയിലേക്ക് മാറ്റിനിർത്തിയത്.

കോളജ് യൂണിയൻ വൈസ് ചെയർപേഴ്‌സണും ജോയിന്റ് സെക്രട്ടറിയുമായി മൽസരിക്കുന്ന എസ്.എഫ്.ഐയുടെ വനിതാ സ്ഥാനാർത്ഥികളുടെ ഫോട്ടോയുടെ കോളം ഒഴിഞ്ഞു കിടക്കുകയായയിരുന്നു. കഴിഞ്ഞു പോയ വർഷങ്ങളിൽ എസ്.എഫ്.ഐ വനിതാ സ്ഥാനാർത്ഥികളുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഫോട്ടോ വച്ച് പ്രചാരണം നടത്തിയാൽ സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമാണന്ന് എസ്.എഫ്.ഐ നേതൃത്വം പറയാതെ പറയുന്നുണ്ട്. മഅ്ദീൻ ക്യാംപസിൽ പെൺകുട്ടികളുടെ ഫോട്ടോ മാത്രം കിട്ടാൻ വൈകിയെന്ന ന്യായവും പറയുന്നു.

കഴിഞ്ഞ പ്രാവശ്യം കോളജ് യൂണിയൻ ഭരണം എസ്.എഫ്.ഐക്കായിരുന്നു. പരിസരത്തുള്ള യു.ഡി.എസ്.എഫ് സ്ഥാനാർത്ഥികളുടെ ഫ്‌ലക്‌സ്‌ബോർഡുകളിലും പെൺകുട്ടികളുടെ ഫോട്ടോയുടെ കോളങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങൾ വഴി പെൺസ്ഥാനാർത്ഥികളുടെ ഫോട്ടോ ഇല്ലാത്ത എസ്.എഫ്.ഐയുടെ ഫ്‌ലക്‌സ്‌ബോർഡുകളുടെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇങ്ങനെ വ്യാപകമായി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ പിന്നാലെ വനിതാ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.

വിഷയത്തിൽ എസ്എഫ്‌ഐയ്ക്ക് പങ്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതാക്കൾ പറയുന്നത്. മതജാതിലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന സംഘടനയാണ് എസ്എഫ്‌ഐ. ഇത് എസ്എഫ്‌ഐയുടെ ഔദ്യോഗിക പോസ്റ്ററല്ലെന്നും ഇത്തരത്തിലുള്ള പോസ്റ്ററുകളോ ഫ്‌ലക്‌സുകളോ എസ്എഫ്‌ഐ എവിടെയും സ്ഥാപിച്ചിട്ടില്ലെന്നും വിജിൻ വ്യക്തമാക്കി. ഇത്തരത്തിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ മുഖമില്ലാതെ പ്രദർശിപ്പിക്കുന്നതിനോട് എസ്എഫ്‌ഐയ്ക്ക് യോജിപ്പില്ലെന്നും സംസ്ഥാന സെക്രട്ടറി വിജിൻ പറയുന്നു.

എന്നാൽ ഈ പോസ്റ്ററിന്റെ പേരിൽ, ചില കേന്ദ്രങ്ങൾ എസ്എഫ്‌ഐ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെ ആക്രമിക്കാനാണ് ശ്രമിക്കുന്നത്. ഫേസ്‌ബുക്കിലാരെങ്കിലുമിട്ട ഒരു പോസ്റ്ററിന്റെ പേരിൽ, ഒരു മഹാപ്രസ്ഥാനത്തിന്റെ മുദ്രാവാക്യത്തെ തകർക്കാനാകില്ലെന്നും വിജിൻ പറഞ്ഞു. ഒരു പോസ്റ്ററിലും പെൺകുട്ടികളുടേതുൾപ്പെടെയുള്ള ആരുടെയും മുഖം മറയ്‌ക്കേണ്ടതില്ലെന്ന് തന്നെയാണ് എസ്എഫ്‌ഐ നിലപാടെന്നും വിജിൻ പറഞ്ഞു.

നവമാദ്ധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായി ഇയർന്നുവന്നിരുന്നു. പലരും എസ്എഫ്‌ഐയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. വനിതാവിമോചനത്തിനും തുല്യതയ്ക്കുമായി മുദ്രാവാക്യം മുഴക്കുന്ന പ്രസ്ഥാനമെന്തേ ഇങ്ങനെയെന്നാണ് പലരും ചോദിച്ചത്. ചില പോസ്റ്ററുകളിൽ ചിത്രങ്ങളില്ലാതെയും, ചിലതിൽ പ്രതീകാത്മക ചിത്രങ്ങളുമാണ് ഉപയോഗിച്ചിരുന്നത്.