തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരെ മർദ്ദിച്ചത് എസ്എഫ്‌ഐ ചാല ഏരിയാ സെക്രട്ടറി നസീമിന്റെ നേതൃത്വത്തിൽ. ഡ്യൂട്ടിയിലുള്ള പൊലീസുകാരെ തിരുവനന്തപുരം പാളയത്തുവച്ചാണ് ഇന്നലെ വൈകുന്നേരത്തോടെ മർദ്ദിച്ചത്. പൊലീസിനാകെ നാണക്കേടായ സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ ശക്തമാണ്. സിപിഎം നേതാക്കൾ ഇടപെട്ട് ഒതുക്കി തീർക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ടങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനമേറ്റ പൊലീസുകാർ അവധിയിൽ പ്രവേശിച്ചിരിക്കയാണ്. അന്യായമായി സംഘം ചേരുക, പൊലീസിനെ മർദ്ദിക്കുക, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. എസ്എഫ്‌ഐആ യൂണിറ്റ് കമ്മിറ്റി അംഗം ആരോമലാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ആരോമലിന്റെ ബൈക്കാണ് പൊലീസ് തടഞ്ഞത്. പരിക്കേറ്റ വിനയചന്ദ്രൻ, ശരത്ത് എന്നീ പൊലീസുകാരുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ കേസെടുത്തത്.

പ്രതികളെ തിരിച്ചറിയാൻ ശ്രമം തുടരുന്നതായാണ് പൊലീസ് പറയുന്നത്. അതേസമയം അക്രമി സംഘത്തിൽ ചാലയൂണിറ്റ് പ്രസിന്റ് നസീമിന്റെ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചില്ല. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്ത്, എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. നിയമം ലംഘിച്ച് പാളയം രക്തസാക്ഷി സ്മാരകത്തിന് മുന്നിൽ വെച്ച് യു ടേൺ എടുത്ത ബൈക്ക് അമൽകൃഷ്ണ എന്ന പൊലീസുകാരൻ തടയുകയായിരുന്നു

ആദ്യം വാക്കേറ്റത്തിലേക്കും പിന്നീട് ഉന്തും തള്ളിലേക്കും നീങ്ങിയ പ്രശ്നത്തിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആരോമൽ വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഘർഷമുണ്ടാക്കിയ പ്രവർത്തകരെ പൊലീസ് പിടികൂടിയെങ്കിലും നേതാക്കൾ എത്തി ഇവരെ മോചിപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം പൊലീസ് നൽകുന്ന വിവരം പ്രവർത്തകർ അക്രമത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ്. മർദ്ദനമേറ്റ പൊലീസുകാരെ ഇന്നലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ഇവരെ ഡിസ്ചാർജ്ജ് ചെയ്തെന്നാണ് വിവരം.

രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പൊലീസുകാർക്ക് നേരെ തലസ്ഥാനത്ത് മർദ്ദനമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെ വേദിയായ കനകക്കുന്നിലെ നിശാഗന്ധിയിൽ വെച്ച് പൊലീസുകാർക്ക് നേരെ കയ്യേറ്റം നടന്നിരുന്നു. സിനിമ പ്രദർശനം ഇല്ലാത്ത ദിവസം നേരത്തെ സ്ഥലത്തെ ലൈറ്റ് ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു സിപിഎം അനുഭാവികളായ ഏതാനംപേർ പൊലീസുകാരുമായി വാക്കേറ്റത്തിലും തുടർന്ന് ഉന്തും തള്ളിലേക്കും എത്തിയത്. സംഭവത്തിൽ പ്രശ്നങ്ങളുണ്ടാക്കിയവർ റിമാന്റിലാണ്.