ന്യൂഡൽഹി: കേന്ദ്രസർക്കാറിൻ നോട്ട് നിരോധിക്കൽ നടപടിയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അക്കമിട്ട നിരത്തി രാജ്യസഭയിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ടുനിരോധനത്തിലൂടെ മോദി ദുരിതത്തിലാക്കിയത് നിത്യവേതനക്കാരെയും ചെറുകിട കച്ചവടക്കാരെയുമാണെന്നും പറഞ്ഞ യെച്ചൂരി പ്രധനമന്ത്രിക്കെതിരെ കടുത്ത വിമർശനവും ഉയർത്തി. ഫ്രഞ്ച് രാജ്ഞിയുടെ ഇന്ത്യൻ രൂപമാണ് മോദിയെന്നും യെച്ചൂരി പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ 86ശതമാനത്തോളം പണകൈമാറ്റത്തെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. രാജ്യത്ത് ഇന്ന് വെറും 14ശതമാനം പണമിടപാട് മാത്രമാണ് നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. ബാക്കി 86ശതമാനം ജനങ്ങളോട് നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും യെച്ചൂരി ചോദിച്ചു. ഫ്രഞ്ച് വിപ്ലവത്തിനിടെ രാജ്ഞി പറഞ്ഞു റൊട്ടിയില്ലെങ്കിൽ കേക്ക് കഴിച്ചോളൂവെന്ന്. അതുപോലെയാണ് മോദി ഇപ്പോൾ പറയുന്നത്.

കൈയിൽ കടലാസില്ലെങ്കിൽ പ്ലാസ്റ്റിക് ഉപയോഗിക്കൂ എന്ന്. ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്താൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളനോട്ടും കള്ളപ്പണവും തടയാൻ ഇതൊന്നുമല്ല മാർഗം. കള്ളപ്പണം ഒരു ശേഖരമല്ല. അത് ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. അത് നിങ്ങൾ തടഞ്ഞിട്ടില്ല. ചെറുമീനുകൾ ചത്തൊടുങ്ങുമ്പോൾ വലിയ മുതലകൾ അത് ആസ്വദിക്കുകയാണെന്നും യെച്ചൂരി സഭയിൽ പറഞ്ഞു.

ഇത്തരം ഒരു നടപടിയിലൂടെ കള്ളപ്പണം ഇല്ലാതാക്കുകയാണോ വൻ കള്ളപ്പണക്കാർക്ക് കള്ളപ്പണം വെളുപ്പിക്കാൻ അവസരം കൊടുക്കുകയാണോ കേന്ദ്ര സർക്കാർ ചെയ്തതെന്നും യെച്ചൂരി ചോദിച്ചു. നോട്ടു അസാധുവാക്കുന്നതിന് മുൻപ് ബിജെപി പ്രാദേശിക നേതൃത്വം 500, 1000 നോട്ടുകളായി ഒരു കോടി രൂപയാണ് ബംഗാളിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്. നോട്ട് അസാധുവാക്കി നടപ്പാക്കിയ പരിഷ്‌ക്കരണം കൊണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ല.

വിനിമയത്തിലുള്ള പണത്തിൽ അഞ്ചിൽ ഒന്നും കയ്യടക്കിയിരിക്കുന്ന കള്ളപ്പണം ഇല്ലാതാക്കണമെന്നതിൽ ഒരു തർക്കവും ആർക്കും ഇല്ല. എന്നാൽ ആറ് ശതമാനമാണ് പണമായുള്ള കള്ളപ്പണം. അത് ഇപ്പോൾ ക്രയവിക്രയത്തിൽ ഇരിക്കുന്നതാണ്. കള്ളപ്പണംകൊണ്ട് അവർ വീണ്ടും കൂടുതൽ പണം ഉണ്ടാക്കുന്നു. അതല്ലാതെ കള്ളപ്പണം കട്ടിലിനുകീഴിൽ കൂട്ടിവച്ചിരിക്കുകയാണെന്ന ധാരണ തെറ്റാണെന്നും യെച്ചൂരി പറഞ്ഞു.

പേടിഎമ്മും ഇലക്‌ട്രോണിക് വാലറ്റുകളും ഉപയോഗിക്കാവുന്നവർക്ക് ഇത് തിളങ്ങുന്ന ഇന്ത്യയായിരിക്കാം. എന്നാൽ കഷ്ടത അനുഭവിക്കുന്ന മറ്റുള്ളവരുടെ അവസ്ഥയെന്താണ്. നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് ഒരുപാട് ആത്മഹത്യകൾ നടന്നു. ജനങ്ങൾക്ക് അവരുടെ അച്ഛനമ്മമാരെ ആശുപത്രിയിൽ ചികിത്സിക്കാൻ കഴിയുന്നില്ല. പകരം സംവിധാനം വരുന്നത് വരെ പഴയ നോട്ടുകൾ ഉപയോഗിക്കാൻ അവരെ അനുവദിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തോട് ജയ് ഹിന്ദ് എന്നതിനുപകരം ജിയോ ഹിന്ദ് എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു.