മലപ്പുറം: പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്ന് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസിൽ 88-ാം ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂർ സിഐ വിഷ്ണുവും സംഘവും. 3177 പേജുള്ള കുറ്റപത്രമാണു പൊലീസ് ഇന്ന് നിലമ്പൂർ കോടതിയിൽ സമർപ്പിച്ചത്. കേസിൽ അറസ്റ്റിലായത് ഒമ്പതു പ്രതികളാണ്. കേസിൽ റിട്ടയേർഡ് എസ്‌ഐ ഉൾപ്പെടെ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലുമാണ്.

അന്വേഷണം ആരംഭിച്ച് തൊണ്ണൂറു ദിവിസത്തിനകം കുറ്റപത്രം സമർപ്പിക്കാനായതിനാൽ റിമാന്റിലുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒഴിവാകും. കൊലപാതക കേസിൽ പ്രതിപട്ടികയിലുള്ള മൂന്ന് പേരെ പിടികൂടുന്ന മുറക്ക് അഡീഷണൽ കുറ്റപത്രം സമർപ്പിക്കും. കൊലപാതകം തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യതെളിവുകളുമാണ് കുറ്റപത്രത്തിൽ പൊലീസ് നിരത്തിയിരിക്കുന്നത്.

തൃശ്ശൂർ ഫോറൻസിക് ലാബിൽ നിന്ന് ലഭ്യമായ ഫോറൻസിക് പരിശോധന റിപ്പോർട്ടും കുറ്റപത്രത്തിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. കേസിൽ 107 സാക്ഷികളാണുള്ളത്. കുറ്റപത്രം സമർപ്പിച്ച സഹചര്യത്തിൽ പബ്ലിക് പ്രൊസിക്യൂട്ടറെ ലഭ്യമാക്കാനും അന്വഷണ സംഘം ശ്രമം തുടങ്ങി. മൂന്ന് വർഷത്തോളം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാനും മുഖ്യപ്രതിയടക്കമുള്ളവരെ പിടികൂടാനും എൺപത്തി എട്ടാം ദിവസം തന്നെ കുറ്റപത്രം സമർപ്പിക്കാനായതും അന്വേഷണ സംഘത്തിന്റെ മികവാണ്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ മേൽ നോട്ടത്തിൽ നിലമ്പൂർ ഡിവൈഎസ് പി സാജു കെ എബ്രഹാം, നിലമ്പൂർ സിഐ പി.വിഷ്ണുവും അടങ്ങുന്ന സംഘമാണു മേൽനോട്ടത്തിന്റെ ചുമതല വഹിച്ചതെങ്കിലും ഈ കേസിന്റെ അന്വേഷണങ്ങളെല്ലാം നിയന്ത്രിച്ചതും പ്രവർത്തിച്ചതും നിലമ്പൂർ എസ്‌ഐ പി. വിഷ്ണു തന്നെയാണ്. വിഷ്ണുവിന്റെ പൊലീസുകാരനായ പിതാവ് കൃത്യനിർവഹണത്തിനിടെ പ്രതിയുടെ വെടിയേറ്റ് മരിച്ച വ്യക്തിത്വമാണ്. ജോലിയിൽ, പിതാവിന്റെ വഴിയെ തന്നെ സഞ്ചരിക്കാനിറങ്ങുകയായിരുന്നു വിഷ്ണുവും.

വിഷ്ണുവിന്റെ പിതാവ് പി.പി വിജയകൃഷ്ണൻ 2010 സെപ്റ്റംബർ 12നാണ് കൃത്യനിർവഹണത്തിനിടെ ചോക്കാട് പെടയന്താളിൽ വെടിയേറ്റു മരിച്ചത്. മലപ്പുറം കുടുംബക്കോടതിയുടെ അറസ്റ്റു വാറണ്ടുമായി മുജീബ് റഹ്മാനെ പിടികൂടാനെത്തിയതായിരുന്നു അന്നത്തെ കാളികാവ് ഗ്രേഡ് എസ്‌ഐയായിരുന്ന പി.പി വിജയകൃഷ്ണനടക്കമുള്ള പൊലീസ സംഘം. മുജീബ് റഹ്മാന്റെ നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റാണ് വിജയകൃഷ്ണൻ മരിച്ചു വീണത്.

രണ്ടുമക്കളെയും ഭാര്യ ഖൈറുന്നീസയെയും കൂട്ടി കാട്ടിലേക്കു രക്ഷപ്പെട്ട മുജീബ് റഹ്മാൻ പൊലീസ് പിടികൂടുമെന്നായപ്പോൾ ഭാര്യയോടൊപ്പം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. തുടർന്നു പത്തുവയസുകാരനായ ദിൽഷാദും നാലു വയസുകാരി മുഹ്‌സിനയും അനാഥരായി. ഇവരെ ഏറ്റെടുത്ത കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓർഫനേജ് സഹപാഠികളുടെ സഹായത്തോടെ കുട്ടികൾക്ക് വീടു നിർമ്മിച്ചു നൽകിയപ്പോൾ ആ വീടിന്റെ താക്കോൽദാനം നടത്തിയത് ഇവരുടെ പിതാവിന്റെ തോക്കിലെ വെടിയേറ്റ് ജീവൻവെടിഞ്ഞ വിജയകൃഷ്ണന്റെ മകൻ വിഷ്ണുവായിരുന്നു. വിദ്വേഷത്തെ കാരുണ്യംകൊണ്ട് തോൽപ്പിച്ചാണ് അന്ന് വിഷ്ണുമടങ്ങിയത്. പിതാവിന്റെ വഴിയിൽ 2013ൽ കേരള പൊലീസിൽ എസ്‌ഐയായി സേവനം തുടങ്ങിയ വിഷ്ണു നിലവിൽ സിഐയാണ്.

പാരമ്പര്യ വൈദ്യൻ ഷാബാഷരീഫിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്ന് ഒന്നേകാൽ വർഷത്തോളം വീട്ട് തടങ്കലിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഒമ്പത് പേരേയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെ പിടികൂടാനുമുണ്ട്. പ്രതികളെ സഹായിച്ച മൂന്ന് പേരേയും പിടികൂടിയിരുന്നു.
കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹത്തിനായി ചാലിയാർ പുഴയിൽ നാവിക സേനയെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി തിരച്ചിൽ നടത്തിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

എന്നാൽ സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പൊലീസ് പ്രതീക്ഷ. ഷൈബിന്റെ വീട്ടിൽ നിന്നും മൃതദേഹം തള്ളിയ ചാലിയാർ പുഴയുടെ എടവണ്ണ സീതീഹാജി പാലത്തിന് സമീപത്തുനിന്നും കണ്ടെടുത്ത ഫോറൻസിക് തെളിവുകളും നിർണായകമാവുമെന്നാണ് കണക്കുകൂട്ടൽ. മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ്, നവീകരിച്ച ശുചിമുറിയിൽ നിന്ന് നീക്കം ചെയ്ത ടൈൽ, മണ്ണ്, സിമന്റ് എന്നിവയിൽ നിന്നുമായി ലഭിച്ച രക്തക്കറ,ചാലിയാർ പുഴയിൽ തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറിൽ നിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായ നിർണായക തെളിവുകൾ.

കൊല്ലപ്പെട്ട ഷാബാശരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെൻഡ്രൈവും പൊലീസ് ഫോറൻസിക് സംഘത്തിന് കൈമാറുകയും പെൻഡ്രൈവിൽ നിന്ന് ഡിലീറ്റാക്കിയ ദൃശ്യങ്ങൾ തിരിച്ചെടുക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.തട്ടിക്കൊണ്ടുവരാൻ ഉപയോഗിച്ച വാനും ഷാബാ ഷരീഫിന്റെ ഓഡി ക്യൂ 7കാറും തൊണ്ടുമതുലായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മൂലക്കുരുവിന് ഒറ്റമൂലിക ചികിത്സ നടത്തുന്ന മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റിലാണ് തട്ടിക്കൊണ്ടുവന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസ്സിലാക്കി മരുന്നു വ്യാപാരം നടത്തി പണം സമ്പാദിക്കാൻ വേണ്ടിയാണ് മുഖ്യ പ്രതി ഷൈബിന്റെ നിർദ്ദേശ പ്രകാരം കൂട്ടുപ്രതികൾ ഷാബാഷരീഫിനെ തട്ടിക്കൊണ്ടുവന്നത്. എന്നാൽ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാൻ തയ്യാറാകാത്തതിനാൽ ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് പുറംലോകമാറിയാതെ പീഡിപ്പിക്കുകയും 2020 ഒക്ടോബറിൽ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി കാറിൽ കയറ്റി ചാലിയാർ പുഴയിലേക്ക് എറിഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തി.

പൊലീസ് ഇൻസ്‌പെക്ടർ പി വിഷ്ണു , എസ് ഐ മാരായ നവീൻഷാജ്, എം അസ്സൈനാർ, എ എസ് ഐ മാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സതീഷ് കുമാർ,വി കെ പ്രദീപ്,എ ജാഫർ,എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്,അൻവർ സാദത്ത്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.