കൊച്ചി: ഇറച്ചി വെട്ടുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ പ്രധാന കണ്ണി ഷാബിൻ പിടിയിൽ. മറ്റു പ്രതികൾക്കായി കസ്റ്റംസിന്റെ തെരച്ചിൽ തുടരുകയാണ്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ മകനും കേസിലെ പ്രധാന പ്രതിയുമായ ഷാബിന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.

ഇബ്രാഹിം കുട്ടിയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണം ദുബായിൽ നിന്ന് കേരളത്തിലേക്ക് അയച്ച സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ കെ.പിയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമവും തുടങ്ങി. ഈ മാസം 23നാണ് കാർഗോ വിമാനത്തിലെത്തിയ രണ്ടേ കാൽ കിലോ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസിന്റെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ ഒരു കോടിക്കു മുകളിൽ വിലവരും. പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. സിറാജുദ്ദീനുമായി ഷാബിന് അടുത്ത ബന്ധമാണുള്ളത്. കസ്റ്റംസ് കഴിഞ്ഞ ദിവസം ഇബ്രാഹിംകുട്ടിയുടെ വീട് റെയ്ഡ് ചെയ്ത് ലാപ്ടോപ് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ലാപ്ടോപ് പരിശോധിച്ചതിൽ നിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.

ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമെന്നാണ് വിലയിരുത്തൽ. സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ് , തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവർ ചേർന്നാണ് സ്വർണം കടത്തിയത്. ഇതിൽ ഷാബിനാണ് പിടിയിലായത്. പ്രതികൾ മുൻപും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗളൂരു മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മൂന്ന് പേരും ചേർന്നാണ് സ്വർണക്കടത്തിന് പണം മുടക്കിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനായ ഷാബിൻ നഗരസഭയിലെ കരാറുകാരനാണ്. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വർണം വാങ്ങാനായി ഉപയോഗിച്ചു എന്നാണ് കണ്ടെത്തൽ. സിനിമാ നിർമ്മാതാവായ സിറാജ്ജുദ്ദിന്റെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയിരുന്നു. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ. എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടിലും റെയ്ഡ് നടന്നിരുന്നു.

തുരുത്തുമ്മേൽ എന്റർപ്രൈസിന്റെ പേരിൽ നേരത്തെയും ഇത്തരത്തിൽ കാർഗോ എത്തിയിട്ടുണ്ട്. തുരുത്തുമ്മേൽ എന്റർ പ്രൈസസിന്റെ പേരിലാണ് ഇറച്ചി മുറിക്കുന്ന യന്ത്രം എത്തിച്ചത്. കമ്പനിയിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. തുടർന്നാണ് ഇബ്രാഹിം കുട്ടിയുടെ വീട് പരിശോധിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണ് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടിയത്.

ദുബായിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേകാൽ കിലോ സ്വർണ്ണമാണ് കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംഭവത്തിൽ പാഴ്സൽ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു.