- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ആദ്യമായി വനിതാ മുഖ്യമന്ത്രി; അമ്പത് ശതമാനം സ്ത്രീകളും ട്രാൻസ് ജെൻഡറും ആദിവാസിയുമടക്കം 18 മന്ത്രിമാർ; ബദൽ ബജറ്റുമായി നിഴൽ മന്ത്രിസഭയുടെ ആദ്യയോഗം ഇടപ്പള്ളി മൂഴിക്കുളംശാലയിൽ ചേരുമ്പോൾ അത് ചരിത്രമുഹൂർത്തമാകുമെന്ന് അനിൽ ജോസ്
ഇന്ത്യയിൽ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത് ഇംഗ്ലണ്ടിൽ നിന്നാണെന്നും, ലോകത്തിൽ പലയിടത്തും ഈ രീതി ആണെന്നും നമുക്കറിയാം. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയിൽ ഇനിയും എന്തൊക്കെ കൂടി ചേർക്കണമായിരുന്നു എന്ന അന്വേഷണമാണ്, ഇതെങ്ങനെ ഒക്കെ നവീകരിക്കാം എന്ന ചിന്തയാണ്, നിഴൽ മന്ത്രിസഭ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഇഗ്ലണ്ടിൽ, തുടങ്ങിയ Shadow cabinet, അഥവാ, shadow front bench അവിടെ ജനാധിപത്യത്തിന്റെ കാവലാളാകുന്നതിനു പ്രയോജനം ചെയ്യുന്നുണ്ട്. ആദ്യം ഇതിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം. 1905 ൽ ഇഗ്ലണ്ടിലാണ് ഇത്തരം ഒരു സംവിധാനം നിലവിൽ വന്നത്. തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടി, ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്താനും, പിന്തുടരാനും, ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണ് ഇത്തരം ഒരു സംവിധാനം തുടങ്ങുന്നത്. തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും, എന്ന് ജനങ്ങൾക്ക് സൂചന കൊടുക്കാനും, തങ്ങളുടെ നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ, ഭരണപരിചയം കിട്ടാനും, തങ്ങളുടെ ടീമിനെ ജനങ്ങൾക്ക് പരിചയപ
ഇന്ത്യയിൽ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത് ഇംഗ്ലണ്ടിൽ നിന്നാണെന്നും, ലോകത്തിൽ പലയിടത്തും ഈ രീതി ആണെന്നും നമുക്കറിയാം. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയിൽ ഇനിയും എന്തൊക്കെ കൂടി ചേർക്കണമായിരുന്നു എന്ന അന്വേഷണമാണ്, ഇതെങ്ങനെ ഒക്കെ നവീകരിക്കാം എന്ന ചിന്തയാണ്, നിഴൽ മന്ത്രിസഭ എന്ന ആശയത്തിലേക്ക് എത്തിച്ചത്.
ഇഗ്ലണ്ടിൽ, തുടങ്ങിയ Shadow cabinet, അഥവാ, shadow front bench അവിടെ ജനാധിപത്യത്തിന്റെ കാവലാളാകുന്നതിനു പ്രയോജനം ചെയ്യുന്നുണ്ട്. ആദ്യം ഇതിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം.
1905 ൽ ഇഗ്ലണ്ടിലാണ് ഇത്തരം ഒരു സംവിധാനം നിലവിൽ വന്നത്. തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടി, ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്താനും, പിന്തുടരാനും, ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണ് ഇത്തരം ഒരു സംവിധാനം തുടങ്ങുന്നത്. തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും, എന്ന് ജനങ്ങൾക്ക് സൂചന കൊടുക്കാനും, തങ്ങളുടെ നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ, ഭരണപരിചയം കിട്ടാനും, തങ്ങളുടെ ടീമിനെ ജനങ്ങൾക്ക് പരിചയപ്പെടുത്താനും, ഇത് ഉപയോഗിച്ചു തുടങ്ങി. മന്ത്രിമാരെ സഹായിക്കാൻ, മറ്റു സംവിധാനങ്ങളും അവിടെ ഉണ്ട്. ഉദാ: അറ്റോർണിസ ജനറൽ, ചീഫ് സെക്രട്ടറി തുടങ്ങിയവരും നിഴൽ സംവിധാനത്തിൽ പ്രവർത്തിക്കുന്നു.
ശ്രീലങ്കയിലെ തമിൾ ഈഴം പ്രവർത്തകരും മാലദീവിലെ വിമതരും ലണ്ടനിൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കി, തങ്ങളുടെ സ്വരം ലോകത്തെ കേൾപ്പിച്ചിട്ടുണ്ട്. അതുപോലെ, ഇഗ്ലണ്ടിൽ തന്നെ, വിമത പ്രതിപക്ഷ അംഗങ്ങൾ, 'Shadow shadow cabinet' ഉം പരീക്ഷിച്ചിട്ടുണ്ട്. പല സ്ഥലത്തും ഭരണപക്ഷം ഉണ്ടാക്കുന്ന മന്ത്രിസഭയേക്കാളും, ജനങ്ങൾ ശ്രദ്ധിക്കുന്ന രീതിയിൽ നിഴൽ മന്ത്രിസഭകൾ പ്രവർത്തിച്ചിട്ടുണ്ട്. ടോണി ബ്ലെയർ ഇംഗ്ലണ്ടിൽ പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് നിഴൽ മന്ത്രിസഭയിൽ തിളങ്ങിയിരുന്നു.
സാധാരണ ഗതിയിൽ, പ്രധാന പ്രതിപക്ഷമാണ് നിഴൽ മന്ത്രിസഭ ഉണ്ടാക്കുക. അവർക്ക് ആവശ്യമായ രേഖകളും, പണവും, സർക്കാർ തന്നെ ആണ് ഒരുക്കുക. മറ്റുള്ള പാർട്ടികൾക്കും, വിദഗ്ദർക്കും ഇത്തരം സംവിധാനം പരീക്ഷിക്കാമെങ്കിലും, യാതൊരു വിധ സഹായമോ, പിന്തുണയോ സർക്കാരിൽ നിന്ന് ലഭിക്കില്ല. അമേരിക്കയിൽ, ട്രംപ് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ, വിദഗ്ദരുടെ നേതൃത്വത്തിൽ, ഇത്തരമോരു പരീക്ഷണം 2017 ൽ ആരംഭിച്ചിട്ടുണ്ട്.
ലോകത്ത് ഇന്ന് നിലവിലുള്ളതോ, ഉണ്ടായിരുന്നതോ ആയ നിഴൽ മന്ത്രിസഭകളെക്കുറിച്ചു നമുക്കൊന്ന് പരിശോധിക്കാം. വ്യവസ്ഥകളിലും, അധികാരങ്ങളിലും, വ്യത്യാസമുണ്ടാകുമെങ്കിലും, ഒരു പൊതു തത്ത്വം എന്ന നിലയിൽ, ഒരു ഏകദേശ രൂപം ഇതിൽ നിന്നുണ്ടാക്കാം.
ഇന്ത്യയിലും ഇത്തരം ചിന്തകളൊക്കെ വന്നു തുടങ്ങിയിരിക്കുന്നു. യാതൊരു വിധ ഔദ്യോഗിക സഹായമോ, അംഗീകാരമോ ഇല്ലാതെ ആണ് അത്തരം ചിന്തകൾ ഉടലെടുത്തത്. പ്രത്യേക രേഖകളോ വാർത്തകളോ ഇല്ലാതെ രാജീവ് ഗാന്ധി 1990 ൽ, കുറച്ചു കാലത്തേക്ക്, Kitchen cabinet നടത്തിയിരുന്നതൊഴിച്ചാൽ, രേഖകൾ അനുസരിച്ച്, ഇന്ത്യയിൽ ആദ്യമായി മഹാരാഷ്ട്രയിലാണ്, 2005 ജനുവരിയിൽ, BJP യും ശിവസേനയും കൂടി വിലാസ്‌റാവു ദേശ്മുഖ് നയിച്ചിരുന്ന കോൺഗ്രസ് സർക്കാരിനെ നിരീക്ഷിക്കാനായി, നാരായണ റാണെയുടെയും ഗോപിനാഥ് മുണ്ടെയുടെയും നേതൃത്വത്തിൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കിയത്.
പിന്നീട് 2014 ൽ മധ്യപ്രദേശിൽ കോൺഗ്രസും, 2015 ൽ, ഗോവയിൽ, ആം ആദ്മി പാർട്ടിയും, GenNext എന്ന NGO യും, നിഴൽ മന്ത്രിസഭ ഉണ്ടാക്കി. 2014 ൽ കേന്ദ്ര സർക്കാരിനെ നിരീക്ഷിക്കാൻ ഉണ്ടാക്കിയ ഒരു നിഴൽ സംവിധാനം ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ആം ആദ്മി സർക്കാരിനെ നന്നാക്കാനായി, 2015 ൽ BJP യും, കോൺഗ്രസും ഓരോ നിഴൽ മന്ത്രിസഭാ ഉണ്ടാക്കിയിട്ടുണ്ടത്രേ. അതു പോലെ, ഡൽഹിയിലെ മൂന്നു മുനിസിപ്പൽ കോർപ്പറേഷനുകളിലും ആം ആദ്മി പാർട്ടി ഓരോ നിഴൽ കോർപ്പറേഷൻ ഉണ്ടാക്കി പ്രവർത്തിച്ചു വരുന്നു.
ഇന്ത്യയിൽ/ കേരളത്തിൽ ഒരു നിഴൽ മന്ത്രിസഭ അത്യാവശ്യമാണെന്ന് മനസിലാക്കാൻ, അതുകൊണ്ടുള്ള ഗുണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി.
- സർക്കാരിന്റെ നയങ്ങളെക്കുറിച്ചും, പ്രവർത്തികളെക്കുറിച്ചും, കൃത്യമായി പിന്തുടരാനാകുന്നു.
- സർക്കാരിന്റെ നയങ്ങളെ, ആ വിഷയത്തിൽ വിദഗ്ദരായ ആളുകൾ വിലയിരുത്തുന്നു.
- സർക്കാരിന്റെ നയങ്ങൾക്ക് ജനകീയ ബദലുകൾ അന്വേഷിക്കുന്നു.
- സർക്കാരിനെ മനുഷ്യ പക്ഷത്തുനിന്നു ഉപദേശിക്കുന്നു.
- ആവശ്യമായ സമയത്ത് വേണ്ട പരിഷകാരങ്ങളെക്കുറിച്ചു മുൻകൂട്ടി ഉപദേശിക്കുന്നു.
- സർക്കാരിന്റെ നയങ്ങളെ, നേർവഴി നയിക്കാൻ ഉപയോഗിക്കാം.
- ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ, ലളിതമായി വിശദീകരിക്കാൻ കഴിയുന്നു.
- സർക്കാർ നടപടികളുടെ/ നയങ്ങളുടെ ശരിയായ ഉപഭോക്താക്കളെ മനസ്സിലാക്കാൻ സഹായിക്കുന്നു.
- സർക്കാർ നടപടികളുടെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണ പൗരന്മാരിൽ ഉണ്ടാക്കുന്നു.
- പ്രധാനപ്പെട്ട നയങ്ങളെക്കുറിച്ചു ക്രിയാത്മക ചർച്ചകൾക്ക് സഹായിക്കുന്നു.
- വ്യത്യസ്ത ആശയക്കാരുടെ ചർച്ചകളിലൂടെ കൂടുതൽ വ്യക്തത ഉണ്ടാകുന്നു.
ഇനിയും നിഴൽ മന്ത്രിസഭാ വൈകിക്കൂടെന്നു നമ്മളെ ഓർമ്മിപ്പിക്കുവാൻ, ഇന്ത്യയിലെ കാര്യങ്ങൾ, പ്രത്യേകിച്ച് കേരളത്തിലെ അവസ്ഥയിൽ, നാം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
- നാടിന്റെ വലിപ്പവും, ആളുകളുടെ വ്യത്യസ്തതയും മൂലം, ഏതൊരു വിഷയത്തിലോ, വകുപ്പിലോ മൂന്നരക്കോടി ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ, ഒരു മന്ത്രി എത്രമാത്രം പ്രായോഗികമാണ് ?
- ഓരോ വിഷയങ്ങളെയും, കൃത്യതയോടെ പിന്തുടരാനും, അതിന്റെ ഫലം അനുഭവപ്പെടുന്നത് വരെ കൂടെ നില്ക്കാനും, കാക്കത്തോള്ളായിരം കാര്യങ്ങൾക്കിടയിൽ, മന്ത്രിമാർക്ക് പറ്റുമോ?
- തിരക്കിട്ടോടിക്കൊണ്ടിരിക്കുന്ന മന്ത്രിമാരെ, ജനങ്ങൾക്ക്, അവരുടെ അത്യാവശ്യമുള്ള എല്ലാ കാര്യങ്ങൾക്കും കാണാനോ, സംസാരിക്കാനോ പറ്റുമോ?
- പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങൾക്കും, ഭരണ പരിചയത്തിനുള്ള അവസരം ഉണ്ടാകണ്ടേ?
- ഭരണപക്ഷം കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കണ്ടേ ?
- പൊതു ഖജനാവിലെ പണം ഏറ്റവും മൂല്യത്തോടെ ഉപയോഗിക്കാൻ വ്യത്യസ്തമായ നിരീക്ഷണ സ്ഥാപനങ്ങൾ ഉണ്ടായിരിക്കുന്നത് നന്നല്ലേ?
- അധികാരത്തിന്റെ ഏതു തരത്തിലുള്ള വികേന്ദ്രീകരണവും പ്രോൽസാഹിക്കപ്പെടേണ്ടതല്ലേ?
- നല്ല ഭരണാധികാരികളെ കണ്ടെത്താനും, അവരെ തങ്ങളുടെ ഭരണം ഏൽപ്പിക്കാനും, ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന എളുപ്പമുള്ള ഈ ആയുധം, താരതമ്യേന ലളിതമാണ്.
- ജനപക്ഷത്തു നിന്ന് കൊണ്ട്, ജനനന്മ ലാക്കാക്കി പ്രവർത്തിക്കാൻ, ഭരണത്തിൽ ഇരിക്കുന്നവർ നിർബന്ധിതരാകും.
- കൂടുതൽ ക്രിയാത്മകമായി വിഷയത്തിലൂന്നി ചർച്ച നടക്കുന്നു.
- നിയമസഭയുടെ സമയം, കൂടുതൽ പ്രയോജനകരമായി ഉപയോഗിക്കപ്പെടുന്നു.
- വ്യത്യസ്ത കോണുകളിലൂടെ, സർക്കാർ നയങ്ങളെ വിലയിരുത്താൻ സാധ്യത കൂടുന്നു.
- സർക്കാർ നയങ്ങൾ, കൂടുതൽ ആളുകൾക്ക് പ്രയോജനകരമായ രീതിയിൽ, നടപ്പിലാക്കാനുള്ള സാധ്യത ഉരുത്തിരിയുന്നു.
- ജനാധിപത്യം കൂടുതൽ ശക്തിപ്പെടുന്നു.
2017 നവംബർ 1 മുതൽ എറണാകുളം ജില്ലയിലെ മൂഴിക്കുളംശാലയിൽ തുടങ്ങിയ ആലോചനയോഗങ്ങൾ വഴി നിഴൽ മന്ത്രിസഭ എന്ന ആശയം കേരളത്തിലും രൂപപ്പെടുകയാണ്. ഇതുവരെ നടന്ന പത്തോളം ശില്പശാലകളും ആലോചന യോഗങ്ങളും, നിഴൽ മന്ത്രിസഭയുടെ പ്രായോഗിക രൂപം ഉണ്ടാക്കുന്ന പ്രവർത്തനത്തിലേക്ക് മുന്നേറുകയാണ്. വോട്ടേർസ് അലയൻസ്, ജനാരോഗ്യ പ്രസ്ഥാനം, ഗാന്ധിയൻ കൂട്ടായ്മ, ഹുമൻ വൽനസ് സ്റ്റഡി സെന്റർ എന്നീ സംഘടനകൾ ഇക്കാര്യത്തിനായി യോജിച്ചു പ്രവർത്തിക്കുന്നു. കേരളത്തിലെ മറ്റു പല സംഘടനകളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ, പതിനെട്ടു മന്ത്രിമാരുള്ള ഒരു മന്ത്രിസഭ ആണ് നിലവിൽ ഉള്ളത്. അതിനാൽ, 18 നിഴൽ മന്ത്രിമാരായിരിക്കും, നിഴൽ മന്ത്രിസഭയിലും ഉണ്ടാകുക. ഒരു മാതൃക മന്ത്രിസഭാ എങ്ങനെ ആയിരിക്കണമെന്ന സന്ദേശം നല്കാനായി, കേരളത്തിലെ 50 ശതമാനത്തിലേറെ ഉള്ള സ്ത്രീകളെ പ്രതിനിധീകരിക്കാൻ 50 ശതമാനം സ്ത്രീകളും, ഒരു ട്രാൻസ്‌ജെന്ററും, ഒരു ഭിന്ന ശേഷിയുള്ള വ്യക്തിയും, ഒരു കാനനവാസിയും ഈ നിഴൽ മന്ത്രി സഭയിൽ ഉണ്ടാകും. കേരളത്തിൽ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രി ആയിരിക്കും നിഴൽ മന്ത്രിസഭയെ നയിക്കുക. ഏപ്രിൽ 28നു എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ പാർക്കിൽ, ഇന്ത്യക്കകത്തു നിന്നും, പുറത്തു നിന്നുമുള്ള പൗര പ്രമുഖരുടെ സാന്നിധ്യത്തിൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമ്പോൾ, ആ ചരിത്രമുഹൂർത്തത്തിന് സാക്ഷി ആകാനും, ഈ നവ സംവിധാനത്തെ നേർ വഴിക്ക് നയിക്കാനും, കേരളത്തിന്റെ കാര്യങ്ങളിൽ ഗൗരവമായി താല്പര്യമുള്ള, എല്ലാ മനുഷ്യരെയും സ്വാഗതം ചെയ്യുന്നു
ഇന്ത്യയുടെ ഭരണഘടനയിൽ അധിഷ്ടിതമായി, അഹിംസയിൽ ഊന്നി, മതേതര കാഴ്ചപ്പാടുള്ള, ജനാധിപത്യത്തെ ബഹുമാനിക്കുന്ന, ആർക്കും, ഈ മന്ത്രിസഭയിൽ അംഗമാകാം. ഉത്തരവാദിത്തത്തോടെ ജനങ്ങൾക്കായി, പ്രകൃതിക്കായി, നമുക്കായി ജോലി ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കിൽ, നല്ലൊരു നിഴൽ മന്ത്രി ഉണ്ടാകുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ആലോചിച്ചു, അന്വേഷിച്ചു, നിലവിൽ മന്ത്രി ആകാൻ സന്നദ്ധരായ 40 പേരുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവർക്ക് കാര്യങ്ങൾ മനസിലാക്കാനും, ഉത്തരവാദിത്തങ്ങളെ പരിചയപ്പെടാനുമുള്ള ശില്പശാലകളുടെ തിയ്യതിയും വിഷയവും താഴെ കൊടുക്കുന്നു.
മാർച്ച് 18: (ബജറ്റിന്റെ ഉള്ളുകള്ളികൾ)
മാർച്ച് 23, 24: (കേരളത്തിനൊരു ജനകീയ ബജറ്റ്)
ഏപ്രിൽ 7, 8: (വകുപ്പുകളെ പരിചയപ്പെടാം)
ഏപ്രിൽ 13, 14: (വകുപ്പുകളിലെ മുൻഗണന ക്രമത്തെക്കുറിച്ചുള്ള ചർച്ചകൾ)
ഏപ്രിൽ 21, 22: (മന്ത്രിമാരുടെ മാതൃക പെരുമാറ്റ ചട്ടം)
ഈ ശില്പശാലകളിലൂടെ, സ്വയം കാര്യങ്ങൾ മനസ്സിലാക്കി, ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു 18 പേർ ഇന്ത്യയിലെ ആദ്യത്തെ ഗൗരവപൂർണ്ണമായ നിഴൽ മന്ത്രിസഭ രൂപീകരിക്കുമ്പോൾ, വലിയ പ്രതീക്ഷകൾ ആണ് ജനങ്ങൾക്ക് ഉള്ളത്. ജനകീയ സമരങ്ങളോടുള്ള സർക്കാരിന്റെ നിലപാടുകൾ, സർക്കാരിന്റെ മുൻഗണന ക്രമങ്ങൾ, ഇന്നിന്റെ വെല്ലുവിളികളുടെ യാഥാർത്ഥ്യബോധം ഉൾക്കൊണ്ട്, മനുഷ്യരുടെ ആരോഗ്യത്തിന്റെ പ്രാഥമീക ആവശ്യങ്ങളായ ശുദ്ധ വായു, ഗുണമേന്മയുള്ള കുടിവെള്ളം, സമീകൃതവും, പോഷക സംപുഷ്ടവുമായ ആഹാരം, ആവശ്യത്തിനുള്ള വ്യായാമം എന്നിവ ലഭ്യമായ, പൊതു സ്വത്തായ മണ്ണും, വെള്ളവും, വായുവും മലിനപ്പെടുത്താത്ത, കാടു നശിപ്പിക്കാത്ത, ഇന്നാട്ടിനു ആവശ്യമായ കാർഷിക ഉൽപ്പന്നങ്ങൾ ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്ന, കർഷകർക്ക് അവരർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്ന, നല്ല മനുഷ്യരെ ഉൽപ്പാദിപ്പിക്കുന്ന മികച്ച വിദ്യാഭ്യാസം സാധ്യമാക്കുന്ന, ഓരോ മനുഷ്യർക്കും, അവരവരുടെ തിരഞ്ഞെടുപ്പു കണക്കനുസരിച്ചു മാന്യമായി ജീവിക്കാവുന്ന, കൃഷിയിൽ താല്പര്യമുള്ളവർക്കെല്ലാം, കൃഷിയോഗ്യമായ ഭൂമി ലഭ്യമായ, വീടില്ലാത്തവർക്കെല്ലാം, വാസയോഗ്യമായ പാർപ്പിടങ്ങൾ ലഭ്യമായ, അഭിരുചിക്കനുസരിച്ചുള്ള മാന്യമായ തൊഴിൽ എല്ലാവർക്കും ലഭ്യമായ, പരസ്പര ബഹുമാനത്തോടെ എല്ലാവരുടെയും പൗരാവകാശങ്ങളെ ബഹുമാനിക്കുന്ന ഒരു പുത്തൻ കേരളത്തിനായി, നമ്മളാലാവുന്നത് ചെയ്യാൻ, നിഴൽ മന്ത്രിസഭയെ നമ്മൾ മുന്നോട്ടു നയിക്കേണ്ടതുണ്ട്. സർക്കാരും മാധ്യമങ്ങളും ശ്രദ്ധിക്കുന്ന രീതിയിൽ, ജനങ്ങളുടെ ശബ്ദമായി നിഴൽ മന്ത്രിസഭ ജനങ്ങൾക്കൊപ്പം ഉണ്ടാകും.
Next Story