- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ കത്തെഴുത്ത് ചെന്നിത്തലയും ചാണ്ടിയും അറിയാതെ; ലക്ഷ്യമിട്ടത് ഷാഫിയെ കെസി-വിഡി-കെഎസ് ഗ്രൂപ്പിൽ നിന്നും അകറ്റാൻ; മണർകാട്ടുകാരനായ മുംബൈയിലെ നേതാവിനെ കുറ്റപ്പെടുത്തിയതിന് കാരണം അജ്ഞാതം; 20 പേർ ഒപ്പിട്ട ആ പരാതി തള്ളി ഹൈക്കമാണ്ട്; കേരളത്തിലെ യൂത്ത് കോൺഗ്രസിനെ ഷാഫി തന്നെ നയിക്കും
ന്യൂഡൽഹി: കേരളത്തിലെ യൂത്ത് കോൺഗ്രസിലും പടലപ്പിണക്കം. ഭാരവാഹികളെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് വീതംവെപ്പിലൂടെയാണെന്നുകാട്ടി അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരേ ഇരുപതോളം സംസ്ഥാന ഭാരവാഹികൾ ഒപ്പിട്ട് പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്ക് പരാതി നൽകിയത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയാതെയെന്ന് സൂചന. അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഷാഫിയെ മാറ്റില്ലെന്ന വ്യക്തമായ സൂചന കോൺഗ്രസ് ഹൈക്കമാണ്ട് നൽകിയിട്ടുണ്ട്.
ഷാഫിക്കെതിരായ ഒപ്പു ശേഖരണം ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഞെട്ടിച്ചിട്ടുണ്ട്. യുത്ത് കോൺഗ്രസിന്റെ സംസ്ഥാന സമിതിയിൽ നൂറോളം പേരാണ് ഉള്ളത്. ഇതിൽ എഴുപതോളം പേർ രമേശ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും ആളുകളാണ്. എന്നാൽ കത്തിൽ ഒപ്പിട്ടത് 20 പേർ മാത്രം. ഈ കത്തും ഗ്രൂപ്പുകൾക്ക് തിരിച്ചടിയാകുമെന്ന പൊതു വിലയിരുത്തലുണ്ട്. ചെന്നിത്തലയോട് ചേർന്ന് നിൽക്കുന്ന മിക്കവരും ഷാഫിക്കെതിരായ കത്തിൽ ഒപ്പിട്ടില്ല. ഷാഫിയോട് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും താൽപ്പര്യക്കുറവുണ്ട്. ഇത് മനസ്സിലാക്കി നടന്ന ഒറ്റപ്പെട്ട നീക്കമാണ് ഈ കത്തെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
കേരളത്തിന്റെ ചുമതലയുള്ള ഐ.വൈ.സി. ജനറൽ സെക്രട്ടറി അബ്രഹാം റോയ് മാണിയും വീതം വെപ്പിനെ പിന്തുണയ്ക്കുന്നതായാണ് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പരാതി നൽകിയത്. പുതിയ കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽനിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഷാഫി പറമ്പിലും റോയ് മാണിയും സംഘടനയെ പിന്നോട്ടടിപ്പിക്കുകയാണെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഈ കത്ത് ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
നിലവിൽ വിഡി-സുധാകരൻ ക്യാമ്പിനൊപ്പമാണ് ഷാഫി പറമ്പിൽ. ഈ സമവാക്യത്തിനൊപ്പം നിൽക്കുന്ന ഷാഫിയെ കുറ്റപ്പെടുത്താൻ വിഡി-സുധാകരൻ ടീമിനെ പുകഴ്‌ത്തുന്നുവെന്നതാണ് വസ്തുത. ഷാഫിയെ വിഡി-സുധാകരൻ ക്യാമ്പിൽ നിന്ന് അകറ്റാനാണ് ഈ ഗൂഢാലോചനയെന്ന സംശയം ശക്തമാണ്. മുംബൈയിലെ മലയാളി നേതാവാണ് അബ്രഹാം റോയ് മാണി. ഈസ്റ്റ് മുംബൈയിലെ ഡിസിസി അധ്യക്ഷൻ. മണർകാടുകാരനായ ഈ നേതാവിനേയും ആരോപണ നിഴലിൽ നിർത്തുന്നതാണ് കേരളത്തിലെ ഗ്രൂപ്പ് പോര്.
കേന്ദ്ര പ്രതിനിധിയെന്ന നിലയിൽ നിഷ്പക്ഷതയോടെ ഇടപെടേണ്ട റോയ് മാണി സ്വജനപക്ഷപാതം കാട്ടുന്നുവെന്നാണ് ആരോപണം. സ്വന്തം നാട്ടിൽ ചുമതല നൽകരുതെന്ന കീഴ്‌വഴക്കം റോയിയുടെ നിയമനകാര്യത്തിൽ ലംഘിച്ചു. സംഘടനയുടെ ചരിത്രത്തിൽ ഇല്ലാത്ത നടപടിയാണിത്. ഇദ്ദേഹം ഗ്രൂപ്പ് നോമിനിയെ പോലെയാണ് പ്രവർത്തിക്കുന്നത്. ഈ നിയമനത്തിനുമുന്നേ ചില മേഖലകളിൽനിന്നുള്ള ഭാരവാഹികളുടെ അഭിപ്രായംപോലും ചോദിച്ചില്ല. ഷാഫിയും റോയിയും ചേർന്ന് മറ്റു ഭാരവാഹികളുടെയെല്ലാം നിർദ്ദേശങ്ങൾ തള്ളുകയാണ്. ഇരുവരും ചേർന്ന് ഭാരവാഹികളെയെല്ലാം ഗ്രൂപ്പടിസ്ഥാനത്തിൽമാത്രം നിശ്ചയിക്കുന്നു.
കോൺഗ്രസ് നേതൃത്വത്തിലും ഹൈക്കമാൻഡിലും വിശ്വസിച്ച് ഗ്രൂപ്പില്ലാതെ പ്രവർത്തിക്കുന്നവർക്കൊന്നും യുവജനസംഘടനയിൽ സ്ഥാനമില്ല. കഴിവുള്ളവരെല്ലാം അവഗണിക്കപ്പെടുകയാണ്. അതിനാൽ ഇക്കാര്യത്തിൽ രാഹുൽ ഉടൻ ഇടപെടണമെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
നേരത്തേ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ ദേശീയവക്താവായി നിയമിച്ചപ്പോൾ ഷാഫി ഇടപെട്ടാണ് പട്ടിക മരവിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്നും സംഘടനയ്ക്കുള്ളിൽ ഷാഫിക്കെതിരേ ചിലർ പരാതിയുമായി എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ