തിരുവനന്തപുരം: കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ നിലനിൽക്കുന്നതെന്ന് സിപിഎം മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴുമായി ചർച്ച നടത്താൻ മന്ത്രിമാർ തയ്യാറാകാത്ത സാഹചര്യത്തെ കുറിച്ചാണ ്ഷാഫി വിമർശനം ഉന്നിയിച്ചത്. ഉദ്യോഗസ്ഥരെയാണ് ചർച്ചക്ക് സർക്കാർ നിയോഗിച്ചിരിക്കുന്നത്.

മന്ത്രിമാരുൾപ്പെടെയുള്ള ആളുകളായിരുന്നു ഉദ്യോഗാർഥികളോടാണ് ചർച്ചചെയ്യേണ്ടിയിരുന്നത്. ചർച്ചയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം ബാക്കി പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപതോളം മന്ത്രിമാരും മുഖ്യമന്ത്രിയും ഉണ്ടായിട്ടും അതിലൊരാൾക്ക് പോലും ഇത്ര ജനുവിനായ ഒരു വിഷയത്തെ സംബന്ധിച്ച് ചർച്ചനടത്താൻ അഞ്ചുമിനിട്ടുപോലും നീക്കിവയ്ക്കാൻ പറ്റില്ലെങ്കിൽ കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ നടക്കുന്നത് എന്ന് സിപിഎം മറുപടി പറയണം.

ഉദ്യോഗാർഥികളോട് മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത അലിവ് ഉദ്യോഗസ്ഥർക്കെങ്കിലും തോന്നുമെന്ന് പ്രതീക്ഷിക്കുന്നു. തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറാകണം. പ്രായോഗികമായ നിർദേശങ്ങൾ സർക്കാരിന് മുന്നിൽ വയ്ക്കുകയും പരസ്യപ്പെടുത്തുകയും വേണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഒരു ചർച്ചയ്ക്കുമില്ല എന്ന നിലപാടിൽ നിന്ന് സർക്കാരിന് പിന്നോട്ടുപോകേണ്ടിവന്നു. ഇനിയും പല കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോകേണ്ടിവരും. യുവജന മുന്നേറ്റത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഉദ്യോഗാർഥികളോട് ഐക്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് നിരാഹാര സമരം ഏഴുദിവസം പിന്നിട്ടെന്നും പ്രശ്നപരിഹാരം ആകുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.