തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഏഴാം ദിവസവും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സമരങ്ങളെ നിഷ്ഠൂകമായാണ് പൊലീസ് ആക്രമിക്കുന്നത്. കണ്ണും തലയും അടിയേറ്റ് തകർന്ന പ്രവർത്തകരുടെ ചിത്രങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു ഷാഫിയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ സമരം നടന്നത്. പൊലീസ് ആസ്ഥാനം സമരവേദിയായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എംഎൽഎമാരെ നീക്കം ചെയ്തു. പൊലീസ് ആസ്ഥാനത്തെ ഗേറ്റ് തുറന്നുകിടന്നിട്ടും നേതാക്കൾ അകത്ത് കയറി സമരം ചെയ്യാൻ ശ്രമിച്ചില്ല.

സമരം ചെയ്യുന്നവരെ അക്രമിക്കാൻ സർക്കാർ പൊലീസിന് ക്വട്ടേഷൻ നൽകിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. കേരളത്തിൽ സമാനതകളില്ലാത്ത ക്രൂരതകളാണ് പൊലീസ് നടപടിയുടെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രവർത്തകരുടെ കണ്ണും തലയും അടിച്ചുപൊട്ടിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നും പൊലീസ് ആസ്ഥാനത്തിനുമുന്നിൽ നടന്ന പ്രതിഷേധത്തിൽ അദ്ദേഹം പറഞ്ഞു. കണ്ണും തലയും അടിയേറ്റ് തകർന്ന പ്രവർത്തകരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

‘എവിടെയാണ് അടിക്കുന്നത്. കണ്ണടിച്ച് പൊട്ടിക്കുകയാണ്. പിണറായിയെ പ്രതീപ്പെടുത്താനാണ് ഇതെല്ലാം. നിങ്ങൾക്ക് പിണറായിയെ പേടി കാണും ഞങ്ങൾക്ക് അതില്ല..' പിടിച്ചുമാറ്റാൻ എത്തിയ പൊലീസുകാരോട് ഷാഫിയുടെ വാക്കുകൾ. ‘ഈ വണ്ടി ഇൗ വഴിയേ പോകൂ എന്നുണ്ടോ. റിവേഴ്സെടുത്ത് തിരിച്ചുവിട്ടോ. ഞങ്ങൾ എഴുന്നേൽക്കില്ല.. അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കിക്കോ' സമരത്തിന് ഇടയിലൂടെ പൊലീസ് വാഹനം എത്തിച്ച് പ്രകോപിപ്പിക്കാൻ നടത്തിയ പൊലീസിന്റെ നീക്കത്തെ പരാജയപ്പെടുത്തി ശബരിനാഥന്റെ വാക്കുകൾ. ഇത്തരത്തിൽ അപ്രതീക്ഷിത സമരത്തിനാണ് പൊലീസ് ആസ്ഥാനം സാക്ഷിയായത്.

കള്ളക്കടത്ത് സംഘങ്ങളുടെ സ്വാധീനത്തിൽ നിന്നും ജനശ്രദ്ധതിരിക്കാൻ പച്ചയ്ക്ക് വർഗീയത പറയുകയാണ് സിപിഎം. സംഘികൾ തോൽക്കുന്ന വർഗീയതയാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ഖുർആനെ കള്ളക്കടത്തിൽ മറയാക്കുന്ന പ്രവർത്തനമാണ് മന്ത്രി ജലീലും സിപിഎമ്മും സർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരിനെതിരായ പ്രതിഷേധം തുടരുകതന്നെ ചെയ്യുമെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.